തൃശ്ശൂർ : ആന്ധ്രപ്രദേശിൽ കഞ്ചാവ് തോട്ടങ്ങൾക്കെതിരേ ശക്തമായ നടപടി തുടങ്ങിയതോടെ കേരളത്തിലേക്കുള്ള കഞ്ചാവുവരവ് ഗണ്യമായി കുറഞ്ഞു. കഞ്ചാവ് കൊണ്ടുവരാൻ പുറപ്പെട്ട പലസംഘങ്ങളും വെറും കൈയോടെ മടങ്ങുകയായിരുന്നുവെന്ന് ഇവരെ പരിശോധിച്ച കേരളത്തിലെ എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നു. പലരും ദിവസങ്ങളോളം ആന്ധ്രയിൽ കാത്തിരുന്നശേഷമാണ് തിരിച്ചുപോരുന്നത്. ആന്ധ്രയിൽനിന്നുള്ള വരവുനിലച്ചതോടെ കേരളത്തിൽ കഞ്ചാവിന് വലിയ ഡിമാന്റായെന്നും പറയുന്നു.
കേന്ദ്ര ഏജൻസികളും സംസ്ഥാന പോലീസും ആന്ധ്രയിലെ നിരവധി കഞ്ചാവുതോട്ടങ്ങൾ നശിപ്പിച്ചു. കൃഷിക്കാരിൽ പലരെയും അറസ്റ്റുചെയ്തു. ഇതിൽ നല്ലൊരുശതമാനം മലയാളികളാണ് എന്ന സൂചനയും എക്സൈസിന് കിട്ടിയിട്ടുണ്ട്. മുമ്പ് ഇടുക്കിയിലും മറ്റും കഞ്ചാവ്തോട്ടങ്ങൾ നടത്തിയിരുന്നവർ നടപടി ശക്തമായപ്പോൾ ആന്ധ്രയിലേക്കാണ് കുടിയേറിയിരുന്നത്.
നിയമനടപടികൾക്കുപുറമേ കാലാവസ്ഥയും കഞ്ചാവിന്റെ ലഭ്യത കുറയാൻ കാരണമായി. കനത്തമഴമൂലം സംഭരിച്ചുവെച്ചിരുന്ന കഞ്ചാവ് കേടായിപ്പോയതായും വിവരമുണ്ട്. കൂടാതെ ചെടികളെയും ഇതു ബാധിച്ചു. ഒരുമാസത്തോളമായി കഞ്ചാവിന്റെ വരവ് കുറഞ്ഞിട്ടുണ്ടെന്നാണ് എക്സൈസിന്റെ വിലയിരുത്തൽ.
വിലയും കൂട്ടി
അതേസമയം കഞ്ചാവിന് വിലകൂട്ടുകയും ചെയ്തു. രണ്ടരകിലോയുടെ ഒരു പാഴ്സലിന് മുമ്പ് പതിനയ്യായിരം രൂപയായിരുന്നെങ്കിൽ ഇപ്പോൾ അത് അമ്പതിനായിരമാണ്. ചില്ലറവിൽപ്പനക്കാർ ചെറുപൊതിയിലെ കഞ്ചാവിന്റെ അളവുകുറയ്ക്കുകയും ചെയ്തു. മുമ്പ് ഒരു പൊതിയിൽ 150 ഗ്രാം കഞ്ചാവാണ് നൽകിയിരുന്നതെങ്കിൽ ഇപ്പോൾ 100 ഗ്രാമാണ് നൽകുന്നത്. വില 600 രൂപയിൽനിന്നും 700 രൂപയാക്കി ഉയർത്തുകയും ചെയ്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..