തൃശ്ശൂർ : മൂന്നരവർഷത്തെ മാറ്റിനിർത്തലിനുശേഷം ഡോ. ടി.ഡി. ശോഭയെ കേരളവർമയിലെ പ്രിൻസിപ്പലാക്കാമെന്ന് കൊച്ചിൻ ദേവസ്വം ബോർഡ്. കോടതി അനുവദിക്കുകയാണെങ്കിൽ സീനിയോറിറ്റി പരിഗണിച്ച് പ്രിൻസിപ്പലായി നിയമിക്കാമെന്നാണ് ബോർഡ് ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നത്.
കോടതി നിർദേശപ്രകാരം പ്രിൻസിപ്പൽ അഭിമുഖം നടത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഡോ. ടി.ഡി. ശോഭ സമർപ്പിച്ച അപേക്ഷയ്ക്കുള്ള മറുപടിയിലാണിത്.
2019 ജൂണിൽ ഡോ. ശോഭയ്ക്ക് ലഭിക്കേണ്ടിയിരുന്നതാണ് പ്രിൻസിപ്പൽ സ്ഥാനം. സീനിയറായിട്ടും കുന്നംകുളം വിവേകാനന്ദ കോളേജിലെ പ്രിൻസിപ്പലായാണ് അവരെ നിയമിച്ചത്. തുടർന്ന് നിയമപ്പോരാട്ടത്തിനൊടുവിൽ ഉടൻ കേരളവർമ കോളേജിലെ കെമിസ്ട്രി വിഭാഗത്തിൽ അസോസിയേറ്റ് പ്രൊഫസറായി മാറ്റിനിയമിക്കാൻ 2022 ജൂലായ് 21-ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. ഡോ. ശോഭയെക്കൂടി ഉൾപ്പെടുത്തി ഉടൻ പ്രിൻസിപ്പൽ അഭിമുഖം നടത്താനും ഹൈക്കോടതി നിർദേശിച്ചിരുന്നു. ഉത്തരവിനെത്തുടർന്ന് ഡോ. ശോഭയെ കേരളവർമയിലേക്ക് മാറ്റി നിയമിച്ചിരുന്നു. എന്നാൽ, വകുപ്പിൽ ഏറ്റവുമൊടുവിൽ ചേർന്ന അധ്യാപകന് ജോലി നഷ്ടപ്പെടുന്ന സ്ഥിതി വന്നു.
ഈ അധ്യാപകൻ ഹൈക്കോടതിയെ സമീപിച്ച് നടപടിയിൽ സ്റ്റേ വാങ്ങി. ഈ ഹർജിയുടെ അടിസ്ഥാനത്തിൽ ഡോ. ശോഭയുടെ സീനിയോറിറ്റി പരിഗണിച്ച് കേരളവർമയിൽ പ്രിൻസിപ്പലാക്കാമെന്നാണ് ദേവസ്വം ബോർഡ് അധികൃതർ ഇപ്പോൾ അറിയിച്ചിട്ടുള്ളത്.
കോടതിയിൽനിന്ന് ഉത്തരവ് ലഭിക്കുന്നതിന് നടപടി സ്വീകരിക്കാൻ ലോ ഓഫീസറെ ചുമതലപ്പെടുത്തിയതായും സെക്രട്ടറിക്കുവേണ്ടി ഡെപ്യൂട്ടി സെക്രട്ടറി ഒപ്പുവെച്ച കത്തിൽ പറയുന്നു.
മൂന്നുമാസം മുൻപ് ആത്മഹത്യചെയ്ത കൊച്ചിൻ ദേവസ്വം ബോർഡിലെ ഇടതംഗത്തിന്റെ ആത്മഹത്യക്കുറിപ്പിൽ കേരളവർമ കോളേജിലെ ലക്ചറർ നിയമനവുമായി ബന്ധപ്പെട്ട് സൂചനകളുണ്ടെന്ന് ആരോപണമുയർന്നിരുന്നു. ഈ ആത്മഹത്യക്കുറിപ്പ് നിലവിൽ കോടതിയിൽ സമർപ്പിച്ചിരിക്കുകയാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..