ദേശീയപാതയിലെ തകരാറുകൾ പരിഹരിക്കണം -എം.എൽ.എ.


ചാവക്കാട് : ദേശീയപാത 66 നവീകരണത്തിന്റെ ഭാഗമായി മണത്തല മുല്ലത്തറ, മന്ദലാംകുന്ന് എന്നിവിടങ്ങളിൽ നിലനിൽക്കുന്ന സാങ്കേതികപ്രശ്നങ്ങൾ പരിഹരിക്കണമെന്ന ആവശ്യവുമായി എൻ.കെ. അക്ബർ എം.എൽ.എ. ഈ ആവശ്യമുന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി, മന്ത്രി പി.എ. മുഹമ്മദ് റിയാസ്, നാഷണൽ ഹൈവേ അതോറിറ്റി ചെയർമാൻ അൽക ഉപാധ്യായ, നാഷണൽ ഹൈവേ അതോറിറ്റി റീജണൽ ഓഫീസർ ബി.എൽ. മീണ എന്നിവർക്ക് എം.എൽ.എ. കത്ത് നൽകി.

ചാവക്കാട് നഗരത്തിലെ മുല്ലത്തറയിൽ 25 മീറ്റർ വീതിയിൽ അടിപ്പാത നിർമ്മിക്കാനാണ് നാഷണൽ ഹൈവേ അതോറിറ്റി വിഭാവനചെയ്തിട്ടുള്ളത്. ഇത് ചാവക്കാട് നഗരത്തിന്റെ സമഗ്രവികസനത്തിനും ടൂറിസം വികസനത്തിനും വലിയ തടസ്സം സൃഷ്ടിക്കുമെന്ന് എം.എൽ.എ. നിവേദനത്തിൽ ചൂണ്ടിക്കാട്ടി. 25 മീറ്റർ മാത്രമുള്ള ഈ അടിപ്പാത നഗരത്തിന്റെ പടിഞ്ഞാറൻ മേഖലയെ പ്രത്യേകിച്ച് ചാവക്കാട് ബീച്ചിനെ ഒറ്റപ്പെടുത്തുന്ന സാഹചര്യം ഉണ്ടാക്കും. ജില്ലയിലെ ഏറ്റവും വലിയ ടൂറിസം ഡെസ്റ്റിനേഷനുകളിലൊന്നാണ് ചാവക്കാട് ബ്ലാങ്ങാട് ബീച്ച്.

തീരദേശ ഹൈവേയുടെ പ്രധാന ജങ്‌ഷനുകളിലൊന്ന് ചാവക്കാട് ബീച്ചിലാണ് നിർദേശിച്ചിട്ടുള്ളത്. ഈ പ്രദേശം തീർത്ഥാടകടൂറിസത്തിന് സാധ്യതയുള്ള മേഖലയായതിനാൽ മുല്ലത്തറ ജങ്ഷനിൽ ചെറിയ അടിപ്പാത ഒഴിവാക്കി 100 മീറ്റർ നീളത്തിൽ ഫ്ലൈ ഓവർ നിർമ്മിക്കുകയാണ് വേണ്ടതെന്നും കത്തിൽ പറയുന്നു. ദേശീയപാതയുടെ മന്ദലാംകുന്ന് സെന്ററിൽ നിലനിൽക്കുന്ന പ്രശ്നങ്ങളും കത്തിൽ വിശദമായി സൂചിപ്പിച്ചിട്ടുണ്ട്. തിങ്കളാഴ്ച നിയമസഭയുടെ ചോദ്യോത്തരവേളയിലും ഇതുമായി ബന്ധപ്പെട്ട് എം.എൽ.എ.ചോദ്യം ഉന്നയിച്ചു.

എം.എൽ.എ.യുടെ വാക്കിന് വിലനൽകണം-കോൺഗ്രസ്

: മുല്ലത്തറയിൽ 25 മീറ്റർ അടിപ്പാത മതിയാവില്ലെന്ന എം.എൽ.എ.യുടെ അഭിപ്രായത്തിന് ചാവക്കാട് നഗരസഭ വില നൽകണമെന്ന് യു.ഡി.എഫ്. കൗൺസിലർമാർ. എം.എൽ.എ. ഉന്നയിച്ച സമാന ആവശ്യങ്ങളുമായി നഗരസഭ പ്രമേയം അവതരിപ്പിക്കണമെന്ന് കഴിഞ്ഞ ദിവസം കൗൺസിൽ യോഗത്തിൽ ആവശ്യപ്പെട്ടപ്പോൾ നിഷേധാത്മക നിലപാട് സ്വീകരിച്ച ചാവക്കാട് നഗരസഭ ഇനിയെങ്കിലും യാഥാർഥ്യം മനസ്സിലാക്കണമെന്ന് യു.ഡി.എഫ്.നേതാവ് കെ.വി. സത്താർ പറഞ്ഞു.

മുല്ലത്തറയിലെ പ്രശ്നം കൗൺസിൽ യോഗത്തിൽ അജണ്ടയായി ഉൾപ്പെടുത്തി പ്രമേയം അവതരിപ്പിക്കണമെന്ന യു.ഡി.എഫ്. ആവശ്യം നഗരസഭ തള്ളിയ സാഹചര്യത്തിലാണ് യു.ഡി.എഫിന്റെ പ്രസ്താവന. മുല്ലത്തറയിൽ അടിപ്പാത ഒഴിവാക്കി ഫ്ളൈ ഓവർ വേണമെന്ന് പ്രമേയം അവതരിപ്പിക്കണമെന്നായിരുന്നു ആവശ്യം.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..