നമ്പറില്ലാതെ വന്ന വാഹനം പോലീസും മോട്ടോർ വാഹനവകുപ്പും പരിശോധിക്കുന്നു
പുതുക്കാട് : നമ്പറില്ലാത്ത വാഹനത്തിൽ വന്നവർ പിടിയിലായപ്പോൾ, വാഹനപരിശോധന ഒഴിവാക്കാൻ െഎ.പി.എസുകാരാണെന്ന് പറഞ്ഞ് വിരട്ടി കടന്നു. ആ സമയം കാറിൽ പോകുകയായിരുന്നയാൾക്ക് സംശയം തോന്നി വീണ്ടും പോലീസിനെ അറിയിച്ച് വാഹനം തടഞ്ഞപ്പോൾ പുറത്തായത് തെലങ്കാന സ്വദേശികളുടെ കള്ളക്കളി.
ശബരിമലയ്ക്ക് പോയിരുന്ന സംഘം വാഹനപരിശോധനയിൽനിന്ന് രക്ഷപ്പെടാനാണ് സർക്കാർ വാഹനമെന്ന സ്റ്റിക്കർ പതിച്ചതെന്ന് പോലീസിനോട് സമ്മതിച്ചു. വ്യാഴാഴ്ച രാത്രി ഏഴിനായിരുന്നു സംഭവം. ചോദ്യംചെയ്ത ഉദ്യോഗസ്ഥരെ ഐ.പി.എസ്. ഉദ്യോഗസ്ഥരെന്ന് പറഞ്ഞുപറ്റിച്ച സംഘം പോലീസിനെയും മോട്ടോർ വാഹനവകുപ്പിനെയും മണിക്കൂറുകളോളം വട്ടംകറക്കി.
തെലങ്കാന വാട്ടർ അതോറിറ്റിയിലെ മൂന്ന് ജീവനക്കാർ ഉൾപ്പെടെ നാലുപേരാണ് സംഘത്തിലുണ്ടായിരുന്നത്. മുമ്പിലും പിന്നിലും നമ്പർ പ്ലേറ്റ് ഇല്ലാതെ വന്ന കാർ, മറ്റൊരു കാറിൽ വന്ന കടുപ്പശ്ശേരി സ്വദേശി കൊക്കാട്ടിൽ നോയൽ ഡേവിസ് പിന്തുടരുകയായിരുന്നു. മണ്ണുത്തി മേൽപ്പാലം മുതൽ നോയൽ കാർ ശ്രദ്ധിച്ചിരുന്നു. പുതുക്കാട് പോലീസിൽ വിവരമറിയിച്ച നോയൽ പാലിയേക്കര ടോൾ പ്ലാസയിൽ കാർ തടഞ്ഞു.
സമീപത്ത് പരിശോധന നടത്തിയിരുന്ന മോട്ടോർ വാഹനവകുപ്പ് എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരോട് തെലങ്കാനയിൽനിന്നുള്ള ഐ.പി.എസ്. ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞ് ഇവർ കാറെടുത്ത് കടക്കുകയായിരുന്നു. സംശയം തീരാതെ നോയൽ വീണ്ടും പോലീസിനെ വിളിച്ചു. തുടർന്ന് പോലീസ് പുതുക്കാട് സിഗ്നൽ ജങ്ഷനിൽ കാർ പിടികൂടി.
സ്റ്റേഷനിലെത്തിയപ്പോഴും കാർയാത്രക്കാർ ഐ.പി.എസുകാരാണെന്നാണ് പരിചയപ്പെടുത്തിയത്. അതോടെ സ്റ്റേഷനിലും വേണ്ടുവോളം ബഹുമാനവും പരിഗണനയും കിട്ടി. പിന്നീട് രേഖകൾ പരിശോധിച്ചപ്പോഴാണ് കള്ളം തെളിഞ്ഞത്.
തുടർന്ന് മോട്ടോർ വാഹനവകുപ്പിനെ വിവരമറിയിച്ചു. കാറിന്റെ രേഖകളെല്ലാം കൃത്യമായിരുന്നു. നമ്പർ പതിക്കാത്തതിനും സ്വകാര്യവാഹനത്തിൽ സർക്കാർ വാഹനമെന്നെഴുതി യാത്രചെയ്തതിനും 8500 രൂപ പിഴ ചുമത്തുക മാത്രമാണ് ചെയ്തത്. നമ്പർ ഇല്ലാതെ വാഹനമോടിച്ചവരുടെ പേരിൽ നടപടിയാവശ്യപ്പെട്ട് നോയൽ പുതുക്കാട് പോലീസിൽ പരാതി നൽകി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..