തർക്കം മൂത്ത് കരാറുകാർ; വെള്ളം നിറഞ്ഞ് പാടം


ഹരിതശ്രീ പാടശേഖരത്തിലേക്ക് പമ്പുസെറ്റ് സ്ഥാപിക്കാൻ മുളം കായലിൽ നിർമിച്ചിരിക്കുന്ന മോട്ടോർ ഷെഡ്ഡ്

മുരിയാട് : ജലസേചനത്തിനായി ജില്ലാ പഞ്ചായത്ത് പമ്പുസെറ്റ് അനുവദിച്ച് അഞ്ച് വർഷം പിന്നിട്ടെങ്കിലും സ്ഥാപിക്കാൻ വൈകുന്നത് മുരിയാട് ഹരിതശ്രി കോൾ പാടശേഖരത്തിലെ കർഷകർക്ക് തിരിച്ചടിയാകുന്നു. കരാറുകാരുടെ തർക്കമാണ് കാരണം. പമ്പുസെറ്റ് സ്ഥാപിക്കാൻ ഏറ്റെടുത്തിരുന്ന കരാറുകാരൻ ആ ജോലി മറ്റൊരാൾക്ക് മറിച്ചുനൽകി. അതേസമയം നേരത്തെ പമ്പുസെറ്റുകൾ സ്ഥാപിച്ച വകയിൽ കരാറുകാരൻ പണം കൊടുക്കാനുള്ളതിനാൽ അതിനൊരു തീരുമാനം ഉണ്ടായിട്ട് ഇത് ചെയ്യാമെന്ന നിലപാടിലാണ് സബ്ബ് കരാറുകാരൻ.

മുരിയാട് കായൽ മേഖലയിലെ മോട്ടോർ പമ്പുസെറ്റില്ലാത്ത ഏക പാടശേഖരമാണ് ഹരിതശ്രീ. 160 ഏക്കർ വരുന്ന ഈ പാടശേഖരത്തിൽ 50 ഏക്കറിൽ താഴെ മാത്രമാണ് ഇപ്പോൾ കൃഷിയിറക്കുന്നത്.

വെള്ളത്തിന്റെ ബുദ്ധിമുട്ടുമൂലം കൃഷിയിറക്കുന്ന കർഷകരുടെ എണ്ണം കുറയുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ ഇത്തവണ കൃഷിയിറക്കിയതു മുഴുവൻ വെള്ളത്തിലായി. മഴ പെയ്താൽ കൊടകര ഭാഗത്തുനിന്നുള്ള വെള്ളം നിറയുന്നത് ഈ പാടശേഖരത്തിലാണ്. എന്നാൽ, ഇവിടെനിന്ന് വെള്ളം കെ.എൽ.ഡി.സി. കനാലിലേക്ക് പമ്പ് ചെയ്ത് കളയാൻ സൗകര്യമില്ലാത്തതിനാൽ കനാലിൽ വെള്ളം കുറയാൻ കാത്തിരിക്കേണ്ട അവസ്ഥയിലാണ് കർഷകർ.

കരാറുകാർ തമ്മിലുള്ള പ്രശ്നമാണ് മോട്ടോർ സ്ഥാപിക്കാൻ തടസ്സമെന്ന് ഹരിതശ്രീ കോൾപ്പടവ് സെക്രട്ടറി ശശി കാനാട്ട് പറഞ്ഞു.

2017-ലാണ് ജില്ലാ പഞ്ചായത്ത് 30 എച്ച്.പി.യുടെ വെർട്ടിക്കൽ പമ്പുസെറ്റ് ഹരിതശ്രീ പാടശേഖരത്തിന് നൽകിയത്. 10 ലക്ഷം ജില്ലാ പഞ്ചായത്ത് വിഹിതവും 1.25 ലക്ഷം പാടശേഖരസമിതി ഉപഭോക്തൃവിഹിതവുമായിട്ടാണ് മോട്ടോർ വാങ്ങിയത്. മുളം കായലിൽ പമ്പുസെറ്റ് സ്ഥാപിക്കാനുള്ള തറ മുരിയാട് ഗ്രാമപ്പഞ്ചായത്ത് നിർമിച്ചുനൽകി. പണി ഇനിയും പൂർത്തിയാകാനുണ്ട്. എങ്കിലും പമ്പുസെറ്റ് സ്ഥാപിക്കാനാകുമെന്ന് ശശി കാനാട്ട് പറഞ്ഞു.

കാലാവധി ഡിസംബറിൽ തീരും

ഇതിനിടയിൽ പമ്പുസെറ്റ് സ്ഥാപിക്കാൻ ജില്ലാ പഞ്ചായത്ത് രണ്ടു ലക്ഷം അനുവദിച്ചിരുന്നെങ്കിലും അത് കൈപ്പറ്റിയില്ല. ഇതിന്റെ കാലാവധി ഡിസംബറിൽ തീരുമെന്ന് കർഷകർ പറഞ്ഞു. അഞ്ചു വർഷമായി ഉപയോഗിക്കാതെ കിടക്കുന്നതിനാൽ മോട്ടോറും മറ്റും തുരുമ്പെടുത്തു.

ഇനിയത് നന്നാക്കണം. ഇതിനും കർഷകർ പണം ചെലവഴിക്കേണ്ട അവസ്ഥയിലാണ്.

‌പണം നൽകാൻ തയ്യാറാണെന്നും എത്രയും പെട്ടന്ന് ജില്ലാ പഞ്ചായത്ത് അനുവദിച്ച പണം ഉപയോഗിച്ച് പമ്പുസെറ്റ് സ്ഥാപിക്കാൻ നടപടി വേണമെന്നും കർഷകർ ആവശ്യപ്പെട്ടു.

മുരിയാട് കായൽ പാടശേഖരം തരിശുരഹിതമാക്കുന്നതിന് ഹരിതശ്രീ കോളിൽ കൃഷിയിറക്കണമെന്നും ഇക്കാര്യത്തിൽ അധികൃതർ വേണ്ട ഇടപെടൽ നടത്തണമെന്നും കർഷകർ ആവശ്യപ്പെട്ടു.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..