പെരുമ്പിലാവ് ജങ്ഷൻ വികസനം: ശാസ്ത്രീയ സമീപനം കടലാസിൽ


വെള്ളക്കെട്ടിനും പരിഹാരമില്ല

തൃശ്ശൂർ -കുറ്റിപ്പുറം റോഡിലെ പെരുമ്പിലാവ് ജങ്ഷനിൽ പൂർണമായി പൊളിച്ചുനീക്കാതെ തുടരുന്ന കെട്ടിടം

പെരുമ്പിലാവ് : തൃശ്ശൂർ - കുറ്റിപ്പുറം സംസ്ഥാനപാതയിലെ പെരുമ്പിലാവ് ജങ്ഷൻ വികസനം നടപ്പാക്കുമ്പോൾ വെള്ളക്കെട്ട് ഉൾപ്പെടെയുള്ള പ്രശ്‌നങ്ങൾക്ക് ശാശ്വതപരിഹാരമില്ല. ജലവിതരണ പൈപ്പുകളും നിരീക്ഷണ ക്യാമറകളും മാറ്റുന്നതിനും നടപടി തുടങ്ങിയിട്ടില്ല.

മഴക്കാലത്ത് പരുവക്കുന്ന് മേഖലയിൽനിന്നുള്ള വെള്ളമാണ് പെരുമ്പിലാവ് സെന്ററിലെത്തുന്നത്. വ്യാപാര സ്ഥാപനങ്ങൾക്ക് മുന്നിൽ വെള്ളം കെട്ടിനിൽക്കുന്നത് എല്ലാ വർഷവും പരാതികൾക്ക് കാരണമാകാറുണ്ട്. പെരുമ്പിലാവ് സെന്ററിലുള്ള കലുങ്ക് പുനർനിർമിച്ചാൽ വെള്ളക്കെട്ട് ഒഴിവാക്കാനാകും.

വീതിയും ആഴവുമില്ലാത്ത കലുങ്കാണിത്. മാലിന്യങ്ങൾ തടഞ്ഞ് വെള്ളമൊഴുക്ക് തടസ്സപ്പെടുന്നതാണ് വെള്ളക്കെട്ടിന് ഇടയാക്കുന്നത്. സംസ്ഥാനപാത വികസനത്തിന്റെ സമയത്തും ഇത് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടില്ല. റോഡിന് അടിയിലൂടെയുള്ള ജലവിതരണ പൈപ്പുകളും മാറ്റിസ്ഥാപിച്ചിട്ടില്ല.

തൃത്താലയിൽനിന്നുള്ള കുടിവെള്ള പൈപ്പാണ് ഇതിനടിയിലുള്ളത്. പൈപ്പ് പൊട്ടി വെള്ളം തള്ളുന്നതോടെ റോഡിന്റെ തകർച്ചയ്ക്കിടയാക്കും. ജങ്ഷനിലെ നിരീക്ഷണ ക്യാമറകൾ മാറ്റിവയ്ക്കാതെയാണ് നിർമാണം പുരോഗമിക്കുന്നത്.

പുറമ്പോക്കിലെ ഭരണമുന്നണി പ്രാദേശിക നേതാവിന്റേതുൾപ്പെടെയുള്ള കെട്ടിടങ്ങൾ പൊളിച്ചുനീക്കാനും തയ്യാറായിട്ടില്ല.

കെട്ടിടങ്ങൾ പൊളിക്കാൻ ഉടമകൾക്ക് നോട്ടീസ് നൽകിയിട്ട് മാസങ്ങൾ പിന്നിട്ടു. ഇതോടെ പല വീതിയിലാണ് റോഡുപണി തുടരുന്നത്. സംസ്ഥാനപാതയുടെ പുനർനിർമാണത്തിൽ ജങ്ഷനിലെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാത്തതിൽ വ്യാപാരികളുൾപ്പെടെയുള്ളവർ പ്രതിഷേധത്തിലാണ്. പണി കഴിഞ്ഞാൽ ഒരു വർഷം ഡിഫക്ട് ലയബിലിറ്റി കാലാവധിയും അഞ്ച് വർഷം മെയിന്റനൻസ് കാലാവധിയുമാണുള്ളത്. കരാറുകാരുടേതല്ലാത്തരീതിയിൽ തകരാറുകൾ സംഭവിച്ചാൽ ഉത്തരവാദിത്വം ആരും ഏറ്റെടുക്കാനും തയ്യാറാകില്ല.

റീബിൽഡ് കേരള ഇനീഷ്യേറ്റീവ് പദ്ധതിയിൽ ഉൾപ്പെടുത്തി കെ.എസ്.ടി.പി.യുടെ മേൽനോട്ടത്തിലാണ് റോഡിന്റെ പുനർനിർമാണം.

ജങ്ഷനിലെ പൊളിച്ചുനീക്കാത്ത ഒരു കെട്ടിടത്തിന് സ്റ്റേ ലഭിച്ചിട്ടുണ്ട്. സ്റ്റേ മാറുന്നതിനനുസരിച്ച് ഇത് പൊളിച്ചുനീക്കുമെന്ന് കെ.എസ്.ടി.പി. അധികൃതർ പറഞ്ഞു. ഭരണമുന്നണി നേതാവിന്റെ കെട്ടിടം ഉടമ പൊളിച്ചുനീക്കാമെന്നാണ് അറിയിച്ചിരുന്നത്. നിരീക്ഷണ ക്യാമറ അപകടമുണ്ടാകാത്ത രീതിയിൽ മാറ്റിസ്ഥാപിക്കുമെന്നും കെ.എസ്.ടി.പി. അധികൃതർ പറഞ്ഞു. കലുങ്കിന്റെ പുനർനിർമാണവുമായി ബന്ധപ്പെട്ട് കൃത്യമായ മറുപടി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായില്ല.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..