ക്ഷേമപദ്ധതികൾ മോദി സർക്കാരിന്റെ മുഖമുദ്ര -ജോൺ ബർളെ


കൊരട്ടിയിൽ ബി.ജെ.പി. ന്യൂനപക്ഷ മോർച്ചയുടെ നേതൃത്വത്തിൽ നടത്തിയ ജനസമ്പർക്കസദസ്സിൽ കേന്ദ്ര സഹമന്ത്രി ജോൺ ബർളെ പ്രസംഗിക്കുന്നു

കൊരട്ടി : രാജ്യത്തെ ന്യൂനപക്ഷ വിഭാഗത്തിനുൾപ്പെടെ ഒട്ടേറേ ക്ഷേമപദ്ധതികളാണ് കേന്ദ്രസർക്കാർ ഡിജിറ്റൽ സൗകര്യത്തോടെ രാജ്യത്ത് നടപ്പാക്കിയതെന്ന്‌ കേന്ദ്ര ന്യൂനപക്ഷ സഹമന്ത്രി ജോൺ ബർളെ അവകാശപ്പെട്ടു. മോദിസർക്കാർ പാവപ്പെട്ടവർക്കായി നടപ്പാക്കുന്ന പദ്ധതികൾ പ്രയോജനപ്പെടുത്താൻ പൊതുസമുഹം തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ബി.ജെ.പി. ന്യുനപക്ഷ മോർച്ച സംഘടിപ്പിച്ച പൊതുജന സമ്പർക്ക പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊരട്ടി മേഖലയിലെ ക്രൈസ്തവ പ്രമുഖരടക്കം ചടങ്ങിന്റെ ഭാഗമായി എത്തിയിരുന്നു. ന്യൂനപക്ഷ മോർച്ച സംസ്ഥാന സെക്രട്ടറി ഡെന്നി വെളിയത്ത് അധ്യക്ഷനായി.

കൊരട്ടി പള്ളിവികാരി ജോസ് ഇടശ്ശേരി, നൈപുണ്യ കോളജ് എക്‌സിക്യുട്ടിവ് ഡയറക്ടർ ഫാ. ജിമ്മി കുന്നത്ത്, ജിബി ജേക്കബ്ബ് പ്ലാക്കൽ, ബി.ജെ.പി. മണ്ഡലം സെക്രട്ടറി ബൈജു ശ്രീപുരം, ജെജു എന്നിവർ പ്രസംഗിച്ചു.

തിരഞ്ഞെടുപ്പ് മുന്നൊരുക്കം

കൊരട്ടി : പാർലമെന്റ് തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ന്യുനപക്ഷ വോട്ടുകളടക്കം ലക്ഷ്യമിട്ടാണ് ബി.ജെ.പി.യുടെ കേന്ദ്രമന്ത്രി ജോൺ ബർളെയുടെ ജനസമ്പർക്ക പരിപാടി.

ക്രൈസ്തവ സഭയുൾപ്പെടെയുള്ള മത സാമുദായിക സംഘടനകളുടെ ബി.ജെ.പി. അനുകൂല സാധ്യതകൾ ലക്ഷ്യമിട്ടാണ് കേന്ദ്ര ന്യൂനപക്ഷ സഹമന്ത്രി എത്തിയത്.

ന്യുനപക്ഷങ്ങളുൾപ്പെടെയുള്ളവർക്കുള്ള മോദി സർക്കാരിന്റെ ജനക്ഷേമ പദ്ധതികൾ പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണ് മന്ത്രിമാർതന്നെ പ്രാദേശിക സദസ്സുകളിലേക്ക് എത്തുന്നത്.

സമുഹത്തിനായുള്ള ക്രൈസ്തവ മിഷനറിമാരുടെ സേവനം എടുത്തു കാട്ടിയും അവർക്കായുള്ള മോദിസർക്കാരിന്റെ സംഭാവനകളേയും മുൻനിർത്തിയാണ് മന്ത്രി സദസ്സിനോട് സംവദിച്ചത്.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..