നിർമാണം നിലച്ചിരിക്കുന്ന ചിറങ്ങര മേൽപ്പാലത്തിന്റെ നടുഭാഗം
കൊരട്ടി : നിർത്തിവെച്ച പൈലിങ് ജോലികൾ പുനരാംഭിക്കാത്തതിനാൽ ചിറങ്ങര റെയിൽവേ മേൽപ്പാലത്തിന്റെ നടുഭാഗ നിർമാണം ഇഴയുന്നു. ഒരെണ്ണം പൂർത്തിയാക്കിയശേഷം നേരത്തേ ആരംഭിച്ച പൈലിങ് ജോലികൾ നിർത്തുകയായിരുന്നു. ഇതിനായി കൊണ്ടുവന്ന യന്ത്രങ്ങളുൾപ്പെടെ ഇവിടെ നിന്ന് കൊണ്ടുപോയി.
ട്രാക്കിന്റെ ഇരുഭാഗത്തുമായി 12 പില്ലറുകളാണ് വേണ്ടത്. 11 എണ്ണം പൂർത്തിയാക്കി തൂണുകൾ സ്ഥാപിച്ചാലേ പാലത്തിന്റെ ഇരു ഭാഗങ്ങളെയും ബന്ധിപ്പിക്കുന്ന മേൽത്തട്ട് നിർമാണം ആരംഭിക്കാനാവൂ. ഇരു ഭാഗങ്ങളിലായി ആറു പില്ലറുകൾക്കാവശ്യമായ പൈലിങ്ങാണ് നടത്തേണ്ടത്. 10 ദിവസത്തിനുള്ളിൽ പൈലിങ് ജോലികൾ പൂർത്തിയാക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ഒന്നും നടന്നില്ല.
പൈലിങ്ങിനുള്ള മുന്നൊരുക്കമായി കേബിളുകൾ ഒഴിവാക്കുന്ന ജോലി നിലവിൽ ഒരു ഭാഗത്ത് മാത്രമാണ് കഴിഞ്ഞത്. അതേസമയം പൈലിങ് നടത്തിയ സ്ഥലത്ത് തുടർനിർമാണം നടക്കുന്നുണ്ട്. ജനുവരിയിൽ നിർമാണം പൂർത്തിയാക്കുമെന്നാണ് ആദ്യഘട്ടത്തിൽ നൽകിയ സൂചന. ഇതുവരെയുള്ള നിർമാണങ്ങൾ റെക്കോഡ് വേഗത്തിലായിരുന്നു. നടുഭാഗത്തെ ജോലികളുടെ ചുമതല റെയിൽവേയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ്. പൈലിങ് ജോലികൾക്കായി ട്രെയിനുകളുടെ വേഗം ഈ ഭാഗത്ത് നിയന്ത്രിച്ചിട്ടുണ്ട്.
പ്രദേശവാസികൾ ഉപയോഗിച്ചിരുന്ന റെയിൽവേ ഗേറ്റും മേൽത്തട്ട് നിർമാണത്തിന്റെ ഭാഗമായി അടച്ചിട്ടിരിക്കുകയാണ്. ഇതോടെ വാഹനങ്ങൾ ചുറ്റിക്കറങ്ങിയാണ് യാത്ര ചെയ്യുന്നത്. നിർമാണം വൈകുന്നത് പ്രദേശവാസികളെയും ദുരിതത്തിലാക്കുന്നുണ്ട്. സ്റ്റീലും ഡെക് സ്ലാഹ് കോൺക്രീറ്റും ചേർത്ത് നിർമിക്കുന്ന ആദ്യ മേൽപ്പാലങ്ങളിലൊന്നാണ് ചിറങ്ങരയിലേത്. 17.47 കോടി രൂപയാണ് ഇതിനായി വകയിരുത്തിയിട്ടുള്ളത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..