Caption
വാടാനപ്പള്ളി : പൈപ്പിടാൻ പൊളിച്ച റോഡിലെ കുഴിയിലേക്ക് ബൈക്ക് മറിഞ്ഞ് യാത്രക്കാരന് പരിക്കേറ്റു. ഏങ്ങണ്ടിയൂർ അഞ്ചാംകല്ല് വൈക്കാട്ടിൽ റമി രാജിനാണ് (38) കാലിൽ സാരമായി പരിക്കേറ്റത്. വാടാനപ്പള്ളി ആക്ട്സ് പ്രവർത്തകർ തൃശ്ശൂർ അശ്വനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നേമുക്കാലോടെ കിഴക്കേ ടിപ്പു സുൽത്താൻ റോഡിൽ വാടാനപ്പള്ളി ആർ.സി.യു.പി.സ്കൂളിന് വടക്കുഭാഗത്തായിരുന്നു അപകടം.
ശുദ്ധജലവിതരണ പൈപ്പ് സ്ഥാപിക്കാൻ വെട്ടിപ്പൊളിച്ച റോഡ് ശരിയായി മൂടാത്തതാണ് അപകടകാരണം. വാടാനപ്പള്ളി ആൽമാവ് മുതൽ - തൃത്തല്ലൂർ എംഗൽസ് നഗർ വരെയാണ് പൈപ്പ് സ്ഥാപിക്കാൻ റോഡ് വെട്ടിപ്പൊളിച്ചത്. പൈപ്പ് സ്ഥാപിച്ചിട്ടും റോഡിലെ കുഴികൾ ശരിയായി മൂടുകയോ ടാറിടുകയോ ഉണ്ടായില്ല. റോഡിന്റെ പകുതി ഭാഗമാണ് പൈപ്പ് സ്ഥാപിക്കാൻ വെട്ടിപ്പൊളിച്ചത്. ടാറിങ് ചെയ്യാത്തതിനാൽ റോഡിൽ നിറയെ കുഴികളും മണലും കല്ലും ചിതറിക്കിടക്കുകയുമാണ്. വാഹനങ്ങൾ കടന്നുപോകുമ്പോൾ പൊടിശല്യവും രൂക്ഷമാണ്.
കുഴിയിൽപ്പെട്ട് ബൈക്ക് മറിഞ്ഞ് വാടാനപ്പള്ളി ഗ്രാമപ്പഞ്ചായത്ത് പത്താം വാർഡ് അംഗം സന്തോഷ് പണിക്കശ്ശേരിയുടെ കൈയൊടിഞ്ഞ് ചികിത്സയിലാണ്. അപകടങ്ങൾ വർധിച്ചിട്ടും റോഡ് നന്നാക്കാത്തതിനെത്തുടർന്ന് ജനപ്രതിനിധികൾ ജല അതോറിറ്റി ഓഫീസിലെത്തി. റോഡ് നന്നാക്കാൻ ആവശ്യമായ തുക പി.ഡബ്ല്യു.ഡി. ഓഫീസിൽ അടച്ചതായും ടാറിടൽ ഉടൻ തുടങ്ങുമെന്ന് ഉറപ്പ് ലഭിച്ചതായും വാടാനപ്പള്ളി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.എം. നിസാർ അറിയിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..