പഴയന്നൂർ -ലക്കിടി സംസ്ഥാനപാതയിൽ കുത്താമ്പുള്ളി റോഡിനു സമീപം കാനയുടെ നടുവിൽ നിർമാണത്തിന് തടസ്സമായിരുന്ന മദിരാശിമരം മുറിച്ചുമാറ്റിയിട്ടും മരത്തിന്റെ വേര് കാനയിൽ നിൽക്കുന്നു
തിരുവില്വാമല : കാനയുടെ നിർമാണത്തിന് തടസ്സമായിനിന്ന മരം മുറിച്ചുമാറ്റിയിട്ടും വേരുകൾ ഇളക്കിമാറ്റാതെ നിർമാണം നടത്തിയതായി പരാതി. പഴയന്നൂർ-ലക്കിടി സംസ്ഥാനപാതയിൽ കുത്താമ്പുള്ളി റോഡിന് സമീപമാണ് വിചിത്രമായ നിർമാണം നടത്തിയിരിക്കുന്നത്. കാനയുടെ നടുവിലെ മദിരാശിമരം ചേലക്കര പൊതുമരാമത്തുവിഭാഗമാണ് മുറിച്ചുമാറ്റിയത്.
കാനയിൽ നിൽക്കുന്ന മദിരാശിമരം നിർമാണപ്രവർത്തനങ്ങൾക്ക് തടസ്സമാണെന്നറിയിച്ച് കരാറുകാരൻ നടപടി നിർത്തിവെച്ചിരുന്നു. മരം തടസ്സമായതോടെ കാനനിർമാണം മുടങ്ങിയത് സംബന്ധിച്ച് മാതൃഭൂമി വാർത്ത നൽകിയിരുന്നു. വാർത്ത വന്നതോടെ നിർമാണപ്രവൃത്തികൾക്ക് തടസ്സമാകാതിരിക്കാൻ തിരുവില്വാമല പഞ്ചായത്തിലെ ട്രീ കമ്മിറ്റി അടിയന്തരയോഗം ചേർന്ന് മരം മുറിച്ചുനീക്കാൻ തീരുമാനിച്ചു. കരാറുകാരൻതന്നെയാണ് മരം മുറിച്ചുമാറ്റിയത്.
മരം മുറിച്ചുമാറ്റിയതോടെ നിർമാണപ്രവൃത്തികൾ കൃത്യമായി നടക്കുമെന്ന നാട്ടുകാരുടെ പ്രതീക്ഷയും മങ്ങിയിരിക്കുകയാണ്. മരത്തിന്റെ വേര് പൂർണമായി കാനയിൽ നിലനിർത്തി കാനയുടെ വശം വളച്ചൊടിച്ചാണ് പണി പൂർത്തിയാക്കിയത്. ഇങ്ങനെ ചെയ്യാനാണെങ്കിൽ എന്തിനായിരുന്നു മരം മുറിച്ചെതെന്ന ചോദ്യംമാത്രം ബാക്കിയാണ്.
വനംവകുപ്പിന്റെ അനുമതിയോടെ പൊതുമരാമത്ത് അധികൃതർ കഴിഞ്ഞമാസം ഒമ്പതിന് മരം ലേലത്തിൽ 6000 രൂപ വില നിശ്ചയിച്ചുതന്നതായി ചേലക്കര പൊതുമരാമത്ത് റോഡ് വിഭാഗം അസി. എക്‌സി. എൻജിനീയർ സി.ഐ. സെബാസ്റ്റ്യൻ പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..