കണ്ടെയ്നർ ലോറി മൂന്ന് വാഹനങ്ങളിൽ ഇടിച്ചു


കൊറ്റംകുളത്ത് അപകടത്തിൽപ്പെട്ട കണ്ടെയ്നർ ലോറി

പെരിഞ്ഞനം : ദേശീയപാത 66-ൽ കൊറ്റംകുളത്ത് നിയന്ത്രണംവിട്ട കണ്ടെയ്നർ ലോറി മൂന്നു വാഹനങ്ങളിലിടിച്ച് അപകടം. ആർക്കും പരിക്കില്ല. ദേശീയപാത കൊറ്റംകുളം തനി നാടൻ ഹോട്ടലിന് സമീപത്താണ് തിങ്കളാഴ്ച ഉച്ചയ്ക്കുശേഷം രണ്ടരയോടെ അപകടമുണ്ടായത്. ലോഡ് ഇറക്കി എറണാകുളം ഭാഗത്തേക്ക് പോവുകയായിരുന്ന കണ്ടെയ്നർ ലോറി നിയന്ത്രണംവിട്ട് ആദ്യം ടാങ്കർലോറിയിലും തുടർന്ന് രണ്ടു കാറുകളിലും ഇടിക്കുകയായിരുന്നു. ആദ്യം ഒരു കാറിൽ ഇടിച്ച് അടുത്ത കാറിലേക്ക് വരുന്നതു കണ്ട് കാർ ഡ്രൈവർ ഒഴിഞ്ഞ പറമ്പിലേക്ക് ഓടിച്ചു കയറ്റിയെങ്കിലും വാഹനത്തിന് കേടുപാടുകൾ സംഭവിച്ചു. ഈ കാറിൽ നാലുപേരും, ആദ്യമിടിച്ച കാറിൽ ഡ്രൈവറും മാത്രമാണ് ഉണ്ടായിരുന്നത്.

ആദ്യം ഇടിച്ച കാറിന്റെ സൈഡ് ഭാഗം പൂർണമായും തകർന്ന നിലയിലാണ്. ടാങ്കർ ലോറിയിലിടച്ച ഉടനെ കണ്ടെയ്നർ ലോറിയുടെ മുൻഭാഗത്തെ വലതു ടയർ പൊട്ടിപ്പോയി. കയ്പമംഗലം പോലീസും കെ.എസ്.ഇ.ബി. അധികൃതരും സംഭവസ്ഥലത്ത് എത്തിയിരുന്നു. ക്രെയിൻ ഉപയോഗിച്ച് മണിക്കൂറുകൾ നീണ്ട പ്രയത്നത്തിനൊടുവിലാണ് ലോറി ഒഴിഞ്ഞ പറമ്പിലേക്ക് മാറ്റാൻ സാധിച്ചത്. അപകടത്തെത്തുടർന്ന് മണിക്കൂറുകളോളം ദേശീയപാതയിൽ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. പ്രദേശവാസികളും പോലീസും ചേർന്നാണ് വാഹനഗതാഗതം നിയന്ത്രിച്ചത്.

ദേശീയപാതയിൽ രണ്ടിടത്ത് അപകടം; നാലുപേർക്ക് പരിക്ക്

ചാവക്കാട് : പൊന്നാനി-ചാവക്കാട് ദേശീയപാതയിൽ രണ്ട് വാഹനാപകടങ്ങളിലായി നാലുപേർക്ക് പരിക്കേറ്റു. രാവിലെ ഏഴരയോടെ മണത്തല അയിനിപ്പുള്ളിയിൽ മത്സ്യവിതരണത്തൊഴിലാളിയുടെ ബൈക്കിന് പിറകിൽ ട്രാവലർ ഇടിച്ചാണ് ആദ്യത്തെ അപകടം.

മത്സ്യവിതരണത്തൊഴിലാളി അയിനിപ്പുള്ളി കേരന്റകത്ത് ഹംസക്കോയ(59)യ്ക്കാണ് പരിക്കേറ്റത്. ഹംസക്കോയയെ കോട്ടപ്പുറം ലാസിയോ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ എത്തിച്ചു.

രാവിലെ പത്തരയോടെ മണത്തല കിണറിനു സമീപം ഓട്ടോറിക്ഷ മറിഞ്ഞാണ് രണ്ടാമത്തെ അപകടം. ഓട്ടോറിക്ഷാ ഡ്രൈവർ മണത്തല വടക്കുംപാട്ടിൽ ശിവദാസൻ (58), ചേറ്റുവ വലിയകത്ത് ഫഹ്‌മിദ (32), മകൻ മുഹമ്മദ് ഫൈസാൻ (ആറ്‌) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ മണത്തല ലാസിയോ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ എത്തിച്ചു.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..