തുറക്കുളം മാർക്കറ്റിന്റെ പുനർനിർമാണത്തിന് : വീണ്ടും ജീവൻവെയ്ക്കുന്നു


കുന്നംകുളം നഗരസഭയുടെ കീഴിലുള്ള തുറക്കുളം മത്സ്യലേല മാർക്കറ്റിന്റെ പണി തീരാത്ത കെട്ടിടം

കുന്നംകുളം : നിശ്ചലാവസ്ഥയിലായ തുറക്കുളം മത്സ്യലേല മാർക്കറ്റിന്റെ നിർമാണ പ്രവർത്തനങ്ങൾക്കുള്ള തടസ്സങ്ങൾ നീങ്ങുന്നു. മാർക്കറ്റുമായി ബന്ധപ്പെട്ട് ഗവ. എൻജിനീയറിങ് കോളേജിന്റെ നേതൃത്വത്തിൽ നടക്കുന്ന കണക്കെടുപ്പുകൾ അവസാനഘട്ടത്തിലാണ്.

തുറക്കുളം മാർക്കറ്റിന്റെ അവശേഷിക്കുന്ന പണികൾക്ക് കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 4.14 കോടി രൂപയുടെ അനുമതിയാണ് ലഭിച്ചിട്ടുള്ളത്. പദ്ധതിയും തുകയുമുണ്ടെങ്കിലും നിർമാണപ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നത് നീളുകയാണ്. രണ്ട് നിലകളിലായി പണിതിട്ടുള്ള നിലവിലെ കെട്ടിടം ഉറപ്പുള്ളതാണെന്ന് അംഗീകൃത ഏജൻസി സാക്ഷ്യപ്പെടുത്തി കിഫ്ബിക്ക് നൽകണം. മാർക്കറ്റിൽ നിർമിച്ച കെട്ടിടത്തിന് എത്ര തുക ചെലവഴിച്ചിട്ടുണ്ടെന്നുള്ളതിനും കൃത്യമായ കണക്കുകളുണ്ടാക്കണം. ഈ രണ്ട് തടസ്സങ്ങളാണ് പണികൾ പുനരാരംഭിക്കുന്നതിന് നിലനിൽക്കുന്നത്. തൃശ്ശൂർ ഗവ. എൻജിനീയറിങ് കോളേജിന്റെ നേതൃത്വത്തിൽ കെട്ടിടത്തിന്റെ ബലപരിശോധനയുടെ അവസാനഘട്ട പരിശോധനകളാണുള്ളത്. കെട്ടിടത്തിന്റെ താഴത്തെ നിലയിൽ കമ്മിഷൻ ഏജന്റുമാരുടെ സാധനങ്ങളാണ് സൂക്ഷിച്ചിരുന്നത്. ഇവ നീക്കംചെയ്യാൻ ഏജന്റുമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. പൂർത്തിയാക്കിയ പണികളുടെ ചെലവ് കണക്കാക്കിയിരുന്നു. ഇതിന്റെ സൂക്ഷ്മപരിശോധനയും നടത്തുന്നുണ്ട്. സാങ്കേതികതടസ്സങ്ങൾ ഈ മാസത്തിനുള്ളിൽ പരിഹരിച്ച് ടെൻഡർ നടപടികളിലേക്ക് കടക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് ചെയർപേഴ്‌സൺ സീതാ രവീന്ദ്രൻ പറഞ്ഞു. ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ ടി. സോമശേഖരൻ, ഹെൽത്ത് സൂപ്പർവൈസർ കെ.എസ്. ലക്ഷ്മണൻ എന്നിവരുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം മാർക്കറ്റ് സന്ദർശിച്ചിരുന്നു.

സംസ്ഥാന കോസ്റ്റൽ ഏരിയ ഡെവലപ്‌മെന്റ് കോർപറേഷന്റെ നേതൃത്വത്തിലാണ് ആധുനികരീതിയിലുള്ള മത്സ്യമാർക്കറ്റിന് രൂപരേഖ തയ്യാറാക്കിയിട്ടുള്ളത്. സ്റ്റാളുകൾ, മത്സ്യം സൂക്ഷിക്കുന്നതിനുള്ള ശീതികരണസംവിധാനം, വെള്ളം കെട്ടിനിൽക്കാത്ത രീതിയിലുള്ള യാർഡ്, ശൗചാലയങ്ങൾ തുടങ്ങിയവയാണ് ഇതിലുൾപ്പെടുത്തിയിട്ടുള്ളത്. അടുത്ത കൗൺസിൽ യോഗത്തിൽ അജൻഡയിൽ ഉൾപ്പെടുത്തി തുടർനിർമാണ പ്രവർത്തനങ്ങൾ വിശദമായി ചർച്ചചെയ്ത് തീരുമാനിക്കും.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..