• തൊഴിലുറപ്പ് പദ്ധതിയിലൂടെ നിർമിച്ച സിടെക്ക് തയ്യൽ യൂണിറ്റ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.സി. ബിജു ഉദ്ഘാടനം ചെയ്യുന്നു
കൊരട്ടി : വനിതാ സംരംഭകർക്ക് തൊഴിലിടമൊരുക്കി തൊഴിലുറപ്പ് പുതിയ മേഖലയിലേക്ക്. കുടുംബശ്രീയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള തൊഴിൽ സ്വയംസഹായ സംഘങ്ങൾക്കാണ് പദ്ധതി പ്രയോജനപ്പെടുത്താനാകുക. പദ്ധതിയിൽ അംഗമായിട്ടുള്ളവരുടെ സ്ഥലത്തോ അഞ്ചുമുതൽ എഴുവർഷം വരെ പഞ്ചായത്തുമായി പാട്ടക്കരാർ നടത്താൻ തയ്യാറായിട്ടുള്ളവരുടെ ഭൂമിയിലോ ആണ് നിലവിൽ തൊഴിലുറപ്പ് പദ്ധതിയിലൂടെ കെട്ടിടങ്ങൾ നിർമിച്ചുനൽകുക.
ആദ്യഘട്ടത്തിൽ 10 ലക്ഷം രൂപ വരെ വകയിരുത്തിയിട്ടുള്ള കെട്ടിടങ്ങളുടെ നിർമാണമാണ് എറ്റെടുക്കുക. തൊഴിലുറപ്പ് പ്രവർത്തകരേയും കെട്ടിടനിർമാണ വിദഗ്ധരായ ജോലിക്കാരേയുമാണ് ജോലികൾക്ക് നിയോഗിക്കുന്നത്. മേൽക്കൂര ടെറസായിരിക്കണമെന്നാണ് നിലവിലെ നിബന്ധന. ചെറ്റാരിക്കലിൽ തൊഴിലുറപ്പ് വഴി നിർമിച്ച വനിതാസംരംഭമായ സിടെക്ക് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.സി. ബിജു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്ഠരുമഠത്തിൽ അധ്യക്ഷനായി. എഴുവർഷമായി തയ്യൽ യൂണിറ്റ് നടത്തുന്ന വനിതാ സംഘമാണ് പുതിയ സ്ഥാപനത്തിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുന്നത്.
തൊഴിലുറപ്പ് വഴി ലഭിച്ച എഴുലക്ഷത്തിന് പുറമേ അഞ്ചുലക്ഷം രൂപകൂടി ചെലവിട്ടാണ് കെട്ടിടനിർമാണം പൂർത്തിയാക്കിയിട്ടുള്ളത്. ടീ ഷർട്ട് നിർമാണം, എംബ്രോയിഡറി എന്നിവയ്ക്കുള്ള പ്രത്യേക ആധുനിക യന്ത്രങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. സനീഷ് കുമാർ ജോസഫ് എം.എൽ.എ., ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ഷാജി, ഗ്രാമപ്പഞ്ചായത്തംഗങ്ങളായ പി.ജി. സത്യപാലൻ, വർഗീസ് പയ്യപ്പിള്ളി, മംഗലശ്ശേരി പള്ളി വികാരി ഫാ. നിക്കോളാസ്, ഫാ. കുരിയാക്കോസ്, ഫാ. ഡിൽജോ, സംഘം പ്രസിഡന്റ് രമാ ഗിരി, മോളി പൗലോസ് തുടങ്ങിയവർ പ്രസംഗിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..