• കുന്നംകുളം കക്കാട് മഹാഗണപതിക്ഷേത്രത്തിൽ കക്കാട് കാരണവപ്പാടായി മണക്കുളം ദിവാകരരാജയെ ആഴ്‌വാഞ്ചേരി തമ്പ്രാക്കൾ അരിയിട്ടുവാഴിക്കുന്നു
കുന്നംകുളം : കക്കാട് കാരണവപ്പാടായി മണക്കുളം ദിവാകരരാജയെ ആഴ്‌വാഞ്ചേരി തമ്പ്രാക്കൾ അരിയിട്ടുവാഴിച്ചു. കക്കാട് ഗണപതിക്ഷേത്രത്തിൽ രാജകുടുംബാംഗങ്ങളുടെയും ഭക്തരുടെയും സാന്നിധ്യത്തിലായിരുന്നു സ്ഥാനാരോഹണം.
കക്കാട് കാരണവപ്പാടായിരുന്ന ചിറളയം രാജകുടുംബാംഗമായ പന്തളം മോഹനരാജ അന്തരിച്ചതിനെത്തുടർന്നാണ് പുതിയ കാരണവപ്പാടായി മണക്കുളം ദിവാകരരാജ സ്ഥാനമേൽക്കുന്നത്.
വിശേഷാൽ പൂജകൾക്കുശേഷമായിരുന്നു ചടങ്ങുകൾ. തന്ത്രി തെക്കേടത്ത് ശശിധരൻ നമ്പൂതിരി, അണ്ടലാടി പരമേശ്വരൻ നമ്പൂതിരി എന്നിവരുടെ മുഖ്യകാർമികത്വത്തിൽ മാന്തട്ടമന ഹരി നമ്പൂതിരി, കോതമംഗലം വാസുദേവൻ നമ്പൂതിരി, താമന്നൂർ കൃഷ്ണൻ നമ്പൂതിരി, മഠത്തിൽ നാരായണൻ നമ്പൂതിരി എന്നീ വൈദിക ശ്രേഷ്ഠരുടെ നേതൃത്വത്തിൽ കലശപൂജ നടത്തി.
കക്കാട് കാരണവപ്പാടായി തിരഞ്ഞെടുത്ത മണക്കുളം ദിവാകരരാജയെ കലശമാടിയതിനുശേഷം ആഴ്‌വാഞ്ചേരി തമ്പ്രാക്കൾ അക്ഷതവും പൂവും ശിരസ്സിലർപ്പിച്ച് പ്രാർഥിച്ച് അരിയിട്ടുവാഴ്ച നടത്തി. കാരണവപ്പാടായ ദിവാകരരാജ അധികാരചിഹ്നങ്ങൾ ഏറ്റുവാങ്ങി.അയ്യന്തോൾ കളക്ടറേറ്റിന് സമീപത്താണ് കേന്ദ്ര സർക്കാർ റിട്ട. ഉദ്യോഗസ്ഥനായ മണക്കുളം ദിവാകരരാജ (84) താമസിക്കുന്നത്.
പന്തളം കൊട്ടാരത്തിലെ അംബികാ രാജയാണ് ഭാര്യ. അഡ്വ. രാജീവ് ഡി. രാജ മകനാണ്. കക്കാട് കാരണവപ്പാടായി സ്ഥാനമേറ്റ മണക്കുളം ദിവാകരരാജയെ മലങ്കര ഓർത്തഡോക്‌സ് സഭ കുന്നംകുളം ഭദ്രാസനാധിപൻ ഗീവർഗീസ് മാർ യൂലിയോസ് അനുമോദിക്കാനെത്തി. ഫാ. ഇയ്യോബ്, പാറയിൽ പള്ളി വികാരി ഫാ. മാത്യു വർഗീസ് കുളങ്ങാട്ടിൽ എന്നിവരുമുണ്ടായിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..