• പ്ലാത്തോട്ടത്തിൽ ഷാജിയുടെ വീടിന് മുന്നിൽ സമരം നടത്തിയ സിയോൺ വിശ്വാസികൾ ബന്ധുവിന്റെ കാർ തടഞ്ഞപ്പോൾ
മുരിയാട് : സിയോൺ ധ്യാനകേന്ദ്രത്തിന് സമീപം വിശ്വാസികൾ നടത്തിയ പ്രതിഷേധം സംഘർഷത്തിലവസാനിച്ചു. വിശ്വാസികൾ നൽകിയ പരാതിയിൽ പോലീസ് നടപടി എടുത്തില്ലെന്നാരോപിച്ചായിരുന്നു പ്രതിഷേധം. സഭ വിട്ടുപോയവരുടെ വീടിന് മുന്നിൽ സ്ത്രീകളടക്കമുള്ളവർ സമരം നടത്തി.
കഴിഞ്ഞ ദിവസം നടന്ന സംഘർഷത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന പ്ലാത്തോട്ടത്തിൽ ഷാജിയുടെ വീട്ടിലേക്കാണ് സ്ത്രീകളുടെ നേതൃത്വത്തിൽ ഒരുകൂട്ടം സഭാ വിശ്വാസികൾ പ്രതിഷേധവുമായി ശനിയാഴ്ച രാവിലെ എത്തിയത്. സഭാ വിശ്വാസികൾ നൽകിയ പോക്‌സോ കേസിൽ പോലീസ് പ്രതികളെ അറസ്റ്റ് ചെയ്യാതെ സംരക്ഷിക്കുകയാണെന്ന് അവർ ആരോപിച്ചു. ഇതിനിടയിൽ കാറിലെത്തിയ ഷാജിയുടെ ബന്ധു ബിബിനെ പ്രതിഷേധക്കാർ തടഞ്ഞ് മർദിച്ചു. വണ്ടിയുടെ ചില്ലുകളും ഹെഡ്‌ലൈറ്റും തല്ലിത്തകർത്തു. ആളൂർ പോലീസ് എത്തിയാണ് ബിബിനെ ആശുപത്രിയിലേക്ക് മാറ്റിയത്.
സമാധാനപരമായി സമരം നടത്തിയിരുന്ന തങ്ങൾക്കിടയിലേക്ക് ഷാജിയുടെ ബന്ധു വണ്ടി ഓടിച്ചുകയറ്റാൻ ശ്രമിക്കുകയും തടയാൻ ചെന്ന രണ്ടുപേരെ ഇയാൾ കുത്തിപ്പരിക്കേൽപ്പിച്ചെന്നും വിശ്വാസികൾ ആരോപിച്ചു. ഇവർ ആശുപത്രിയിൽ ചികിത്സയിലാണെന്നും അവർ പറഞ്ഞു.
ഇരിങ്ങാലക്കുട, ചാലക്കുടി ഡിവൈ.എസ്.പി. മാരുടെ കീഴിലുള്ള സ്‌റ്റേഷനുകളിൽ നിന്ന് സി.ഐ. അടക്കമുള്ള പോലീസുകാരും വനിതാ പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു. പിന്നീട് സമരക്കാരുമായി പോലീസ് സംസാരിച്ചതിന്റെ അടിസ്ഥാനത്തിൽ അവർ പിരിഞ്ഞുപോയി. സംഘർഷസാധ്യത കണക്കിലെടുത്ത് പോലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ്.
സർവകക്ഷിയോഗം വിളിക്കാൻ കളക്ടറോട് ആവശ്യപ്പെടും
: മുരിയാട് സിയോൺ ധ്യാനകേന്ദ്രം വിശ്വാസികളും സഭ വിട്ടുപോയവരുമായുള്ള സംഘർഷാവസ്ഥ പരിഹരിക്കാൻ ജില്ലാ കളക്ടർ, പോലീസ് മേധാവി എന്നിവരുടെ നേതൃത്വത്തിൽ സർവകക്ഷിയോഗം ചേരും. ഇക്കാര്യമാവശ്യപ്പെട്ട് ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകാൻ ആർ.ഡി.ഒ.യുടെ നേതൃത്വത്തിൽ നടത്തിയ യോഗം തീരുമാനിച്ചു. ജില്ലാ കളക്ടറുടെ നിർദേശത്തെ ത്തുടർന്ന് ഇരിങ്ങാലക്കുട ആർ.ഡി.ഒ. എം.കെ. ഷാജിയുടെ അധ്യക്ഷതയിൽ ചേർന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സിയോൺ ധ്യാനകേന്ദ്രം പ്രതിനിധികളുടെയും യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്.
മുരിയാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി, വൈസ് പ്രസിഡന്റ് സരിതാ സുരേഷ്, വാർഡ് അംഗം കെ.യു. വിജയൻ, മുകുന്ദപുരം തഹസിൽദാർ കെ. ശാന്തകുമാരി, ആളൂർ സ്റ്റേഷൻ ഓഫീസർ സിബിൻ, വില്ലേജ് ഓഫീസർ എം.ജി. ജയശ്രീ, സിയോൺ ധ്യാനകേന്ദ്രം പ്രതിനിധികളായ ഡയസ് അച്ചാണ്ടി, ആന്റോ വർഗീസ് എന്നിവരാണ് യോഗത്തിൽ പങ്കെടുത്തത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..