കുന്നംകുളം : ഹരിതകർമസേനയ്ക്കുള്ള യൂസർഫീ കളക്ഷൻ 80 ശതമാനത്തിലെത്തിക്കാനും അജൈവമാലിന്യ സംസ്‌കരണം കാര്യക്ഷമമാക്കാനും നഗരസഭാ കൗൺസിൽ യോഗത്തിൽ തീരുമാനം. ആരോഗ്യവിഭാഗം തയ്യാറാക്കിയ 15 നിർദേശങ്ങളും അംഗീകരിച്ചു. ഈ മാസം ചേരുന്ന വാർഡ് സഭാ യോഗങ്ങളിൽ അജൈവമാലിന്യ ശേഖരണം കാര്യക്ഷമമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പ്രത്യേക അജൻഡയായി ചർച്ച ചെയ്യും.
നല്ലവീട് നല്ലനഗരം പദ്ധതി വിജയകരമായിരുന്നെങ്കിലും തുടർപ്രവർത്തനങ്ങളിൽ പിന്നാക്കം പോയെന്നാണ് ആരോഗ്യവിഭാഗത്തിന്റെ റിപ്പോർട്ട്. അജൈവമാലിന്യം ഹരിതകർമസേനയ്ക്ക് കൈമാറാൻ തയ്യാറാകാത്തവരും യൂസർഫീ എല്ലാ മാസങ്ങളിലും നൽകാത്തവരുമുണ്ട്. കൗൺസിലർമാരുടെ വീടുകളിൽനിന്ന് യൂസർഫീ നൽകുന്നില്ലെന്ന പരാതിയും ചർച്ചയായി. ഭൂരിഭാഗം വീട്ടുകാരും രണ്ടോ മൂന്നോ മാസം കൂടുമ്പോഴാണ് യൂസർഫീ നൽകുന്നത്.
മാലിന്യസംസ്‌കരണം കാര്യക്ഷമമായില്ലെങ്കിൽ ലോകബാങ്കിൽ നിന്നുൾപ്പെടെ ലഭിക്കുന്ന സഹായധനത്തിന് തടസ്സമുണ്ടാകുമെന്ന് ചെയർപേഴ്‌സൺ സീതാ രവീന്ദ്രൻ പറഞ്ഞു. യൂസർഫീ നൽകേണ്ടത് നിയമപരമായ ബാധ്യതയാണെന്നും തുടർപ്രവർത്തനങ്ങളുമായി മുന്നോട്ടുപോകണമെന്നും സെക്രട്ടറി വി.എസ്. സന്ദീപ്കുമാർ അറിയിച്ചു. കിഴൂർ സൗത്ത് വാർഡിൽ കുടിവെള്ള പദ്ധതിക്ക് നിർമിച്ച കിണറിൽ ഉപ്പുവെള്ളമാണ് ലഭിക്കുന്നതെന്നും അടിയന്തര ഇടപെടലുണ്ടാകണമെന്നും രേഷ്മാ സുനിൽ ആവശ്യപ്പെട്ടു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..