കുന്നംകുളത്തെ വീട്ടിൽനിന്ന് 95 പവൻ കവർന്ന കേസ് : പ്രതി പിടിയിൽ


• പ്രതിയുമായി പോലീസ് നെഹ്റു നഗറിലെത്തി തെളിവെടുപ്പ് നടത്തുന്നു

കുന്നംകുളം : ശാസ്ത്രിജി നഗറിലെ എൽ.ഐ.സി. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ദേവിയുടെ വീട്ടിൽനിന്ന് 95 പവൻ കവർന്ന കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ ഇരിക്കൂർ പട്ടുവം ദാറുൽഫലാഹിൽ ഇസ്മയിലി(30)നെയാണ് സിറ്റി പോലീസ് കമ്മിഷണർ അങ്കിത് അശോകന്റെ നേതൃത്വത്തിൽ പിടികൂടിയത്.

ജനുവരി ഒന്നിന് പകൽ, വീട്ടിൽ ആളില്ലാത്ത സമയത്താണ് മോഷണം നടന്നത്. പ്രദേശത്തെ നിരീക്ഷണ ക്യാമറകളിൽനിന്ന് പ്രതിയുടെ ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. പകൽ മോഷണം നടത്തുന്ന സംസ്ഥാനത്തെ നൂറ്റമ്പതോളം പേരെക്കുറിച്ചുള്ള വിവരങ്ങളും പോലീസ് ശേഖരിച്ചിരുന്നു. ഇവരിൽ ജയിലിന് പുറത്തുള്ളവരെക്കുറിച്ചുള്ള അന്വേഷണത്തിലാണ് ഇസ്മയിൽ കുടുങ്ങിയത്. ആളില്ലാത്ത വീടാണെന്ന് ഉറപ്പാക്കിയശേഷം അകത്തുകയറി വിലപിടിപ്പുള്ള സാധനങ്ങൾ കവരുന്നതാണ് സ്ഥിരം രീതിയെന്നും പോലീസ് പറഞ്ഞു.

40 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങളാണ് നഷ്ടപ്പെട്ടിരുന്നത്. മോഷ്ടിച്ച സ്വർണാഭരണങ്ങൾ കോഴിക്കോട്ടെ ജൂവലറിയിൽ വിറ്റിരുന്നു. ഇതിൽ 80 പവനോളം കണ്ടെത്തി. സ്വർണം വിറ്റ് ലഭിച്ച പണവും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

ധർമടം, എളമക്കര, മലപ്പുറം, തൃക്കാക്കര, കോഴിക്കോട് മെഡിക്കൽ കോളേജ്, കോഴിക്കോട് ടൗൺ, ഫറൂക്ക്, നല്ലളം, കായംകുളം, പത്തനാപുരം, കളമശ്ശേരി എന്നീ പോലീസ് സ്‌റ്റേഷനുകളിൽ ഇസ്മയിലിന്റെ പേരിൽ കേസുകളുണ്ട്. കഴിഞ്ഞ മാസം പുനലൂരിലെ വീട്ടിൽനിന്ന് 30 പവൻ സ്വർണാഭരണങ്ങൾ കവർന്നതായും പ്രതി കുറ്റസമ്മതം നടത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

ഡിസംബർ രണ്ടിനാണ് മാവേലിക്കര ജയിലിൽനിന്ന് ഇയാൾ പുറത്തിറങ്ങിയത്. എ.സി.പി. ടി.എസ്. സിനോജ്, എസ്.എച്ച്.ഒ. യു.കെ. ഷാജഹാൻ എന്നിവരുടെ നേതൃത്വത്തിൽ പോലീസ് പ്രതിയുമായി ശാസ്ത്രിജി നഗറിലെ വീട്ടിലെത്തി തെളിവെടുത്തു.

തൃശ്ശൂർ ക്രൈം സ്‌ക്വാഡിലെ എസ്.ഐ.മാരായ സുവ്രതകുമാർ, റാഫി, ഗോപാലകൃഷ്ണൻ, രാകേഷ്, കുന്നംകുളം സ്റ്റേഷനിലെ എസ്.ഐ.മാരായ രാജീവ്, ഷക്കീർ അഹമ്മദ്, സുകുമാരൻ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..