• ദേശീയപാതയിൽ ചെന്ത്രാപ്പിന്നി സെന്ററിൽ സ്ഥാപിച്ച കയ്പമംഗലം പോലീസ് സ്റ്റേഷന്റെ ബോർഡ്
കയ്പമംഗലം : ദേശീയപാതയിൽ തിരക്കേറിയ ചെന്ത്രാപ്പിന്നി സെന്ററിൽ പോലീസ് സ്റ്റേഷന്റെ ബോർഡ് സ്ഥാപിച്ചത് യാത്രക്കാർക്ക് ബുദ്ധിമുട്ടാകുന്നു. ദേശീയപാതയിൽനിന്ന് ചാമക്കാല ബീച്ച് റോഡിലേക്ക് തിരിയുന്ന ഭാഗത്താണ് കഴിഞ്ഞദിവസം കയ്പമംഗലം പോലീസ് സ്റ്റേഷന്റെ ബോർഡ് സ്ഥാപിച്ചത്. ഏറെ വാഹനത്തിരക്കുള്ളതും ഇടുങ്ങിയതുമായ സെന്ററാണിത്.
നാലടി നീളവും മൂന്നടി ഉയരവുമുള്ള ബോർഡാണ് സ്ഥാപിച്ചത്. ചാമക്കാലയിലേക്ക് തിരിയേണ്ട വാഹനങ്ങളും കാൽനടയാത്രക്കാർപോലും ഇതുമൂലം പ്രയാസത്തിലായി. പടിഞ്ഞാറുനിന്ന് വരുന്ന വാഹനങ്ങൾക്ക് ദേശീയപാതയിലൂടെ വരുന്ന വാഹനങ്ങളെയും ദേശീയപാതയിലൂടെ വരുന്ന വാഹനങ്ങൾക്ക് ബീച്ച് റോഡിൽനിന്ന് വരുന്ന വാഹനങ്ങളെയും കാണാൻ കഴിയാത്ത സ്ഥിതിയുമുണ്ട്. ബോർഡ് സ്ഥാപിച്ച് രണ്ടുദിവസത്തിനുള്ളിൽതന്നെ വാഹനങ്ങൾ തട്ടി ബോർഡിന് തകരാറുണ്ടായിട്ടുമുണ്ട്.
ഇവിടെനിന്ന് നാല് കിലോമീറ്ററോളം അകലെയാണ് പോലീസ് സ്റ്റേഷൻ, എന്നാൽ, സ്റ്റേഷനിലേക്ക് എത്തിപ്പെടാനുള്ള ദിശാസൂചന പോലീസിന്റെ ബോർഡിൽ കൊടുത്തിട്ടുമില്ല. പിന്നെ എന്തിനാണ് ഇങ്ങനെയൊരു ബോർഡെന്നാണ് നാട്ടുകാരുടെ ചോദ്യം. എത്രയും വേഗം അധികൃതർ ഇടപെട്ട് ബോർഡ് മറ്റൊരു സ്ഥലത്തേക്ക് മാറ്റണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..