• കുന്നംകുളം വെട്ടിക്കടവ് നൂറടിത്തോട്ടിലെ പാഴ്‌ച്ചെടികൾ ബാർജിൽ മണ്ണുമാന്തി ഘടിപ്പിച്ച് നീക്കം ചെയ്യുന്നു
കുന്നംകുളം : തിരുത്തിക്കാട് ബണ്ട് പാടശേഖരത്തിലേക്ക് വെള്ളം പമ്പുചെയ്യുന്നതിന് മുന്നോടിയായി നൂറടിത്തോട്ടിലെ പാഴ്‌ച്ചെടികൾ നീക്കുന്ന ജോലികൾക്ക് തുടക്കമായി. ചെറുകിട ജലസേചനവകുപ്പിന്റെ നേതൃത്വത്തിൽ 7.64 ലക്ഷം രൂപ ചെലവഴിച്ചാണ് തോട് വൃത്തിയാക്കുന്നത്.
തുടർച്ചയായ നാലാംവർഷമാണ് നൂറടിത്തോട്ടിൽ ബാർജിൽ മണ്ണുമാന്തി ഘടിപ്പിച്ച് ചണ്ടിയും കുളവാഴയും നീക്കംചെയ്യുന്നത്. മുൻവർഷങ്ങളിലുള്ളതിനേക്കാൾ പാഴ്‌ച്ചെടികളുടെയും മാലിന്യങ്ങളുടെയും അളവ് കുറഞ്ഞിട്ടുണ്ട്. വെട്ടിക്കടവ് മുതൽ കരിച്ചാൽക്കടവ് വരെയുള്ള മൂന്നര കിലോമീറ്റർ ദൂരത്തിലുള്ള ഭാഗങ്ങളാണ് വൃത്തിയാക്കുന്നത്. രണ്ടാഴ്ചയ്ക്കുള്ളിൽ പ്രവൃത്തികൾ പൂർത്തിയാകും. നൂറടിത്തോട്ടിൽനിന്നുള്ള പ്രധാന ഉപതോടുകൾ കഴിഞ്ഞ വേനലിൽ കെ.എൽ.ഡി.സി.യുടെ നേതൃത്വത്തിൽ ആഴംകൂട്ടി വൃത്തിയാക്കിയിരുന്നു.
വെട്ടിക്കടവ് ചെറുകിട ജലസേചനപദ്ധതിയുടെ ഭാഗമായി ബണ്ടിലേക്ക് വെള്ളം പമ്പുചെയ്യുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ശനിയാഴ്ച പരീക്ഷണാടിസ്ഥാനത്തിൽ വെള്ളം പമ്പ് ചെയ്യും. ഞായറാഴ്ച രാവിലെ മുതൽ 24 മണിക്കൂറും രണ്ട് പമ്പുകൾ പ്രവർത്തിക്കും. ബണ്ടിൽ മൂന്ന് മീറ്റർ ഉയരത്തിലാണ് കോൾപ്പാടത്തെ കൃഷിക്കായി വെള്ളം സംഭരിച്ചുനിർത്തുക. നൂറടിത്തോട്ടിൽനിന്ന് കുളവാഴയും മറ്റും നീക്കുന്നതിനാൽ ഇത്തവണ ബണ്ടിലേക്ക് പാഴ്‌ച്ചെടികളെത്തുന്നതും കുറയും.
കഴിഞ്ഞവർഷം നേരത്തെ പമ്പിങ് തുടങ്ങിയിരുന്നു. കക്കാട് പാടശേഖരത്തിലെ കൊയ്ത്തിനുശേഷം വൈക്കോൽ നീക്കുന്ന പണികൾ പൂർത്തിയാക്കാൻ വൈകിയതിനാൽ ഇത്തവണ പമ്പിങ് നേരത്തെ തുടങ്ങാനായില്ല. കരിച്ചാൽക്കടവിൽ പാലംപണിയുടെ ഭാഗമായി തടയണ കെട്ടിയിട്ടുണ്ട്. പമ്പിങ് തുടങ്ങിയശേഷം വെള്ളത്തിന്റെ ഒഴുക്കിന് തടസ്സമുണ്ടെങ്കിൽ തടയണയുടെ ഉയരംകുറച്ച് ഒഴുക്ക് ക്രമീകരിക്കുമെന്ന് അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എൻജിനീയർ സി.ജെ. ഗീവർ പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..