കൊരട്ടി ജങ്ഷനിൽ കപ്പേളയ്ക്ക് പിറകിൽ തള്ളിയിരിക്കുന്ന മാലിന്യം
കൊരട്ടി : ‘ക്ലീൻ കൊരട്ടി, ഗ്രീൻ കൊരട്ടി’യെന്ന സന്ദേശവുമായി മാലിന്യനിർമാർജനത്തിന് വിവിധ പദ്ധതികളുള്ള കൊരട്ടിയിലെ ജങ്ഷൻ അനധികൃത മാലിന്യകേന്ദ്രമാവുന്നു. ജങ്ഷനിലെ പ്രധാന കപ്പേളയോട് ചേർന്ന് റെയിൽവേ ട്രാക്കിനരികിലാണ് പ്ലാസ്റ്റിക് മാലിന്യം ഉൾപ്പെടെ വലിയതോതിൽ പലരും തള്ളിപ്പോകുന്നത്.
കപ്പേളയ്ക്ക് പുറമേ, ഒട്ടേറെ വ്യാപാരസ്ഥാപനങ്ങൾക്കും സമീപത്താണ് രൂക്ഷഗന്ധം വമിക്കുന്ന മാലിന്യം ചീഞ്ഞളിയുന്നത്. പഴയ ദേശീയപാതയിലെ റെയിൽവേ ഗേറ്റിനും ദേശീയപാതയ്ക്കും ഇടയിൽ നടപ്പാതയോട് ചേർന്നാണ് മാലിന്യം തട്ടുന്നത്. ആരുടെയും ശ്രദ്ധയിൽപ്പെടാതെ മാലിന്യം തള്ളാമെന്നതാണ് മാലിന്യവുമായി ഇവിടേക്ക് എത്താനുള്ള പ്രധാന കാരണം.
ബെവ്‌കോയുടെ സമീപത്തുള്ള ഈ ഭാഗത്ത് ഒഴിഞ്ഞ മദ്യക്കുപ്പികളും വലിച്ചെറിയുന്നുണ്ട്. ആക്രി ശേഖരിക്കുന്നവർ കുപ്പികൾ കൊണ്ടുപോകുന്നുണ്ടെങ്കിലും പ്ലാസ്റ്റിക് കവറുകളും മറ്റ് മാലിന്യങ്ങളും ഇവിടെ ചിതറിക്കിടക്കുന്ന സ്ഥിതിയാണ്.
പദ്ധതികളുണ്ട്, പക്ഷേ..
: പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്ന ഹരിതകർമസേനയുടെ പ്രവർത്തനത്തിന് പ്രത്യേക അംഗീകാരം നേടിയിട്ടുള്ള പഞ്ചായത്താണ് കൊരട്ടി. ഇതിനുപുറമേ, ശുചിത്വമിഷനുമായി സഹകരിച്ച് പ്ലാസ്റ്റിക് നിർമാർജന യൂണിറ്റും ഒരുക്കിയിട്ടുണ്ട്. ഹരിതകർമസേന വീടുകൾ വഴിയും സ്ഥാപനങ്ങൾ വഴിയും ശേഖരിക്കുന്ന മാലിന്യം തരംതിരിച്ച് ശുചിത്വമിഷൻ വഴിയുള്ള നിർമാർജന പദ്ധതികളും ഇവിടെ സജീവമാണ്. ഇത് പ്രയോജനപ്പെടുത്താതെയാണ് കൊരട്ടി ജങ്ഷനിൽ മാലിന്യം തള്ളുന്നത്. മാലിന്യം തള്ളുന്നവരെ കണ്ടെത്തി, പഞ്ചായത്ത് രാജ് ചട്ടപ്രകാരം നടപടിയെടുക്കണമെന്ന് പ്രദേശത്തെ സ്ഥാപന ഉടമകളും നാട്ടുകാരും ആവശ്യപ്പെട്ടു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..