എടത്തിരുത്തി മധുരംപിള്ളി റോഡിന്റെ നിർമാണം പുനരാരംഭിച്ചപ്പോൾ
കയ്പമംഗലം : എടത്തിരുത്തി പഞ്ചായത്തിലെ ചെന്ത്രാപ്പിന്നി ശ്രീമുരുക - മധുരംപിള്ളി റോഡിന്റെ നിർമാണം പുനരാരംഭിച്ചു. പ്രധാനമന്ത്രി ഗ്രാമീണ സഡക്ക് യോജന പദ്ധതിപ്രകാരം രണ്ടേമുക്കാൽ കോടി രൂപ ചെലവഴിച്ചാണ് റോഡ് പുനർനിർമിക്കുന്നത്.
നാല്പത് ശതമാനം ഫണ്ട് സംസ്ഥാന സർക്കാർ വഹിക്കും. പറയൻക്കടവിൽ നേരത്തെ ടൈൽ വിരിച്ച ഭാഗം മുതൽ ചെന്ത്രാപ്പിന്നി ഹൈസ്കൂൾ റോഡിലെ ശ്രീമുരുക തിയേറ്റർ വരെയുള്ള നാലരക്കിലോമീറ്ററിലെ റോഡാണ് വികസിപ്പിക്കുന്നത്. കലുങ്കുകളുൾപ്പെടെ ആറ് പാലങ്ങളും ഉണ്ടാകും.
പാലങ്ങളുടെ നിർമാണമാണ് ഇപ്പോൾ പുരോഗമിക്കുന്നത്. മൂന്നെണ്ണം ഇതിനോടകം പൂർത്തിയായി. മതിലുകളും മറ്റും പൊളിച്ചുമാറ്റുന്ന ജോലികൾ ചെന്ത്രാപ്പിന്നി അലുവതെരുവ് വരെയുള്ള ഭാഗങ്ങളിൽ പൂർത്തിയായിട്ടുണ്ട്. മറ്റുള്ള ഇടങ്ങളിലെ സ്ഥലമേറ്റെടുപ്പും ഉടൻ പൂർത്തിയാക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. ചന്ദ്രബാബു പറഞ്ഞു. 2022 േമയിലാണ് പണി തുടങ്ങിയത്. എന്നാൽ വെള്ളക്കെട്ടുളള പ്രദേശമായതിനാൽ ബി.എം.ബി.സി. നിലവാരത്തിൽ അഞ്ചുവർഷം ഗ്യാരന്റിയോടെ പണിയാൻ പറ്റില്ലെന്ന് പറഞ്ഞ് കരാറുകാരൻ പിന്മാറിയതോടെ പണികൾ താത്കാലികമായി നിർത്തുകയായിരുന്നു.
തുടർന്ന് പഞ്ചായത്ത് സർക്കാരിനെ സമീപിച്ച് വെള്ളക്കെട്ടുള്ള സ്ഥലങ്ങളിൽ കോൺക്രീറ്റും മറ്റിടങ്ങളിൽ ബി.എം.ബി.സി. ടാറിടലിനും അനുമതി വാങ്ങിയതിനെത്തുടർന്നാണ് പണി പുനരാരംഭിച്ചത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..