'പള്ള'യുടെ ഓർമയിൽ നാടിന്റെ ക്രിക്കറ്റ് ആവേശം


• കുന്നംകുളം ക്രിക്കറ്റ് അസോസിയേഷൻ മുണ്ടൂരിൽ നടത്തുന്ന പള്ള മെമ്മോറിയൽ ക്രിക്കറ്റ് ടൂർണമെന്റിൽനിന്ന്. മരിച്ച മനോജ്കുമാർ (പള്ള) ഇൻസെറ്റിൽ

കുന്നംകുളം : 'പള്ളയ്ക്ക് ക്രിക്കറ്റ് കളിക്കാനറിയില്ല, പക്ഷേ നാട്ടിലെവിടെ കളി നടന്നാലും പള്ളയും കൂട്ടരും മുന്നിലുണ്ടാകും. മികച്ച കളിക്കാരെ കെട്ടിപ്പിടിച്ചും പൊക്കിയെടുത്തും സന്തോഷം പ്രകടിപ്പിക്കും. ടീമല്ല, കളിയായിരുന്നു പള്ളക്ക് പ്രധാനം.' കുന്നംകുളം കിഴൂർ ചെറുവത്തൂർ മനോജ്കുമാറിനെ(പള്ള)ക്കുറിച്ച് പറയുമ്പോൾ കൂട്ടുകാർക്കിന്നും നൂറുനാവാണ്. പള്ളയുടെ സ്മരണയിൽ നടക്കുന്ന ക്രിക്കറ്റ് ടൂർണമെന്റിന്റെ ഫൈനലാണ് ഞായറാഴ്ച. പള്ളയെ അറിയുന്നവരും ക്രിക്കറ്റിനെ സ്‌നേഹിക്കുന്നവരുമെല്ലാം മുണ്ടൂരിലെ ആത്രേയ ക്രിക്കറ്റ് അക്കാദമിയിലെത്തും.

ദുബായിലെ സ്വകാര്യ കമ്പനിയിൽ സൂപ്പർവൈസറായിരുന്ന മനോജ്കുമാർ 2019-ലാണ് മരിക്കുന്നത്. പള്ളയുടെ സ്മരണ നിലനിർത്താൻ ക്രിക്കറ്റാണ് ഏറ്റവും ഉചിതമെന്ന് കൂട്ടുകാരും കുന്നംകുളം ക്രിക്കറ്റ് അസോസിയേഷനും തീരുമാനിച്ചു. അങ്ങനെയാണ് അന്നുവരെ നിലവിലില്ലാത്ത നൂറ് ബോൾ ക്രിക്കറ്റ് പള്ളയ്ക്കുവേണ്ടി തുടങ്ങിയത്.

40 വയസ്സിന് മുകളിലുള്ളവർക്കാണ് മത്സരം. ആറ് ബോളുകൾ വീതമുള്ള 15 ഓവറും പത്ത് ബോളുള്ള ഒരു സൂപ്പർഓവറുമാണ് മത്സരത്തിന്റെ ഘടന. വെറ്ററൻസ് ക്രിക്കറ്റ് പ്രേമികൾക്കിടയിൽ ശ്രദ്ധനേടിയ പള്ള മെമ്മോറിയൽ ക്രിക്കറ്റ് ടൂർണമെന്റിന്റെ അഞ്ചാമത് മത്സരത്തിൽ 24 ടീമുകളാണ് കഴിവുതെളിയിക്കാനെത്തിയത്.

72 വയസ്സുള്ളവർ വരെ കളിക്കാരായി മൈതാനത്തിലിറങ്ങുന്നുണ്ട്. പത്ത് ലക്ഷത്തോളം രൂപയാണ് ഒരു വർഷത്തെ മത്സരങ്ങൾക്കുള്ള ചെലവ്. പള്ളയെയും ക്രിക്കറ്റിനെയും സ്‌നേഹിക്കുന്നവരിൽനിന്നാണ് തുക കണ്ടെത്തുന്നത്.

സംഘാടകസമിതി ചെയർമാൻ എം. ശശി, സെക്രട്ടറി കെ. അർഷാദ്, കൺവീനർ പി.എസ്. ഷാനു, പി. ആനന്ദ് തുടങ്ങിയവരാണ് മത്സരങ്ങൾക്ക് നേതൃത്വം നൽകുന്നത്.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..