• കുന്നംകുളത്ത് നിർമാണം പൂർത്തിയായ അസാപിന്റെ ജില്ലയിലെ ആദ്യത്തെ കമ്മ്യൂണിറ്റി സ്കിൽ പാർക്ക് കെട്ടിടം
കുന്നംകുളം : തൊഴിൽ പരിജ്ഞാനമുള്ള യുവജനതയെ പ്രാപ്തരാക്കാൻ ഉന്നതവിദ്യാഭ്യാസവകുപ്പിന്റെ കീഴിൽ നിർമാണം പൂർത്തിയായ അസാപിന്റെ ജില്ലയിലെ ആദ്യത്തെ കമ്മ്യൂണിറ്റി സ്കിൽ പാർക്ക് ശനിയാഴ്ച പൊതുജനങ്ങൾക്ക് സമർപ്പിക്കും. പൊതു സ്വകാര്യ പങ്കാളിത്തത്തിൽ നടപ്പാക്കുന്ന നൂതന തൊഴിൽപരിശീലനകേന്ദ്രം 3.30-ന് മന്ത്രി ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും.
കുന്നംകുളം ഗവ. മോഡൽ ബോയ്‌സ് ഹയർ സെക്കൻഡറി സ്കൂളിനോടു ചേർന്നുള്ള പൊതുവിദ്യാഭ്യാസവകുപ്പിന്റെ ഒരേക്കർ സ്ഥലത്താണ് 30,000 ചതരുശ്ര അടി വിസ്തീർണത്തിൽ സ്കിൽ പാർക്കിന് മൂന്നുനില കെട്ടിടം നിർമിച്ചിട്ടുള്ളത്. നൂതനമായ പ്രീഫാബ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് നിർമാണം. സർട്ടിഫൈഡ് നഴ്‌സിങ് അസിസ്റ്റന്റ്, ലോജിസ്റ്റിക് മാനേജ്‌മെന്റിൽ അഡ്വാൻസ്ഡ് ഡിപ്ലോമ, ഫിറ്റ്‌നസ് ട്രെയ്‌നർ, മെഡിക്കൽ കോഡിങ് ആൻഡ് ബില്ലിങ്, ജി.എസ്.ടി. യൂസിങ് ടാലി തുടങ്ങിയ കോഴ്‌സുകളാണ് ആദ്യഘട്ടത്തിലുള്ളത്.
സോളാർ ടെക്‌നീഷ്യൻ, ഓട്ടോമോട്ടീവ് ടെക്‌നോളജി, പ്രിന്റിങ് ടെക്‌നോളജി തുടങ്ങിയ കോഴ്‌സുകളും തുടങ്ങും.
തിരഞ്ഞെടുത്ത കോഴ്‌സുകളിലേക്ക് സ്കോളർഷിപ്പ്, സ്കിൽ ലോൺ, ഇൻസ്റ്റാൾമെന്റ് എന്നീ സൗകര്യങ്ങളുമുണ്ടാകും. തൊഴിലെന്ന യുവജനങ്ങളുടെ നൈപുണ്യവികസനത്തിലും തൊഴിൽവ്യവസായ മേഖലകളിലും വലിയ മാറ്റമാണ് സ്കിൽ പാർക്കിലൂടെ ലക്ഷ്യമിടുന്നതെന്ന് എ.സി. മൊയ്തീൻ എം.എൽ.എ. പറഞ്ഞു.
അത്യാധുനിക സൗകര്യങ്ങളോടെയുള്ള കെട്ടിടത്തിന് 14.41 കോടി രൂപയാണ് നിർമാണച്ചെലവ്. ക്ലാസ് മുറികൾ, ലാബ് സൗകര്യം, വിദ്യാർഥികൾക്ക് ലോക്കർ സൗകര്യമുള്ള ചെയ്ഞ്ചിങ് മുറികൾ, മീറ്റിങ് ഹാൾ, പ്രത്യേക സെർവർ റൂമോടെയുള്ള ഐ.ടി. ലാബ്, ലിഫ്റ്റ്, ഭിന്നശേഷിക്കാർക്കുള്ള പ്രത്യേകസൗകര്യങ്ങൾ, കാഴ്ചപരിമിതർക്കുള്ള ടൈലുകൾ എന്നിവയാണ് പ്രത്യേകത.
56,350 ലിറ്റർ ശേഷിയുള്ള മഴവെള്ള സംഭരണിയും മഴവെള്ളം പുനരുപയോഗിക്കാനുള്ള ഫിൽറ്റർ സംവിധാനവുമുണ്ട്. ചെയർപേഴ്‌സൺ സീതാ രവീന്ദ്രൻ, വൈസ് ചെയർപേഴ്‌സൺ സൗമ്യാ അനിലൻ, ഇറാം ടെക്‌നോളജീസ് ഡയറക്ടർ പൗലോസ് തേപ്പാല, അസാപ് ജില്ലാ പ്രോഗ്രാം മാനേജർ ടിയാരാ സന്തോഷ് തുടങ്ങിയവർ പരിപാടികൾ വിശദീകരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..