മുഖമെഴുതി, ഭാവം തെളിഞ്ഞു;അവർ അരങ്ങേറി


ചെറുതുരുത്തി : മഹാകവി വള്ളത്തോൾ കലാമണ്ഡലം സ്ഥാപിച്ചതിലൂടെ മുന്നിൽക്കണ്ട ലക്ഷ്യങ്ങൾക്കു മിഴിവേകിയ ദിനത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് കലാമണ്ഡലം ഗോപി. ആൺകുട്ടികൾക്കൊപ്പം കലാമണ്ഡലത്തിൽ പെൺകുട്ടികളും കഥകളി പഠിക്കാൻ ചേർന്ന്‌ പഠനം പൂർത്തിയാക്കി അരങ്ങിലെത്തുന്ന ചരിത്രനിമിഷമാണിതെന്നും അദ്ദേഹം പറഞ്ഞു. കേരള കലാമണ്ഡലം കല്പിത സർവകലാശാലയിൽ വടക്കൻ കളരി വിഭാഗം ആദ്യ ബാച്ച് പെൺകുട്ടികളുടെ അരങ്ങേറ്റത്തിനു കൂത്തമ്പലത്തിൽ കളിവിളക്ക് കൊളുത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉച്ചയ്ക്ക് കലാമണ്ഡലത്തിൽ കലാമണ്ഡലം ഗോപി കുട്ടികളെ മനയോല തൊടുവിപ്പിച്ചാണ് കഥകളിയിലെ മുഖമെഴുത്തിനു തുടക്കംകുറിച്ചത്. വടക്കൻ കളരി വിഭാഗത്തിൽ എം.എ. ത്രയംബകം, കെ.എസ്. ആര്യ, ദുർഗാ രമേഷ്, എ. അക്ഷയ, ഇ.എസ്. ശ്വേതലക്ഷ്മി എന്നീ പെൺകുട്ടികളാണ് അരങ്ങേറ്റംകുറിച്ചത്. ഇവർക്കൊപ്പം അഭിജിത്ത് കൃഷ്ണയും കഥകളി പുറപ്പാടിൽ അരങ്ങേറ്റംകുറിച്ചു.

കേരള കലാമണ്ഡലത്തിൽ കഥകളിപഠനത്തിനു കഠിനമായ പരിശീലനങ്ങൾ ആവശ്യമായതിനാൽ പെൺകുട്ടികൾക്ക്‌ ആദ്യകാലം മുതലേ പ്രവേശനം ഉണ്ടായിരുന്നില്ല. ചില വിദേശവനിതകൾ മാത്രമാണ് താത്കാലികമായി പഠനത്തിനെത്തിയിരുന്നത്. എന്നാൽ, കഴിഞ്ഞ ഭരണസമിതിയിൽ വന്നപ്പോൾ കലാമണ്ഡലം ഗോപി ഈ വിഷയം ഉന്നയിക്കുകയും ഭരണസമിതി തീരുമാനപ്രകാരം പെൺകുട്ടികൾക്കു കഥകളിയിൽ വടക്കൻ കളരി വിഭാഗത്തിൽ ആദ്യമായി പ്രവേശനം നൽകുകയുമായിരുന്നു. ഇവരാണ് പഠനം പൂർത്തിയാക്കി അരങ്ങിലെത്തിയത്.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..