• താങ്ങുച്ചിറ ബ്രാഞ്ച് കനാൽ നീരൊഴുക്ക് തടസ്സപ്പെട്ടനിലയിൽ
കൊരട്ടി : കാർഷിക - കുടിവെള്ള ക്ഷാമം രൂക്ഷമായ പാലപ്പിള്ളിയിലേക്ക് കനാൽവെള്ളം ലഭിക്കാത്തതിൽ പ്രതിഷേധം ശക്തമാവുന്നു. താങ്ങുച്ചിറ ബ്രാഞ്ച് കനാൽ വഴിയാണ് ഈ മേഖലയിലേക്ക് വെള്ളമെത്തേണ്ടത്. ഒന്നരമാസം നേരത്തേ മുതൽ ഈ ഭാഗത്തേക്ക് വെള്ളമെത്തേണ്ടിയിരുന്നതാണ്.
നാട്ടുകാരുടെ പരാതിയെത്തുടർന്ന് കഴിഞ്ഞദിവസം ഈ ഭാഗത്തേക്കുള്ള കനാലിലേക്ക് വെള്ളം തുറന്നിരുന്നു. എന്നാൽ, ചവറുകളും പുല്ലും മൂലം നീരൊഴുക്ക് തടസ്സപ്പെട്ട് വെള്ളം ലഭിച്ചില്ലെന്നാണ് നാട്ടുകാരുടെ പരാതി. അതേസമയം, കനാൽ നവീകരണസമയത്ത് നല്ലരീതിയിൽ പണികൾ നടത്തിയില്ലെന്ന് എ.ഐ.വൈ.എഫ്. ആരോപിച്ചു.
നിർമാണസമയത്തുതന്നെ ഇക്കാര്യം സൂചിപ്പിച്ചിട്ടും നടപടി സ്വീകരിച്ചില്ലെന്നാണ് പ്രവർത്തകർ പറയുന്നത്. വേണ്ടരീതിയിൽ വൃത്തിയാക്കാത്തതുമൂലം പല സ്ഥലങ്ങളിലും വെള്ളം കെട്ടിനിൽക്കുന്നതാണ് പാലപ്പിള്ളി പ്രദേശത്തേക്ക് വെള്ളം എത്താത്തതെന്നാണ് പറയുന്നത്. കനാൽ നവീകരിച്ച് വെള്ളമെത്തിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് എ.ഐ.വൈ.എഫ്. പ്രവർത്തകയോഗം ആവശ്യപ്പെട്ടു. പാലപ്പിള്ളി യൂണിറ്റ് നേതാക്കളായ പി.ആർ. അനന്തു, അഭിനവ് ഉണ്ണികൃഷ്ണൻ, മിഥുൻ മുരളി തുടങ്ങിയവർ പ്രസംഗിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..