പതിറ്റാണ്ട് പിന്നിട്ട് വൈഗെയുടെ അടച്ചുപൂട്ടൽ : സ്ഥലമേറ്റെടുക്കലും ആനുകൂല്യവും അനിശ്ചിതത്വത്തിൽ


കൊരട്ടി വൈഗെ കമ്പനിക്ക് (മദുരാ കോട്‌സ്) മുന്നിൽ നടന്ന തൊഴിലാളികളുടെ കൂട്ടായ്മ

കൊരട്ടി : ലഭിക്കാനുള്ള ആനുകൂല്യത്തിന്റെ പ്രതീക്ഷകളുമായി പൂട്ടുവീണ വൈഗെ (മദുരാ കോട്‌സ്) കമ്പനിയുടെ ഗേറ്റിൽ തൊഴിലാളികൾ സംഗമിച്ചു. അടച്ചുപൂട്ടലിന്റെ പത്താംവാർഷികദിനത്തിലാണ് പ്രതാപകാലത്തെ സ്മരണകൾക്കൊപ്പം അർഹമായ ആനുകൂല്യം വൈകുന്നതിന്റെ ആശങ്കകളുമായി തൊഴിലാളികളൊന്നിച്ചത്.

സർക്കാരുമായുള്ള ധാരണപ്രകാരം പ്രത്യേക ആനുകൂല്യങ്ങൾ ലഭിക്കുന്നതിലുള്ള കാലതാമസമാണ് തൊഴിലാളികളുടെ പ്രതിഷേധത്തിനിടയാക്കുന്നത്. പലരും ഇതിനകം മരിക്കുകയും പ്രായാധിക്യത്താൽ അവശരുമായ സാഹചര്യത്തിലാണ് നഷ്ടപരിഹാരനടപടികൾ വേഗത്തിലാക്കണമെന്ന ആവശ്യം ശക്തമാക്കുന്നത്.

തൊഴിലാളികളുടെ കൂട്ടായ്മയ്ക്ക് യൂണിയൻ നേതാക്കളായിരുന്ന പി.വി. കിഷോർ, എം.എം. ജോർജ്, വി.വി. എൽസമ്മ, ജോണി എന്നിവർ നേതൃത്വം നൽകി. 2013-ൽ കമ്പനി അടച്ചുപൂട്ടുന്ന സമയത്ത് കരാറിന്റെ അടിസ്ഥാനത്തിലാണ് ആനുകൂല്യങ്ങൾ നിശ്ചയിച്ചിരുന്നത്.

പതിറ്റാണ്ടുകൾ ജോലിചെയ്തവർക്കുപോലും ലഭിക്കേണ്ട ആനുകൂല്യം തീരെ കുറഞ്ഞതോടെ തപാൽവഴി വന്ന ആനുകൂല്യത്തിന്റെ ചെക്ക് പലരും മടക്കി അയച്ചിരുന്നു. പിന്നീട് സർക്കാരും മാനേജ്മെന്റും തൊഴിലാളികളും നടത്തിയ ചർച്ചയിൽ കമ്പനിയുടെ സ്ഥലം സർക്കാർ ഏറ്റെടുക്കുന്ന മുറയ്ക്ക് പ്രത്യേക ആനുകൂല്യം നൽകാമെന്ന് വാക്കാൽ ധാരണയുണ്ടാക്കുകയായിരുന്നു. ഇതിനിടയിൽ കമ്പനിയിലെ യന്ത്രങ്ങളും മറ്റും നേരത്തേതന്നെ ലേലംചെയ്യുകയും ചെയ്തിരുന്നു.

ലിക്വിഡേറ്ററിൽ പ്രതീക്ഷ

കർണാടക ഹൈക്കോടതി പുതിയ ലിക്വിഡേറ്ററായി മലയാളിയായ ഉദ്യോഗസ്ഥനെ നിയമിച്ചതായാണ് സൂചന. ഇതോടെ പത്ത്‌ വർഷമായി അനിശ്ചിതത്വത്തിലായിരുന്ന ഭൂമിയേറ്റെടുക്കൽ നടപടി വേഗത്തിലാകുമെന്നാണ് വിവരം.

ഇതിനുപുറമേ, തൊഴിലാളികളുടെ ആനുകൂല്യം സംബന്ധിച്ച് തൊഴിൽവകുപ്പിന്റെ പ്രാഥമിക അന്വേഷണവും കഴിഞ്ഞദിവസങ്ങളിലായി ആരംഭിച്ചിട്ടുണ്ട്. ലിക്വിഡേറ്ററും സർക്കാർ പ്രതിനിധികളും തമ്മിലുള്ള ചർച്ച അധികം വൈകാതെ ആരംഭിക്കുമെന്നാണ് അധികൃതർ പറയുന്നത്. കഴിഞ്ഞ സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച ഐ.ടി. ഹബ്ബ് ഇടനാഴിയുടെ സാധ്യതയ്ക്കും ജീവൻവയ്ക്കാം. അതേസമയം, സ്ഥലത്തിന് അവകാശവാദവുമായി കിൻഫ്രയും മറ്റുചില വകുപ്പുകളും രംഗത്തുണ്ട്.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..