വിഗ്രഹം തകർത്ത സംഭവം; വ്യാപക പ്രതിഷേധം


• കുരുംബമ്മ ക്ഷേത്രത്തിനു നേർക്കുണ്ടായ അതിക്രമത്തിൽ പ്രതിഷേധിച്ച് കൊടുങ്ങല്ലൂർ നഗരത്തിൽ ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തിൽ നടന്ന നാമജപ പ്രദക്ഷിണം

കൊടുങ്ങല്ലൂർ : കുരുംബമ്മ ക്ഷേത്രത്തിലെ വിഗ്രഹം തല്ലിത്തകർത്ത സംഭവത്തിൽ കൊടുങ്ങല്ലൂരിൽ വ്യാപക പ്രതിഷേധം. സംഭവത്തിൽ സമഗ്രാന്വേഷണം വേണമെന്ന് സ്ഥലം സന്ദർശിച്ച ബെന്നി ബഹനാൻ എം.പി. ആവശ്യപ്പട്ടു. സമഗ്രാന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ നേരിൽക്കണ്ട് കത്ത് നൽകിയതായി വി.ആർ. സുനിൽകുമാർ എം.എൽ.എ. പറഞ്ഞു.

കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കാനുള്ള നടപടിയെടുക്കണമെന്ന് കോൺഗ്രസ് നേതാക്കളായ ടി.എം. നാസർ, പി.യു. സുരേഷ് കുമാർ, ഇ.എസ്. സാബു എന്നിവർ ആവശ്യപ്പെട്ടു. അക്രമത്തെ എൽ.ഡി.എഫ്. മണ്ഡലം കമ്മിറ്റി അപലപിച്ചു. സംഭവത്തിലെ ദുരൂഹത പുറത്തുകൊണ്ടുവരുന്നതിനാവശ്യമായ അന്വേഷണം പോലീസിന്റെ ഭാഗത്തുനിന്ന്‌ ഉണ്ടാകണമെന്നും എൽ.ഡി.എഫ്. ആവശ്യപ്പെട്ടു. പ്രതിയെ പിടികൂടിയിട്ടും വിശ്വഹിന്ദു പരിഷത്ത് പ്രഖ്യാപിച്ച ഹർത്താലും ചിലർ നടത്തിയ നാമജപഘോഷയാത്രയും രാഷ്ട്രീയമുതലെടുപ്പിനുള്ള ശ്രമമാണെന്നും എൽ.ഡി.എഫ്. നേതാക്കളായ പി.കെ. ചന്ദ്രശേഖരൻ, കെ.ജി. ശിവാനന്ദൻ, കെ.കെ. അബീദലി, സി.സി. വിപിൻചന്ദ്രൻ, കെ.ആർ. ജൈത്രൻ, നഗരസഭാ ചെയർമാൻ എം.യു. ഷിനിജ എന്നിവർ പറഞ്ഞു.

സംഭവത്തിൽ അന്വേഷണം വേണമെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ബന്ധപ്പെട്ടവർ ജാഗ്രത പുലർത്തണമെന്നും എൻ.എസ്.എസ്. താലൂക്ക് യൂണിയൻ ആവശ്യപ്പെട്ടു. പ്രസിഡന്റ് സി. രാജശേഖരൻ അധ്യക്ഷനായി. സംഭവം വിശ്വാസികൾക്ക് കടുത്ത വേദനയുണ്ടാക്കിയെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടിയുണ്ടാവണമെന്നും ഒ.കെ. യോഗം സെക്രട്ടറി രാജീവൻ പടിഞ്ഞാറ്റ് ആവശ്യപ്പെട്ടു. സംഭവത്തിൽ എസ്.എൻ.ഡി.പി. യോഗം കൊടുങ്ങല്ലൂർ യൂണിയൻ അഡ്മിനിസ്‌ട്രേറ്റർ ഹരി വിജയൻ, യോഗം കൗൺസിലർ ബേബി റാം എന്നിവർ അപലപിച്ചു.

കുരുംബമ്മയ്ക്ക് പഞ്ചപുണ്യാഹം

കൊടുങ്ങല്ലൂർ : അക്രമി അടിച്ചുതകർത്ത ശ്രീകുരുംബമ്മ വിഗ്രഹത്തിൽ പഞ്ചപുണ്യാഹം ചെയ്ത് പൂജകൾ നടത്തി. അക്രമത്തിൽ വേറിട്ടുപോയ ഭാഗം യഥാസ്ഥാനത്ത് ഉറപ്പിച്ചാണ് വിശേഷാൽ പൂജകൾ നടന്നത്.

ക്ഷേത്രം തന്ത്രി താമരശ്ശേരി മേക്കാട്ട്മന ശങ്കരൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ അഞ്ച് പുരോഹിതർ പൂജയ്ക്ക് കാർമികരായി.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..