ചാലക്കുടി താലൂക്ക് ആശുപത്രിയിൽ ട്രോമാ കെയർ വിഭാഗത്തിനായി പൂർത്തിയായ കെട്ടിടം
ചാലക്കുടി : ദേശീയപാത കടന്നുപോകുന്ന, ചാലക്കുടിയുടെ ഏറെ നാളത്തെ ആവശ്യമായിരുന്ന ട്രോമാ കെയർ യൂണിറ്റ് താലൂക്ക് ഹെഡ്ക്വാർട്ടേഴ്‌സ് ആശുപത്രിയിൽ തയ്യാറായി. മൂന്നുനിലകളുള്ള കെട്ടിടത്തിൽ താഴത്തെ നിലയിലാണ് ട്രോമാ കെയർ സംവിധാനങ്ങൾ ഒരുക്കിയിട്ടുള്ളത്. ഇവിടേക്കാവശ്യമുള്ള ഉപകരണങ്ങൾ മിക്കവയും എത്തിക്കഴിഞ്ഞു. സർക്കാരിന്റെ നൂറുദിന കർമപരിപാടികളിൽ ഉൾപ്പെടുത്തി ഉദ്ഘാടനം നടത്താനാണ് തീരുമാനം.
എന്നാൽ വെറുമൊരു അത്യാഹിതവിഭാഗമായി മാത്രം പ്രവർത്തിച്ചിട്ട് കാര്യമില്ലെന്നും ട്രോമാ കെയറിന് വേണ്ട എല്ലാ സൗകര്യങ്ങളും ഉദ്ഘാടനത്തിനുമുൻപ് ഏർപ്പെടുത്തണമെന്നും സനീഷ്‌കുമാർ ജോസഫ് എം.എൽ.എ. ആവശ്യപ്പെട്ടു. ട്രോമാ കെയർ യൂണിറ്റിനുള്ള സ്റ്റാഫ് പാറ്റേൺ അനുവദിക്കണമെന്നും ആരോഗ്യമന്ത്രി വീണാജോർജിന് അയച്ച കത്തിൽ എം.എൽ.എ. ആവശ്യപ്പെട്ടു. ദേശീയപാതയോടു ചേർന്നുള്ള പ്രദേശത്ത് നിരവധി അപകടങ്ങൾ നടക്കുന്പോഴും ഇവ കൈകാര്യം ചെയ്യാൻ താലൂക്ക് ആശുപത്രിയിൽ സൗകര്യമില്ലാത്ത സ്ഥിതിയായിരുന്നു. ഇതിനാൽ പലരും സ്വകാര്യ ആശുപത്രികളെയാണ് അശ്രയിക്കുന്നത്. ട്രോമാ കെയർ യൂണിറ്റ് സജ്ജമാകുന്നതോടെ ഇതിന് പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അഞ്ച് നിലകളുള്ള കെട്ടിടമാണ് നിർമിക്കാൻ തീരുമാനിച്ചിരുന്നത്. ഇതിൽ മൂന്ന് നിലകളുടെ പണികളാണിപ്പോൾ 4.10 കോടി രൂപ ചെലവിട്ട് പൂർത്തിയാക്കിയിരിക്കുന്നത്. താഴത്തെ നിലയിൽ ഡ്രെസിങ് ടേബിളുകൾ, നിരീക്ഷണ മുറികൾ, കാത്തിരിപ്പുകേന്ദ്രം, ഡോക്ടർമാർക്കും നഴ്‌സുമാർക്കുമുള്ള വിശ്രമമുറി എന്നിവ ഒരുക്കിയിട്ടുണ്ട്. ഒന്നാംനിലയിൽ ഓപ്പറേഷൻ തിയേറ്ററും രണ്ടാംനിലയിൽ രോഗികൾക്ക് താമസത്തിനുള്ള വാർഡുകളും പിന്നീട് സജ്ജീകരിക്കും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..