വിമുക്തഭടന്മാർ കാത്തിരിക്കുന്നു: സ്വന്തം സ്ഥലത്തിന്റെ റിപ്പബ്ലിക്കിനായി


• ചെറുതുരുത്തി കൊച്ചിപാലത്തിനു സമീപം യുദ്ധസ്മാരകം നിർമിക്കാൻ നിർദേശിക്കപ്പെട്ട കരിങ്കൽ കെട്ടിയ ഭാഗം

ചെറുതുരുത്തി : ജില്ലാ അതിർത്തിയിൽ യുദ്ധസ്മാരകം എന്ന സ്വപ്നപദ്ധതിക്കു വേണ്ടി വിമുക്തഭടന്മാർ കാത്തിരിക്കാൻ തുടങ്ങിയിട്ട് 17 വർഷം. സ്മാരകത്തിനായി 2006 -ലാണ് വിമുക്തഭടന്മാർ സംഘടിച്ച്‌ പദ്ധതി തയ്യാറാക്കിയത്. പുതിയ കൊച്ചിൻപാലം വന്നതോടെ ഒഴിഞ്ഞു കിടക്കുന്ന ജില്ലാ അതിർത്തി പ്രദേശത്ത് സ്മാരകം പണിയുന്നതിന് സ്ഥലം അനുവദിച്ചു കിട്ടാൻ ജില്ലാ കളക്ടർ മുതൽ മന്ത്രിതലത്തിൽ വരെ നിവേദനങ്ങൾ നൽകി.

സ്ഥലം ആരുടേതെന്നു അറിയലായിരുന്നു ആദ്യ നടപടി. ഇതിനായി ഓഫീസുകൾ കയറി ഇറങ്ങി. കത്തിടപാടുകൾ ഒരുപാടു നടത്തി. ഇതിനിടയിൽ ഈ പദ്ധതിക്ക് ചുക്കാൻ പിടിച്ചിരുന്ന പലരും കാലയവനികക്കുള്ളിൽ മറഞ്ഞു. ചിലർ വാർധക്യത്തിന്റെ പിടിയിൽ ഒതുങ്ങി.

എന്നാലും രാജ്യസ്‌നേഹം എന്ന ഉൾത്തുടിപ്പുമായി പിൻതലമുറക്കാരായ ജവാന്മാർ ഈ പദ്ധതി കൈവിടാതെ മുന്നോട്ടുകൊണ്ടുപോയി. ഇക്കാലയളവിൽ മുഖ്യമന്ത്രിമാർ, മന്ത്രിമാർ മുതൽ രാഷ്ട്രപതിമാർ വരെ ഉള്ളവർക്ക് നിവേദനം നൽകി. ഒരു നടപടിയുമുണ്ടായില്ല.

സ്ഥലം പഞ്ചായത്തിന്റെതാണോ, പൊതുമരാമത്ത് വകുപ്പിന്റേതാണോ എന്നറിയാതെ അനുമതി കിട്ടാതെ ഏറെക്കാലം കിടന്നു. ഒടുവിൽ അടുത്തിടെയാണ് ഇത് റവന്യൂ പുറമ്പോക്ക് ഭൂമിയാണെന്ന് സ്ഥിരീകരിച്ചത്. തുടർന്ന്‌ വള്ളത്തോൾ നഗർ ഗ്രാമപ്പഞ്ചായത്ത് ഈ സ്ഥലം ഏറ്റെടുത്ത് വഴിയോരവിശ്രമകേന്ദ്രം, ജില്ലാ അതിർത്തി കവാടം, ടാക്‌സി സ്റ്റാൻഡ് എന്നിവ പണിതു. ഇതിൽ റോഡരികിൽ രണ്ടേമുക്കാൽ സെന്റ് സ്ഥലം വിമുക്തഭടന്മാർക്കായി മാറ്റിവയ്ക്കാൻ തത്ത്വത്തിൽ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ഈ സ്ഥലത്ത് വിമുക്തഭടൻമാർ സ്വന്തം ചെലവിൽ ഈ സ്ഥലം കരിങ്കൽ കെട്ടി സംരക്ഷിതകേന്ദ്രമാക്കി. എന്നാൽ പിന്നീടാണ്‌ യുദ്ധ സ്മാരകത്തിനു മാത്രം പൊതുമരാമത്ത് വകുപ്പ് അനുമതി നൽകിയിട്ടില്ല എന്ന കാര്യം പുറത്തുവന്നത്.

വിമുക്തഭടൻമാർ സ്വന്തം ചെലവിൽതന്നെ സ്മാരകം നിർമിക്കാം എന്നാണ് അറിയിച്ചിട്ടുള്ളത്. ഇതിനായി പൊതുമരാമത്ത് വകുപ്പ് സ്ഥലം അനുവദിച്ചു തരണം എന്നാണ് ഇവരുടെ അപേക്ഷ. എന്നാൽ ഇത്തരമൊരു അപേക്ഷ ലഭിച്ചില്ലെന്ന വാദമാണ് പൊതുമരാമത്ത് വകുപ്പിന്റേത്.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..