• യാത്രക്കാരന്റെ ആക്രമണത്തിൽ പരിക്കേറ്റ കെ.എസ്.ആർ.ടി.സി. ബസ് കണ്ടക്ടർ സത്യനാരായണനും ഡ്രൈവർ ഷീലയും
ചാലക്കുടി : കെ.എസ്.ആർ.ടി.സി. വനിതാ ഡ്രൈവർക്കും കണ്ടക്ടർക്കും നേരെ യാത്രക്കാരന്റെ ആക്രമണം. ബസ് യാത്രക്കാരനായ ആലപ്പുഴ കൈനകരി ചേന്നംകുഴി പത്രത്തിൽച്ചിറ രഞ്ജിത്തി(35)നെ പോലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തിൽ പരിക്കേറ്റ കോതമംഗലം കോട്ടപ്പടി സ്വദേശിനി ഡ്രൈവർ ഷീലയും കണ്ടക്ടർ സത്യനാരായണനും ചാലക്കുടി താലൂക്ക് ആശുപത്രിയിൽ ചികിത്സതേടി.
വെള്ളിയാഴ്ച രാത്രി 10.30 ഓടെ ചാലക്കുടി സൗത്ത് ജങ്ഷനിൽ മേൽപ്പാലത്തിനു സമീപമായിരുന്നു സംഭവം. ടിക്കറ്റിന് പണം നൽകാതിരുന്നത് ചോദിച്ചതിനെത്തുടർന്നുണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്.
കോഴിക്കോട്ടുനിന്ന് ചാലക്കുടിയിലേക്ക് വരുകയായിരുന്നു ബസ്. ഈ സമയത്ത് മൂന്നു യാത്രക്കാർ മാത്രമാണുണ്ടായിരുന്നത്. പോട്ടയിൽനിന്നാണ് രഞ്ജിത് ബസിൽ കയറിയത്. കണ്ടക്ടറെ ആക്രമിക്കുന്നതുകണ്ട് വണ്ടിനിർത്തിയെത്തിയ ഡ്രൈവറെയും യുവാവ് ആക്രമിച്ചു. ബസിലുണ്ടായിരുന്ന മറ്റു രണ്ടു യാത്രക്കാരാണ് രഞ്ജിത്തിനെ പിടിച്ചുനിർത്തിയത്. പിന്നീട് ഇയാളെ പോലീസിന് കൈമാറി
കെ.എസ്.ആർ.ടി.സി. ബസിനു നേരെ കല്ലേറ്
:തൃശ്ശൂരിൽനിന്ന് നെടുമങ്ങാട്ടേക്കു പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി. ബസിനുനേരെ ബൈക്കിലെത്തിയ രണ്ടു യുവാക്കൾ കല്ലെറിഞ്ഞു. വെള്ളിയാഴ്ച രാത്രി എട്ടരയോടെ ചാലക്കുടി മുനിസിപ്പൽ ജങ്ഷനു സമീപമാണ് സംഭവം.
ബസിന്റെ മുൻഭാഗത്തെ ചില്ല് തകർന്നു. കല്ലെറിഞ്ഞവരെ പിടികൂടാനായില്ല. ചാലക്കുടി പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..