കലാ-കായിക പ്രകടനങ്ങളുമായി ‘ലഹരിയില്ലാ തെരുവ്’


തൃശ്ശൂർ: സംസ്ഥാന സർക്കാരിന്റെ ലഹരിക്കെതിരേയുള്ള പ്രചാരണത്തിന്റെ രണ്ടാംഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി നടപ്പാക്കുന്ന ‘ലഹരിയില്ലാ തെരുവ്’ തേക്കിൻകാട് തെക്കേഗോപുരനട പരിസരത്ത് സംഘടിപ്പിച്ചു. 10 വേദികളിലായി നടന്ന വിദ്യാർഥികളുടെ കലാ-കായിക അഭ്യാസപ്രകടനങ്ങൾ മേയർ എം.കെ. വർഗീസ് ഉദ്ഘാടനം ചെയ്തു.

ഫ്ലാഷ് മോബ്, തെരുവുനാടകം, ഗാനമേള, വാദ്യോപകരണവാദ്യം, മാജിക് ഷോ, മോണോ ആക്ട്, ഡാൻസ്, ഗ്രൂപ്പ് സോങ്, ഓട്ടൻതുള്ളൽ തുടങ്ങി ‌വിവിധ കലാപരിപാടികളും ബാഡ്മിൻഡൺ, കളരി, കരാട്ടെ, തെയ്‌ക്വാൻഡോ, ബാസ്കറ്റ് ബോൾ, വോളി ബോൾ തുടങ്ങിയവയുടെ പ്രദർശനവും നടന്നു.

വിവിധ പ്ലോട്ടുകളിലായി ലഹരിക്കെതിരേ സന്ദേശം ഉൾക്കൊള്ളുന്ന പരിപാടികളാണ് സംഘടിപ്പിച്ചത്. എക്സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലാ പഞ്ചായത്ത്, കോർപറേഷൻ, ആരോഗ്യം, പൊലീസ്, ഫയർ ആൻഡ് റെസ്ക്യൂ, പി.ആർ.ഡി, സ്പോർട്സ് കൗൺസിൽ, എൻ.എസ്.എസ്, എസ്.പി.സി, എൻ.സി.സി, സ്കൗട്ട് ആൻഡ് ഗൈഡ്സ്, ജൂനിയർ റെഡ് ക്രോസ്, ചിത്രകലാ പരിഷത്ത് എന്നീ വിഭാഗങ്ങൾ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. എക്സൈസ് ഉദ്യോഗസ്ഥരുടെ ഗാനമേളയും നടന്നു. പങ്കെടുത്ത വിദ്യാർഥികൾക്ക് വിമുക്തി നോട്ട് ബുക്കുകൾ വിതരണം ചെയ്തു.

വാർഡ് കൗൺസിലർ പൂർണിമാ സുരേഷ് അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ എം.എച്ച്. ഡെസ്നി പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. വിമുക്തി ഹെൽപ്പ് ലൈൻ നമ്പർ അടങ്ങിയ കാർഡ് റിജു ആൻഡ് പി.എസ്.കെ. ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ വി. അനിൽകുമാർ മേയർക്ക് കൈമാറി പ്രകാശനം ചെയ്തു. ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ ബാബു വർഗീസ്, അസി. എക്സൈസ് കമ്മിഷണർ കെ.എസ്. സുരേഷ്, കൊച്ചിൻ ദേവസ്വം ബോർഡ് മാനേജർ കൃഷ്ണകുമാർ, എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥർ, വിദ്യാർഥികൾ, അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..