വിസ വാഗ്ദാനംചെയ്ത് ലക്ഷങ്ങൾ തട്ടി; പ്രതിയെ മുംബൈയിൽനിന്ന് പിടികൂടി


കൊരട്ടി: ജർമനിയിൽ നഴ്‌സിങ് പഠനത്തിന്‌ വിസ വാഗ്ദാനംചെയ്ത് വിദ്യാർഥിനിയിൽനിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത് ഒളിവിൽ കഴിയുകയായിരുന്നയാളെ കൊരട്ടി പോലീസ് പിടികൂടി. മുംബൈ വിമാനത്താവളത്തിൽവെച്ചാണ് പ്രതിയെ അറസ്റ്റുചെയ്തത്. മേലൂർ കരുവാപ്പടി നന്ദീവരം വീട്ടിൽ റിഷികേശി (29)നെയാണ്‌ കൊരട്ടി എസ്.എച്ച്.ഒ. ബി.കെ. അരുണിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. കൊരട്ടി സ്വദേശിനിയായ പെൺകുട്ടിയിൽനിന്ന് ഇയാൾ 13 ലക്ഷം തട്ടിയെടുത്തെന്നാണ് പരാതി. കേസിലെ മറ്റൊരു കണ്ണിയായ ഗ്രേസി മത്തായി നേരത്തേ പിടിയിലായിരുന്നു. മറ്റൊരു പ്രതിയും ഇയാളുടെ അമ്മയുമായ ഉഷാ വർമയ്ക്കുവേണ്ടിയുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്ന് പോലീസ് സൂചിപ്പിച്ചു.

ഓഫറിങ് ലെറ്റർ, ഡോക്യുമെന്റേഷൻ, ഹെൽത്ത് ഇൻഷുറൻസ് എന്നിങ്ങനെ ആവശ്യങ്ങൾ പറഞ്ഞാണ് പ്രതികൾ തട്ടിപ്പിനിരയായവരിൽനിന്ന് പണം കൈപ്പറ്റിയിരുന്നത്. രേഖകൾ ജർമനിയിലെ ലാംഗ്വേജ് ഇൻസ്റ്റിറ്റ്യൂട്ടിലെയും സർവകലാശാലകളിലേതുമാണെന്ന്‌ പറഞ്ഞാണ് പരാതിക്കാരെ വിശ്വസിപ്പിച്ചിരുന്നത്. ലഭിച്ച തുക മുഴുവൻ ആർഭാടജീവിതത്തിനാണ് പ്രതികൾ ഉപയോഗിച്ചതെന്ന് പോലീസ് പറയുന്നു.

പറഞ്ഞ കലാവധി കഴിഞ്ഞിട്ടും വിസ ലഭിക്കാതായതോടെയാണ് പണം നൽകിയവർ പരാതിയുമായി രംഗത്തുവന്നത്. പണം തിരികെ ആവശ്യപ്പെട്ടെങ്കിലും ഒഴിവുകൾ പറഞ്ഞ്‌ സമയം നീട്ടിക്കൊണ്ടുപോകുകയായിരുന്നു. ഇവർക്കെതിരേ കേസ് നൽകിയെങ്കിലും ഹൈക്കോടതിയിൽനിന്ന് ഉപാധികളോടെ ജാമ്യം നേടി. എന്നാൽ, ഈ കാലയളവിൽ ജാമ്യവ്യവസ്ഥകൾ ലംഘിച്ച് നാടുവിടാനായിരുന്നു ഇവരുടെ പദ്ധതി. ചാലക്കുടി കോടതിയിൽ ഇവർക്കെതിരേ കുറ്റപത്രം സമർപ്പിച്ചെങ്കിലും ഹാജരായിരുന്നില്ല. ഇതേത്തുടർന്ന് അറസ്റ്റ് വാറന്റ്‌ പുറപ്പെടുവിക്കുകയും പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കുകയും ചെയ്തിരുന്നു. കഴിഞ്ഞദിവസം മുംബൈയിൽനിന്ന് അമേരിക്കയിലേക്ക്‌ കടക്കാൻ വിമാനത്താവളത്തിലെത്തിയ ഇയാളെ എമിഗ്രേഷൻ വിഭാഗം പിടികൂടി പോലീസിന്‌ കൈമാറുകയായിരുന്നു. ചാലക്കുടി പോലീസ് സ്റ്റേഷനിലും പ്രതിക്കെതിരേ നിലവിൽ കേസുണ്ട്. എസ്.ഐ.മാരായ സി.എസ്. സൂരജ്, ഷാജു എടത്താടൻ, എം.വി. സെബി, സീനിയർ സി.പി.ഒ.മാരായ എം. മനോജ്, നിധീഷ് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..