തട്ടിപ്പിന്റെ പേരിൽ വീണ്ടും തട്ടിപ്പ് ;തട്ടിപ്പിനിരയായവരുടെ കൂട്ടായ്മകളിൽ പണപ്പിരിവ്


1 min read
Read later
Print
Share

പ്രതീകാത്മക ചിത്രം

തൃശ്ശൂർ: തട്ടിപ്പിനിരയായവരുടെ കൂട്ടായ്മകൾ പുതിയതരം തട്ടിപ്പിന് വേദിയാകുന്നതായി സൂചന. രജിസ്‌ട്രേഷന്റെയും കേസ് നടത്തിപ്പിന്റെയും പേരുപറഞ്ഞ് ഇത്തരം സംഘങ്ങളിൽ പണപ്പിരിവ് നടത്തിയാണ് പുതിയ തട്ടിപ്പ്.

150 രൂപരജിസ്‌ട്രേഷനും 1500 രൂപ കേസ് നടത്തിപ്പിലേക്കും എന്നുപറഞ്ഞാണ് ചിലർ ആളുകളിൽനിന്ന് പണം ഈടാക്കുന്നത്. ലക്ഷങ്ങൾ നഷ്ടപ്പെട്ടവർ എന്തെങ്കിലും തിരിച്ചുകിട്ടുമെന്ന പ്രതീക്ഷയിൽ ഈ തുകകൂടി നൽകുന്നു. പലപ്പോഴും ആറും ഏഴും മാസം കഴിഞ്ഞാണ് തങ്ങൾ വീണ്ടും കബളിപ്പിക്കപ്പെടുകയായിരുന്നുവെന്ന് മനസ്സിലാകുക. അപ്പോഴേക്കും പരമാവധി ആളുകളിൽനിന്ന് പണപ്പിരിവ് നടത്തിയിട്ടുണ്ടാകും.

കേസ് നടത്തിപ്പിനായി ഇരകൾ പണം മുടക്കേണ്ടതില്ലെന്നും പുറത്തുനിന്നുള്ള അഭിഭാഷകരുടെ സേവനം ഇതിന് ആവശ്യമില്ലെന്നുമാണ് പോലീസ് പറയുന്നത്. പബ്ലിക് പ്രോസിക്യൂട്ടർമാരാണ് ഇത്തരം കേസുകൾ വാദിക്കുക. പണം നൽകിയതിന്റെ രേഖകൾ പോലീസിന് നൽകുകയാണ് പറ്റിക്കപ്പെട്ടവർ ചെയ്യേണ്ടത്. എന്നാൽ രേഖകൾ പലപ്പോഴും ഇത്തരം കൂട്ടായ്മകളുടെ പക്കലാകുന്ന സംഭവങ്ങളുമുണ്ട്.

തട്ടിപ്പുകാർക്ക് ആളുകളിൽനിന്ന് പണം സമാഹരിച്ച് നൽകിയവർതന്നെയാണ് പലപ്പോഴും ഇത്തരം കൂട്ടായ്മകളുടെ മുൻനിരയിലുമുണ്ടാകുക. തട്ടിപ്പുനടത്തിയവരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരാൻ എന്നപേരിലാണ് പിരിവെന്നതിനാൽ പോലീസിന് ഇടപെടാനും പരിമിതിയുണ്ട്. കൂട്ടായ്മകൾക്കെതിരേ സംശയമുന്നയിച്ചാൽ തട്ടിപ്പുകാർക്കായി നിൽക്കുന്നുവെന്ന ആരോപണം വരും.

ജാമ്യാപേക്ഷകൾ ഇന്ന് പരിഗണിക്കും

തൃശ്ശൂർ: സേഫ് ആൻഡ് സ്ട്രോങ് നിക്ഷേപത്തട്ടിപ്പിലെ മുഖ്യപ്രതി പ്രവീൺ റാണയുടെയും ധനവ്യവസായ ബാങ്ക് നിക്ഷേപത്തട്ടിപ്പ് കേസിലെ മുഖ്യപ്രതികളായ മാനേജിങ് പാർട്ട്ണർ ജോയ് ഡി. പാണഞ്ചേരി, റാണി ജോയ് പാണഞ്ചേരി എന്നിവരുടെയും ജാമ്യാപേക്ഷകൾ തിങ്കളാഴ്ച കോടതികളുടെ പരിഗണനയ്ക്കെത്തും.

പ്രവീൺ റാണയുടെ ജാമ്യഹർജി ജില്ലാ അഡീഷണൽ സെഷൻസ് കോടതിയും ധനവ്യവസായ ബാങ്ക് നിക്ഷേപത്തട്ടിപ്പ് കേസിലെ പ്രതികളുടെ മുൻകൂർ ജാമ്യഹർജി ഹൈക്കോടതിയുമാണ് പരിഗണിക്കുന്നത്.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..