മണത്തല ചന്ദനക്കുടം നേർച്ചയുടെ ഭാഗമായി നടന്ന താബൂത്ത് കാഴ്ച പള്ളി അങ്കണത്തിൽ എത്തിയപ്പോൾ | ഫോട്ടോ: മനീഷ് ചേമഞ്ചേരി
ചാവക്കാട്: മതസാഹോദര്യത്തിന്റെ പെരുമ വിളിച്ചോതിയ മണത്തല ചന്ദനക്കുടം നേർച്ചയ്ക്ക് ആയിരങ്ങളെത്തി. ഞായറാഴ്ച രാവിലെ മുതൽ ചാവക്കാടിന്റെ വഴികളെല്ലാം മണത്തല ജാറത്തിലേക്കുള്ള കവാടങ്ങളായി മാറി. മണത്തല നാലകത്ത് ചാന്ദിപ്പുറത്ത് ഹൈദ്രോസ് കുട്ടി മൂപ്പരുടെ 235-ാം ആണ്ടുനേർച്ചയാണ് ശനി, ഞായർ ദിനങ്ങളിലായി ആഘോഷിച്ചത്. നേർച്ചയുടെ പ്രധാന ചടങ്ങുകളായ താബൂത്ത് കാഴ്ചയും കൊടിയേറ്റ കാഴ്ചകളും ഞായറാഴ്ച ഉച്ചയോടെ മണത്തല ജാറത്തിലെത്തിയപ്പോൾ പള്ളിയങ്കണവും പരിസരവും ജനസാഗരമായി.
രാവിലെ ചാവക്കാട് ടൗൺ പള്ളിക്ക് പിന്നിൽനിന്ന് പുറപ്പെട്ട താബൂത്ത് കാഴ്ച നഗരംചുറ്റി ഉച്ചയോടെ ജാറത്തിലെത്തി. ഗജവീരൻമാർ, മുട്ടുംവിളി, കോൽക്കളി, അറവനമുട്ട്, ദഫ്മുട്ട്, വിവിധ വാദ്യമേളങ്ങൾ എന്നിവ താബൂത്ത് കാഴ്ചയ്ക്ക് അകമ്പടിയായി. ടിപ്പുവിന്റെ പടയാളികളുമായി ഏറ്റുമുട്ടി വീരമൃത്യു വരിച്ച ഹൈദ്രോസ് കുട്ടി മൂപ്പരുടെ ഭൗതികദേഹം മണത്തലയിൽ ഖബറടക്കിയതിന്റെ ഒാർമയിൽ നടന്ന താബൂത്ത് കാഴ്ച ഭക്തിനിർഭരമായി. താബൂത്ത് കാഴ്ചയ്ക്ക് പിന്നാലെ ചാവക്കാട് ബീച്ച്, വഞ്ചിക്കടവ്, കോട്ടപ്പുറം എന്നിവിടങ്ങളിൽനിന്ന് ആനപ്പുറത്ത് കൊണ്ടുവന്ന കൊടികൾ പള്ളിയങ്കണത്തിലെ താണിമരങ്ങളിലും പ്രത്യേകം സ്ഥാപിച്ച കൊടിമരങ്ങളിലും കയറ്റിയതോടെ കൊടികയറ്റ കാഴ്ചകൾ സമാപിച്ചു.
തുടർന്ന് ഭക്ഷണവിതരണവും ഹൈന്ദവ സഹോദരങ്ങളുടെ നേതൃത്വത്തിൽ പള്ളിയങ്കണത്തിലെ താണിമരങ്ങളിൽ മുട്ടയും പാലും സമർപ്പിക്കുന്ന ചടങ്ങും നടന്നു. വൈകീട്ട് ആറോടെ നാട്ടുകാഴ്ചകൾ പള്ളിയങ്കണത്തിലെത്തി. രാത്രി വിവിധ ക്ലബ്ബുകളുടെയും സംഘടനകളുടെയും കാഴ്ചകൾ ജാറത്തിലെത്തി. തിങ്കളാഴ്ച പുലർച്ചെ മൂന്നരയോടെയാണ് കാഴ്ചകൾക്ക് സമാപനമായത്. മഹല്ല് പ്രസിഡന്റ് പി.എസ്. ഷാഹു, സെക്രട്ടറി എ.വി. അഷ്‌റഫ്, ട്രഷറർ എ.പി. ഷെഹീർ, ഭാരവാഹികളായ എൻ.കെ. സുധീർ, ടി.പി. കുഞ്ഞിമുഹമ്മദ്, ടി.എച്ച്. മൊയ്തീൻഷാ, ടി.കെ. കുഞ്ഞീൻ ഹാജി, കെ.വി. അലിക്കുട്ടി, കെ.സി. നിഷാദ് എന്നിവർ നേതൃത്വം നൽകി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..