കിളിപ്പാടം പദ്ധതി കിതയ്‌ക്കുന്നു


പദ്ധതിയുടെ രൂപരേഖപോലും ആയില്ല

കുന്നംകുളം: കോൾപ്പാടവുമായി ബന്ധപ്പെടുത്തിയുള്ള വിനോദ സഞ്ചാരത്തിന് മികച്ച തുടക്കമാകുമെന്ന് പ്രതീക്ഷിച്ച കിളിപ്പാടം ടൂറിസം പദ്ധതി കിതയ്ക്കുന്നു. പദ്ധതിയുടെ ആലോചനകൾ തുടങ്ങി നാല് വർഷമാകുമ്പോഴും കൃത്യമായ രൂപരേഖ തയ്യാറാക്കാൻ വിനോദ സഞ്ചാരവകുപ്പിന് കഴിഞ്ഞിട്ടില്ല. നിർമാണം നടത്തുന്ന സ്ഥലത്തെക്കുറിച്ചുള്ള തർക്കം കൂടിയായതോടെ പദ്ധതി മുന്നോട്ടുപോകുമോയെന്ന ആശങ്കയുമുണ്ട്.

കിളിപ്പാടം പദ്ധതി പൂർത്തിയാക്കുന്നതിന്റെ ഭാഗമായി 2022 മാർച്ചിൽ പണികൾ തുടങ്ങിയതാണ്. ബണ്ട് വരമ്പിൽ മുളങ്കാലിൽ മേൽക്കൂരയെന്ന് തോന്നിപ്പിക്കാവുന്ന നിർമിതിയിൽ പണികൾ നിലച്ചു. നൂറടിത്തോടിന്റെ ഭിത്തിസംരക്ഷണം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളൊന്നും മുന്നോട്ടുപോയില്ല.

നൂറടിത്തോടിന്റെ ഇരുവശങ്ങളിലും കരിങ്കൽഭിത്തികളാണ് പദ്ധതിയുടെ തുടക്കത്തിൽ നിർദേശിച്ചിരുന്നത്. ഇത് പിന്നീട് കയർഭൂവസ്ത്രമാക്കി. വെട്ടിക്കടവ് റോഡിൽനിന്ന് 500 മീറ്റർ നീളത്തിലുള്ള സൗന്ദര്യവത്കരണമാണുള്ളത്. ഇതിന്റെ ഭാഗമായി ഇരുവശവും വൃത്തിയാക്കിയിട്ടിരുന്നു.

തോടിനുകുറുകെ നടപ്പാലം, ബണ്ട് വരമ്പിൽ ഇരിപ്പിടങ്ങൾ, ചെറിയ കുടിലുകൾ, ശൗചാലയം, ലഘുഭക്ഷണശാല എന്നിവയാണ് മറ്റുനിർമാണങ്ങളായി ഉണ്ടായിരുന്നത്. രണ്ട് കോടിയോളം രൂപ ഇതിന് അനുവദിച്ചിരുന്നു. പ്രകൃതിസൗഹൃദമായ നിർമിതികളാണ് ആസൂത്രണം ചെയ്തിരുന്നത്.

നിർമാണം നടത്താൻ നിശ്ചയിച്ചിരുന്ന സ്ഥലത്ത് കർഷകരുടെ എതിർപ്പ് ഉയർന്നതോടെ പദ്ധതി നിലച്ച അവസ്ഥയിലാണ്. കർഷകർ വിട്ടുനൽകാമെന്ന് പറയുന്ന പുതിയ സ്ഥലത്ത് മണ്ണിട്ട് നികത്തേണ്ടി വരും. ബണ്ടിന്റെ ഇരുവശവും ടൈലുകൾ പാകിയാൽ കോളിൽ കൃഷിയിറക്കുമ്പോൾ ട്രാക്ടർ ഉൾപ്പെടെയുള്ള വാഹനങ്ങൾ പോകുന്നതിന് തടസ്സമാകുമെന്ന പരാതി ഉയർന്നിട്ടുണ്ട്.

എന്നാൽ, കോൾമേഖലയിൽ നാലുമാസമാണ് കൃഷി നടത്തുന്നത്. ഇവിടേക്ക് ട്രാക്ടറും കൊയ്ത്തുയന്ത്രവും ഇറക്കേണ്ടിവരുന്നതും ചുരുങ്ങിയ ദിവസങ്ങളിൽമാത്രമാണ്. പ്രദേശത്തിന്റെ വികസനത്തിന് സാധ്യതകളുള്ള പദ്ധതി യാഥാർഥ്യമാക്കണമെന്ന് നിർദേശിക്കുന്ന കർഷകരുമുണ്ട്. എ.സി. മൊയ്തീൻ എം.എൽ.എ.യുടെ നേതൃത്വത്തിൽ പദ്ധതിയുടെ തുടർപ്രവർത്തനങ്ങൾ ചർച്ച ചെയ്യാൻ യോഗം ചേർന്നെങ്കിലും അന്തിമതീരുമാനമായിട്ടില്ല.

കിളിപ്പാടം പദ്ധതി അവസാനിപ്പിച്ചിട്ടില്ലെന്നും അടുത്തയാഴ്ച വിനോദ സഞ്ചാരവകുപ്പിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്നും ഡി.ടി.പി.സി. സെക്രട്ടറി ജോബി ജോർജ് പറഞ്ഞു.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..