നിള ഫെസ്റ്റിവലിൽ തിങ്കളാഴ്ച ആദിവാസി കലാസംഘം വയനാട് അവതരിപ്പിച്ച പണിയ നൃത്തം
ചെറുതുരുത്തി : കേരള കലാമണ്ഡലത്തിൽ നിള ദേശീയ നൃത്ത സംഗീതോത്സവത്തിന് സമാപനം. ഗോത്രവിഭാഗമായ പണിയ വിഭാഗത്തിന്റെ നേതൃത്വത്തിലുള്ള ആദിവാസി നൃത്തസംഗീത വിരുന്നോടെയായിരുന്നു പരിപാടിയുടെ തുടക്കം. വിവാഹം തുടങ്ങിയ വിശേഷാവസരങ്ങളിലെ തനത് കലാരൂപങ്ങളാണ് സ്ത്രീകളും കുട്ടികളും പുരുഷന്മാരുമടങ്ങുന്ന വയനാട് ആദിവാസി കലാസംഘം അവതരിപ്പിച്ചത്.
പ്രകൃതിദത്ത വസ്തുക്കൾ ഉപയോഗിച്ചുള്ള തുടി, കുഴൽ മുതലായ ഉപകരണങ്ങളാണ് പ്രധാനമായും ഇവരുപയോഗിച്ചത്. താളത്തിൽ ഇവർ കൂത്തമ്പലത്തിൽ ചുവടുവെച്ചത് തനതായ ചരിത്രവും സംസ്‌കാരവും പാരമ്പര്യവും പ്രേക്ഷകരിലേക്കെത്തിക്കുന്ന തരത്തിലായിരുന്നു. സമാപനസമ്മേളനത്തിനുശേഷം മട്ടന്നൂർ ശങ്കരൻകുട്ടി, ഉമയാൾ പുരം, പ്രകാശ് ഉള്ളിയേരി എന്നിവരടങ്ങുന്ന തൃകായ മ്യൂസിക് ബാൻഡ് അവതരണം കൂത്തമ്പലത്തിൽ താള-മേളപ്പെരുക്കമായി.
രാത്രി വടകര ശിവനും സംഘവും തെയ്യം അവതരിപ്പിച്ചു. നിലാവെളിച്ചത്തിൽ രൗദ്രവും ശാന്തവുമായ തെയ്യരൂപങ്ങൾ ഒരുങ്ങിയിറങ്ങി ചുവടുകൾ വെച്ചത് ഈ പാരമ്പര്യ അനുഷ്ഠാന കലകളെക്കുറിച്ചുള്ള അറിവ് പകരാൻ സഹായകമായി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..