കുന്നംകുളത്ത് കുടിവെള്ളമെത്തിക്കാൻ 30.4 കോടിയുടെ പദ്ധതി


കുന്നംകുളം : നഗരസഭാ പരിധിയിലെ 12 വാർഡുകളിലെ കുടിവെള്ളക്ഷാമം പരിഹരിക്കാൻ 30.4 കോടി രൂപയുടെ പദ്ധതി കൗൺസിൽ യോഗം അംഗീകരിച്ചു. അമൃത് പദ്ധതിയിലുൾപ്പെടുത്തി നടപ്പാക്കുന്ന പദ്ധതിക്ക് ജലവിതരണവകുപ്പാണ് പദ്ധതിരേഖ തയ്യാറാക്കിയത്.

അമൃത് പദ്ധതിയിൽ കുടിവെള്ള പ്ലാന്റും വിതരണശൃംഖലയും നിർമിക്കുന്നതിന് 14.55 കോടി രൂപയാണ് ലഭിക്കുന്നത്. ഇതിന്റെ ഭാഗമായി കുറുക്കൻപാറ ക്വാറിക്ക് സമീപം ശുദ്ധീകരണപ്ലാന്റ് നിർമിച്ച് സമീപപ്രദേശങ്ങളിലെ വാർഡുകളിലേക്ക് വിതരണംചെയ്യാനാണ് തീരുമാനിച്ചിരുന്നത്. ഭൂഗർഭ ജലവകുപ്പിന്റെ പഠനത്തിൽ ക്വാറിയിൽനിന്ന് വെള്ളമെടുത്താൽ പിന്നീട് ഉറവയുണ്ടാകില്ലെന്നാണ് നിഗമനം. ഇതിന്റെ അടിസ്ഥാനത്തിൽ ആദ്യം തയ്യാറാക്കിയ പദ്ധതി റദ്ദാക്കാൻ തീരുമാനിച്ചു.

ഭാരതപ്പുഴയുടെ തീരത്ത് കൂറ്റനാടാണ് നഗരസഭയിലേക്ക് വെള്ളമെത്തിക്കാൻ പുതിയ പ്ലാന്റ് നിർമിക്കുന്നത്. ഇതിന് പത്തുകോടിയോളം രൂപ ചെലവാകും. കുറുക്കൻപാറയിൽ ജലസംഭരണി നിർമിക്കുന്നതിന് രണ്ടുകോടി രൂപയും കൂറ്റനാടുനിന്ന് വെള്ളമെത്തിക്കുന്നതിനുള്ള പൈപ്പ് ലൈൻ വലിക്കുന്നതിന് രണ്ടുകോടി രൂപയുമാണ് ചെലവ് പ്രതീക്ഷിക്കുന്നതെന്നും ചെയർപേഴ്‌സൺ സീതാ രവീന്ദ്രൻ പറഞ്ഞു. ആദ്യഘട്ടത്തിൽ കുറുക്കൻപാറ മേഖലയിലേക്കും രണ്ടാം ഘട്ടത്തിൽ കിഴൂർ, അടുപ്പുട്ടി മേഖലകളിലേക്കും വെള്ളമെത്തിക്കാൻ കഴിയുന്ന രീതിയിലാണ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്.

കുറുക്കൻപാറ ഗ്രീൻപാർക്കിലെ ജൈവമാലിന്യ സംസ്കരണം ഏപ്രിൽ മുതൽ സമത ഗ്രീൻ കുടുംബശ്രീ ഗ്രൂപ്പിനെ ഏൽപ്പിക്കുന്നതിനും തീരുമാനിച്ചു.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..