വരും കിളിപ്പാടം പദ്ധതി : പുറമ്പോക്ക് ഭൂമി അളക്കാൻ തീരുമാനം


Caption

കുന്നംകുളം : കോൾപ്പാടവുമായി ബന്ധപ്പെടുത്തിയുള്ള വിനോദസഞ്ചാരത്തിന് ശക്തിപകരുന്ന വെട്ടിക്കടവിലെ കിളിപ്പാടം പദ്ധതിക്ക് സ്ഥലം കണ്ടെത്തുന്നതിന് കോൾപ്പാടത്തിന് സമീപത്തെ പുറമ്പോക്ക് അളന്നുതിട്ടപ്പെടുത്താൻ ആലോചന. പദ്ധതിയുടെ ഭാഗമായുള്ള ലഘുഭക്ഷണശാലയും ശൗചാലയവും നിർമിക്കാൻ പുറമ്പോക്ക് ഭൂമി കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ.

നിർമാണം നടത്തേണ്ട സ്ഥലത്തെ സംബന്ധിച്ച് തർക്കമായതോടെ പദ്ധതി നിലച്ചിരിക്കുകയായിരുന്നു. എ.സി. മൊയ്തീൻ എം.എൽ.എ.യുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിന്റെ അടിസ്ഥാനത്തിൽ വിനോദസഞ്ചാരവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ സുബൈർകുട്ടി, ഡി.ടി.പി.സി. സെക്രട്ടറി ജോബി ജോർജ്, പ്രോജക്ട് എൻജിനീയർ ദിവ്യ എന്നിവർ സ്ഥലം സന്ദർശിച്ച് കർഷകരുമായ ചർച്ച നടത്തി.

ഭൂമി വിനോദസഞ്ചാരവകുപ്പിന് കൈമാറാതെ നിർമാണം നടത്താനാകില്ലെന്നാണ് ഉദ്യോഗസ്ഥരുടെ നിലപാട്. പോർക്കുളം വില്ലേജിൽനിന്ന് പ്രദേശത്തിന്റെ സ്‌കെച്ചും രേഖകളും വകുപ്പ് ഉദ്യോഗസ്ഥർ ശേഖരിക്കുന്നുണ്ട്. ലഘുഭക്ഷണശാല പണിയുന്നതിന് ആവശ്യമായ സ്ഥലമാണ് പ്രധാനമായും വേണ്ടത്. നികത്തിയ സ്ഥലം ഇവിടെ നിന്ന് വിട്ടുനൽകാമെന്നാണ് കർഷകർ നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ ഇതിൽ പിന്നീട് മാറ്റം വരുത്തിയതോടെയാണ് പദ്ധതി തടസ്സപ്പെട്ടത്. കർഷകരുടെ ആശങ്കകൾ പരിഹരിച്ച് പദ്ധതിയുമായി മുന്നോട്ട് പോകുന്നതിന് പ്രദേശത്തെ ജനപ്രതിനിധികളുടെ യോഗം ചേരുന്നതിനും ആലോചനയുണ്ട്.

വെട്ടിക്കടവിൽനിന്ന് തുടങ്ങുന്ന നൂറടിത്തോടിന്റെ രണ്ടരികിലെയും ബണ്ട് വരമ്പുകളാണ് കിളിപ്പാടം പദ്ധതിക്ക് പ്രധാനമായും പ്രയോജനപ്പെടുത്തുന്നത്. വിനോദസഞ്ചാരത്തിന് അനുയോജ്യമായ രീതിയിൽ സൗന്ദര്യവത്കരണം നടത്തുന്നതോടെ സാമൂഹിക വിരുദ്ധരുടെ ശല്യത്തിനും കുറവുണ്ടാകും. വെട്ടിക്കടവിലെത്തുന്നവർക്ക് ബോട്ടിങ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ വർഷങ്ങളായി ചർച്ച ചെയ്യുന്ന പദ്ധതിയാണ്. 2500 ഏക്കറിലേറെ വിസ്തൃതിയുള്ള കോൾപ്പാടം, ബീയംകെട്ട് വരെ നീളുന്ന നൂറടിത്തോട്, ആനക്കുണ്ട് തുടങ്ങിയ പ്രദേശങ്ങളെ ഉൾപ്പെടുത്തിയുള്ള സമഗ്രമായ സാധ്യതകളാണ് പ്രയോജനപ്പെടുത്താനുള്ളത്.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..