• കുന്നംകുളം കാണിപ്പയ്യൂരിലെ സുരേഷ്ബാബുവിന്റെ വീട്ടിൽ എക്‌സൈസ് സംഘം പരിശോധന നടത്തി വ്യാജ കള്ള് നിർമിക്കാനുപയോഗിച്ച സാധനങ്ങൾ പിടിച്ചെടുക്കുന്നു
കുന്നംകുളം : കാണിപ്പയ്യൂർ ഉഭയൂർ റോഡിൽ എക്‌സൈസ് സംഘത്തിന്റെ പരിശോധനയിൽ 431 ലിറ്റർ സ്പിരിറ്റും 380 ലിറ്റർ വ്യാജകള്ളുമായി കള്ളുഷാപ്പ് ലൈസൻസിയെ അറസ്റ്റ് ചെയ്തു. കാണിപ്പയ്യൂരിൽ വാടകയ്ക്ക് താമസിക്കുന്ന കൊടുങ്ങല്ലൂർ ശ്രീനാരായണപുരം പത്താഴക്കാട് ആവണിക്കുള്ളിൽ വീട്ടിൽ സുരേഷ്ബാബു(59)വിനെയാണ് പിടികൂടിയത്. കുന്നംകുളം റേഞ്ചിലെ ആറാം ഗ്രൂപ്പ് ഷാപ്പുകളുടെ ലൈസൻസിയാണ് സുരേഷ്ബാബു.
14 കന്നാസുകളിലായി 431 ലിറ്റർ സ്പിരിറ്റ്, 13 കന്നാസുകളിലായി 380 ലിറ്റർ വ്യാജകള്ള് എന്നിവയാണ് ഉണ്ടായിരുന്നത്. വീടിന്റെ പോർച്ചിന് പിന്നിലായാണ് സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്. പ്ലാസ്റ്റിക് വീപ്പയിൽ കള്ള് കലക്കിയെടുക്കുന്ന സമയത്തായിരുന്നു പരിശോധന. ഉത്സവ സീസണിലും ഡ്രൈഡേയിലും വ്യാജ കള്ള് നിർമിച്ച് വിവിധ സ്ഥലങ്ങളിൽ വിതരണം ചെയ്യാനാണ് ഇവ സൂക്ഷിച്ചിരുന്നതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.
സ്പിരിറ്റ് എവിടെനിന്നാണ് എത്തിച്ചതെന്ന് വ്യക്തമായിട്ടില്ല. വ്യാജ കള്ള് നിർമിച്ച് ഏതെല്ലാം ഭാഗങ്ങളിൽ വിതരണം ചെയ്യുന്നുണ്ടെന്നതും അന്വേഷിക്കുന്നുണ്ട്. സുരേഷ്ബാബുവുമായി ബന്ധമുള്ളവരുടെ പശ്ചാത്തലവും പരിശോധിക്കുന്നുണ്ട്. വ്യാജ കള്ള് നിർമിക്കാനുപയോഗിച്ച സാധനങ്ങളും വിതരണം ചെയ്യാനുള്ള വാഹനവും കസ്റ്റഡിയിലെടുത്തു.
ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ സുരേഷ്ബാബുവിനെ കാണിപ്പയ്യൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആറ് ഷാപ്പുകൾ അടപ്പിച്ചു
കുന്നംകുളം റേഞ്ചിൽ പെങ്ങാമുക്ക്, ചെറുവത്താനി, അഞ്ഞൂർപാലം, ചെമ്മണ്ണൂർ, പൊർക്കളേങ്ങാട്, ഇരിങ്ങപ്പുറം എന്നീ ഷാപ്പുകളുടെ ലൈസൻസാണ് സുരേഷ്ബാബുവിനുള്ളത്. ഇയാളുടെ പേരിൽ കേസ് രജിസ്റ്റർ ചെയ്തതോടെ ഈ ആറ് ഷാപ്പുകളും അടപ്പിച്ചു. വ്യാജകള്ള് കൂടുതലായി സൂക്ഷിച്ചിട്ടുണ്ടോയെന്നറിയാൻ ഷാപ്പുകളിലും പരിസര പ്രദേശങ്ങളിലും പരിശോധിച്ചു.
ഏതെല്ലാം രാസപദാർത്ഥങ്ങൾ ചേർത്താണ് കള്ള് നിർമിക്കുന്നതെന്നറിയാൻ സാമ്പിളുകൾ രാസപരിശോധനയ്ക്ക് അയയ്ക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. സംസ്ഥാന എൻഫോഴ്‌സമെന്റ് സംഘത്തിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് കമ്മിഷണർ ടി. അനികുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
സർക്കിൾ ഇൻസ്‌പെക്ടർ എ.ആർ. നിഗീഷ്, റേഞ്ച് എസ്.ഐ. സജീഷ് തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..