നിറയുമോ, കീറുമോ...


ഇതാ, ഇന്നറിയാം ബജറ്റിൽ എന്തൊക്കെ കിട്ടുമെന്ന്. കുട്ട നിറയെ പ്രതീക്ഷിക്കുമ്പോഴും ജില്ലയുടെ വികസനത്തിന് ഉൗർജം പകരാൻ അത്യാവശ്യമുള്ളതെങ്കിലും കിട്ടാതിരിക്കില്ലെന്ന വിശ്വാസം മാത്രമാണ് കൈമുതൽ...

ലാലൂരിലെ ഐ.എം. വിജയൻ ഇൻഡോർ സ്റ്റേഡിയം

വീണ്ടുമൊരു ബജറ്റുപെട്ടി തുറക്കുകയാണ്. അതിൽ എന്തെല്ലാമുണ്ടാകുമെന്ന ആകാംക്ഷയിലാണ് തൃശ്ശൂരും. ഒഴിവാക്കാൻ പാടില്ലാത്ത ഒട്ടേറെ കാര്യങ്ങളുണ്ട്- അടിയന്തരമായി വേണ്ടതും ഏറെക്കാലമായി കാത്തിരിക്കുന്നതുമായവ. ബജറ്റിന്റെ താങ്ങിൽ പ്രതീക്ഷയർപ്പിച്ചിരിക്കുകയാണ് ഇവയിൽ പലതും.

മണ്ണുത്തി-അമല ബൈപ്പാസ്

പാലക്കാട്- കോഴിക്കോട് റോഡുകളെ നഗരംതൊടാതെ ബന്ധിപ്പിക്കുന്ന മണ്ണുത്തി- അമലനഗർ ബൈപ്പാസ് എന്ന സ്വപ്നത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. 2020-ലെ ബജറ്റിൽ 300 കോടി രൂപയാണ് വകയിരുത്തിയിരുന്നത്. എന്നിട്ടും അനക്കമുണ്ടായില്ല. മണ്ണുത്തി ഫാംപടിയിൽനിന്ന് മാടക്കത്തറ, കുറ്റൂർ വഴി അമലനഗറിലെത്തുന്ന ഈ പാത നഗരത്തിലെ ഗതാഗതക്കുരുക്കിനുള്ള ഒറ്റമൂലിയാണ്. സ്ഥലം ഏറ്റെടുക്കാനുള്ള നടപടികൾ പുരോഗമിക്കവേ എതിർപ്പുകൾ വന്നു. ഇതോടെ പണി പാതിവഴിയിലായി. കഴിഞ്ഞ ബജറ്റും ഈ ബൈപ്പാസ് മോഹത്തിന് ചിറകുനൽകിയിരുന്നു. ബജറ്റിലുണ്ടായിരുന്ന ആറു ബൈപ്പാസുകളിൽ ഒന്നാകാൻ മണ്ണുത്തി- അമലനഗർ പാതയ്ക്ക് എന്തുകൊണ്ടും സാധിക്കുമായിരുന്നു. 200 കോടിയാണ് ഇതിനായി വകയിരുത്തിയിരുന്നത്.

ജലരേഖയായി ജലപാത

ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും ഒരുപോലെ പ്രിയപ്പെട്ടതായിരുന്നു ജലപാത. നഗരത്തിലെത്തുമ്പോൾ വഞ്ചിക്കുളമാണ് ഇതിന്റെ കേന്ദ്രം. ഇവിടെ ബോട്ട് സർവീസ് ഉൾപ്പെടെ പലതും സ്വപ്നം കണ്ടതാണ്. ഇതുവരെ ഒന്നും നടന്നില്ല. ഇടയ്ക്ക്‌ ഒന്ന് പുതുക്കും. വീണ്ടും കാടുമൂടും. വീണ്ടും പുതുക്കും... ഇങ്ങനെ കൊതിപ്പിച്ചുകൊണ്ട് പോകുകയാണ് ഈ പദ്ധതിയും.

ചേറ്റുവ വരെ കോൾപ്പാടങ്ങൾക്കു നടുവിലൂടെയാണ് ജലപാത. ദേശാടനപ്പക്ഷികളുടെ കേന്ദ്രമായ കോൾപ്പാടത്തിലൂടെയുള്ള യാത്ര ആളുകളുടെ മനംകവരുമെന്നുറപ്പാണ്. ഒന്നര ഏക്കർ വിസ്തൃതിയുണ്ടായിരുന്ന വഞ്ചിക്കുളത്തേക്ക് കോട്ടപ്പുറത്തുനിന്ന് 22 മീറ്റർ വീതിയുള്ള കനാലാണ് ഉണ്ടായിരുന്നത്. കനോലി കനാൽ വഴിയായിരുന്നു യാത്ര.

ഉപയോഗിക്കാതെ വിനോദസഞ്ചാരസാധ്യതകൾ

ഏറ്റവും കൂടുതൽ വിനോദസഞ്ചാരസാധ്യതകളുള്ള സ്ഥലമാണ് തൃശ്ശൂർ. അതേസമയം ജില്ലയ്ക്ക് പ്രത്യേക പാക്കേജുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. ടൂറിസം ഹബ്ബായി മാറാവുന്ന ചുറ്റുപാടുകൾ ഇവിടെയുണ്ട്. മല, കാട്, കടൽ തുടങ്ങി പ്രകൃതിയുടെ എല്ലാ ഭാവങ്ങളും സമൃദ്ധം. തൃശ്ശൂർ പൂരം ഉൾപ്പെടെ പൂരങ്ങളുടെ വലിയ നിരതന്നെ ഇവിടെയുണ്ട്. ഇതു കോർത്തിണക്കി പ്രചാരണം നടത്തിയാൽപ്പോലും ആളുകൾ ഒഴുകിയെത്തും. തീർത്ഥാടക ടൂറിസത്തിന്റെ സാധ്യതകളും ഏറെയുണ്ട്. സാംസ്കാരിക വിനോദസഞ്ചാരത്തിന്റെ സാധ്യതകളും വിപുലമാണെന്ന് ഈ മേഖലയിലുള്ളവർ പറയുന്നു. ഒന്നും ഇതുവരെ പരിഗണിക്കപ്പെട്ടിട്ടില്ല.

പുരോഗമിക്കാൻ ഫർണിച്ചർ ക്ലസ്റ്റർ

ചേർപ്പ് കടലാശ്ശേരിയിലെ ഫർണിച്ചർ ക്ലസ്റ്റർ കൂടുതൽ പുരോഗമനം തേടുകയാണ്. വൻവിലയുള്ള യന്ത്രസാമഗ്രികൾ വാങ്ങേണ്ടിവരുന്നതിനാൽ കൂടുതൽ ലളിതമായി വായ്പാസൗകര്യം ഒരുക്കണമെന്നതാണ് ഇവരുടെ ഒരു ആവശ്യം. കൂടാതെ മരങ്ങളുടെ ലഭ്യതക്കുറവും പ്രശ്നങ്ങളുണ്ടാക്കുന്നുണ്ട്. വിപണി കൂടുതൽ ശക്തമാക്കാനുള്ള സഹായങ്ങളും ഇവർ പ്രതീക്ഷിക്കുന്നു. സർക്കാർ ഓഫീസുകളിലേക്കുള്ള ഫർണിച്ചർ ക്ലസ്റ്ററുകളിൽനിന്ന്‌ വാങ്ങിയാൽ വിപണനം എളുപ്പമാകുമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

1.59 ഏക്കറിൽ 21,000 ചതുരശ്ര അടി വിസ്തീർണത്തിലാണ് ഫർണിച്ചർ ക്ലസ്റ്റർ പ്രവർത്തിക്കുന്നത്. ഇറ്റാലിയൻ സാങ്കേതികവിദ്യയാണ്. ചെവ്വൂരിലെ 400-ൽപ്പരം ചെറുകിട യൂണിറ്റുകൾക്കും അനുബന്ധസ്ഥാപനങ്ങൾക്കും ഈ കേന്ദ്രത്തിന്റെ സേവനം ഉപയോഗിക്കുന്നു. കൂടുതൽ വിപുലമാകാൻ സർക്കാരിന്റെ സഹായവും പദ്ധതികളുമാണാവശ്യം.

ഓടുനിർമാണമടക്കമുള്ള കളിമൺ വ്യവസായത്തിൽ തൃശ്ശൂരിന്റെ കൈയൊപ്പ് ആഴത്തിലുള്ളതായിരുന്നു. കാലം മായ്ച്ച ഈ രേഖകൾ തിരിച്ചുപിടിക്കാൻ സംഘടിതശ്രമത്തിനുള്ള സാധ്യതയും ആരും തേടിയിട്ടില്ല. കൈത്തറിനെയ്ത്തിന്റെ സ്ഥിതിയും ഇതുതന്നെ. ഉള്ളവ സംരക്ഷിക്കാനും കൂടുതൽ വികസിപ്പിക്കാനും സർക്കാർതലത്തിൽ ആസൂത്രണം അനിവാര്യമാണ്.

പണിതീരാതെ കായിക സമുച്ചയം

മാർച്ചിൽ തീരേണ്ടതായിരുന്നു ലാലൂരിലെ ഐ.എം.വിജയൻ രാജ്യാന്തര കായിക സമുച്ചയത്തിന്റെ നിർമാണം. ഇപ്പോഴും പണികൾ നടക്കുകയാണ്. ആറുമാസത്തിനുള്ളിൽ പണി തീർക്കുമെന്ന് 2021 നവംബറിൽ മന്ത്രി ഉറപ്പുനൽകിയിരുന്നു.

2019 ഫെബ്രുവരിയിൽ അന്നത്തെ കായികമന്ത്രി ഇ.പി.ജയരാജനാണ് ഐ.എം.വിജയൻ ഇൻഡോർ സ്റ്റേഡിയത്തിനും കായിക സമുച്ചയത്തിനും ശിലയിട്ടത്. മാലിന്യം നീക്കാത്തുമൂലം സ്റ്റേഡിയത്തിന്റെ ജോലികൾ തടസപ്പെട്ടിരുന്നു. പിന്നീട് പ്രശ്‌നം പരിഹരിച്ചെങ്കിലും ജോലികൾ പൂർത്തികരിച്ചിട്ടില്ല. പഴയമാലിന്യം നീക്കുന്ന ജോലികളാണ് ഇപ്പോഴും നടക്കുന്നത്.

ചുണ്ടിനും കപ്പിനുമിടയിൽ സുവോളജിക്കൽ പാർക്ക്

-ൽത്തന്നെ പുത്തൂർ സുവോളജിക്കൽ പാർക്ക് തുറക്കുമെന്നായിരുന്നു വാഗ്ദാനം. 2023 ആയിട്ടും മൃഗങ്ങളെ അങ്ങോട്ടുമാറ്റാൻ സാധിച്ചിട്ടില്ല. 2023 അവസാനിക്കുന്നതിനുമുമ്പ് ഇതു നടക്കുമെന്നാണ് പ്രതീക്ഷ. പ്രഖ്യാപനങ്ങൾ പുതിയ ബജറ്റിലും പ്രതീക്ഷിക്കുന്നു. കഴിഞ്ഞ ബജറ്റിൽ ആറുകോടിയാണ് വകയിരുത്തിയിരുന്നത്.

പതിഞ്ഞ താളത്തിൽ ഓപ്പറേഷൻ കോൾ ഡബിൾ

ഓപ്പറേഷൻ കോൾ ഡബിൾ പദ്ധതിക്ക് കഴിഞ്ഞ ബജറ്റിൽ 2.75 കോടിയാണ് വകയിരുത്തിയിരുന്നത്. ഏറെ പ്രതീക്ഷയോടെ ആരംഭിച്ച പദ്ധതി വേണ്ടത്ര വിജയിച്ചില്ല. കോൾപ്പടവിൽ രണ്ടുതവണ കൃഷിയിറക്കി നെല്ലുത്പാദനം ഇരട്ടിയാക്കുകയായിരുന്നു ലക്ഷ്യം. രണ്ടാംപൂ ഇറക്കാൻ തയ്യാറായിവന്ന കർഷകർ വളരെ കുറവായിരുന്നു. കൃത്യമായ ആസൂത്രണവുമുണ്ടായില്ല. രണ്ടാം കൃഷിയുടെ കൊയ്ത് പലപ്പോഴും ജൂണിലാകും. മഴക്കാലത്ത് കൊയ്ത്തുവരുമ്പോൾ ഉണ്ടാകുന്ന നഷ്ടം മറികടക്കാൻ സഹായവും ലഭിച്ചില്ല.

ഇതുകൂടാതെ കോൾപ്പടവിലെ ജലനിയന്ത്രണസംവിധാനം സ്ഥാപിക്കാൻ 10 കോടിയും വകയിരുത്തിയിരുന്നു. ബണ്ടുകളുടെ തകരാറുമൂലം വെള്ളം ഉയർത്താൻ സാധിക്കാത്തതിന്റെ ദുരിതം ഇത്തവണയും കർഷകർ അനുഭവിച്ചു. ഏനാമാവ്, ഇടിയഞ്ചിറ ബണ്ടുകൾ കാര്യക്ഷമമായി പ്രവർത്തിക്കാത്തതായിരുന്നു കാരണം. ഏനാമാവ് റഗുലേറ്ററിന്റെ ഷട്ടറുകൾ കേടായിരിക്കുകയാണ്. ഷട്ടർ അടച്ചാലും വെള്ളംചോരുന്ന സ്ഥിതിയാണ്. ഇവിടെ വർഷാവർഷം താത്കാലിക ബണ്ട് കെട്ടാറുണ്ട്. ഡിസംബർ അവസാനം മാത്രമാണ് ഇതു കെട്ടാറുള്ളത്. ഷട്ടറുകൾ കേടായതിനെത്തുടർന്നാണിത്. ഷട്ടറുകൾ നേരെയാക്കിയിരുന്നെങ്കിൽ ഇപ്പോഴത്തെ പ്രശ്നത്തിന് പരിഹാരമാകുമായിരുന്നുവെന്നാണ് കർഷകർ പറയുന്നത്.

ഇടിയഞ്ചിറ റഗുലേറ്ററിന്റെ ഷട്ടറുകളും കേടാണ്. ഇതു താഴ്ത്താൻ സാധിക്കില്ല. ഹെർബർട്ട് കനാലിൽ പാലംപണി നടക്കുന്നതിനാൽ ഇതുവഴിയും ചാലിലെ ജലനിരപ്പ് ഉയർത്താൻ സാധിക്കുന്നില്ല. ബജറ്റിൽ തുക വകയിരുത്തിയിട്ടും അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കാനാകുന്നില്ലെന്നതിന്റെ തെളിവാണിത്.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..