കുന്നംകുളം : കാണിപ്പയ്യൂരിലെ വാടകവീട്ടിൽനിന്ന് വ്യാജ കള്ളും സ്പിരിറ്റും പിടിച്ച കേസിൽ അന്വേഷണം ഊർജിതമാക്കി. സ്പിരിറ്റ് വന്ന വഴി തേടി എക്സൈസും പോലീസും അന്വേഷണം വ്യാപിപ്പിക്കാനാണ് പദ്ധതിയിടുന്നത്. റിമാൻഡിലായ ഷാപ്പ് ലൈസൻസി കൊടുങ്ങല്ലൂർ ആവണിക്കുള്ളിൽ വീട്ടിൽ സുരേഷ്ബാബു (59)വിനെ എക്സൈസ് സംഘം കസ്റ്റഡിയിൽ വാങ്ങും.
സ്പിരിറ്റ് വന്ന വഴിയാണ് എക്സൈസും പോലീസും അന്വേഷിക്കുന്നത്. പാലക്കാട്, ബെംഗളൂരു എന്നിവിടങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിക്കും. ക്രൈംബ്രാഞ്ചിന്റെയും സൈബർ സെല്ലിന്റെയും സഹായവും തേടുന്നുണ്ട്. സംസ്ഥാന എൻഫോഴ്‌സ്‌മെന്റ് വ്യാജ കള്ള് പിടിച്ച കേസിൽ എക്സൈസ് കമ്മിഷണറുടെ മേൽനോട്ടത്തിലാണ് അന്വേഷണം.
കള്ളിന്റെ ലഹരി വർധിപ്പിക്കാനും അളവ് കൂട്ടാനും ചേർക്കേണ്ട വസ്തുക്കളെക്കുറിച്ച് ഇയാൾക്ക് കൃത്യമായ അറിവുണ്ടെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നു. കള്ളിനേക്കാൾ ഉയർന്ന അളവിലാണ് ഇയാൾ സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്. ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയുണ്ടോയെന്നും പരിശോധിക്കും. പിടിച്ചെടുത്ത കള്ളിന്റെയും സ്പിരിറ്റിന്റെയും സാമ്പിളുകൾ പരിശോധനയ്ക്ക് നൽകുന്നുണ്ട്. ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനാൽ പ്രതിയെ കൂടുതൽ ചോദ്യംചെയ്യാൻ കഴിഞ്ഞിരുന്നില്ല.
കാണിപ്പയ്യൂർ ഉഭയൂർ റോഡിലെ വാടകവീട്ടിൽനിന്ന് ബുധനാഴ്ചയാണ് 380 ലിറ്റർ വ്യാജ കള്ളും 431 ലിറ്റർ സ്പിരിറ്റും എക്സൈസ് സംഘം പിടിച്ചെടുത്തത്. സംസ്ഥാന എൻഫോഴ്‌സ്‌മെന്റിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. സുരേഷ്ബാബു ലേലത്തിനെടുത്ത് നടത്തുന്ന ഷാപ്പുകളിൽ വ്യാജ കള്ള് വിതരണം ചെയ്യുന്നതായി പരാതികളുയർന്നിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..