തൃശ്ശൂർ : വിവാദമായ ബിനി ടൂറിസ്റ്റ് ഹോമിലെ പൊളിച്ചടുക്കലിന്റെ മുഴുവൻ നഷ്ടപരിഹാരവും ഈടാക്കി കോർപറേഷൻ. കരാറെടുക്കാൻ സന്നദ്ധനായെത്തിയയാളാണ് കോർപറേഷൻ നോട്ടീസ് പ്രകാരമുള്ള 29.85 ലക്ഷം രൂപ അടച്ച് തുടർനടപടികൾ ഒഴിവാക്കിയത്. ഇതോടെ ടൂറിസ്റ്റ്‌ഹോമിന്റെ നടത്തിപ്പ് സംബന്ധിച്ച് കരാറിന് വഴിതെളിഞ്ഞു.
കുറച്ചുകാലമായി പ്രവർത്തനം മുടങ്ങിക്കിടന്നിരുന്ന സ്ഥാപനത്തിന് പുതിയ നടത്തിപ്പുകാരെ തേടിയുള്ള കോർപറേഷന്റെ അന്വേഷണം ഏറെ പരീക്ഷണങ്ങളും പ്രതിസന്ധികളും മറികടന്നാണ് ഇവിടേക്കെത്തിയത്. ആറുതവണ ടെൻഡർ ക്ഷണിച്ചിട്ടും ഇടപാടിലേക്കെത്താൻ കഴിഞ്ഞിരുന്നില്ല. അവസാന ടെൻഡറിൽ വന്നവയിൽ മികച്ച തുകയായ ഏഴരലക്ഷം രൂപ വാഗ്ദാനം ചെയ്ത പി.എസ്. ജിനീഷിന് അനുമതി കൊടുക്കാൻ തത്ത്വത്തിൽ തീരുമാനിച്ചു. മേയറുടെ മുൻകൂർ അനുമതി കിട്ടിയതോടെ കെട്ടിടം നന്നാക്കുന്നതിന്റെ ഭാഗമായി പൊളിക്കൽ തുടങ്ങിയപ്പോഴാണ് വിഷയം വിവാദമായത്. വാതിലും ജനലുകളും വരെ പൊളിച്ചു തുടങ്ങിയിരുന്നു. തുടർന്ന് മേയർ ഇടപെട്ട് പൊളിക്കൽ നിർത്തിവെപ്പിച്ചു. നഷ്ടപരിഹാരം ഈടാക്കാനുള്ള നടപടികളും തുടങ്ങി.
ഇതിനിടെ കഴിഞ്ഞ കൗൺസിലിൽ വിഷയം ഇടംപിടിച്ചു. അജൻഡയ്ക്ക് മുൻപേ കോൺഗ്രസ് ബഹളം തുടങ്ങിയതും ഭരണപക്ഷത്തിന് കാര്യങ്ങൾ എളുപ്പമാക്കി. കാര്യമായ എതിർപ്പുകളില്ലാതെ നടത്തിപ്പ് ചുമതല ജിനീഷിനെ ഏൽപ്പിക്കാൻ തീരുമാനിച്ചു. നഷ്ടപരിഹാരത്തുക കൂടി അടച്ചതോടെ മിക്കവാറും എല്ലാ നിബന്ധനകളും പൂർത്തിയായി. ഇനി കരാറിലേക്കുള്ള നടപടികൾ വേഗത്തിൽ തുടങ്ങുമെന്നാണ് അറിയുന്നത്. ഇതിനിടെ പൊതുമരാമത്ത് വിഭാഗം നഷ്ടപരിഹാരത്തുക ഉപയോഗിച്ച് കെട്ടിടം പൂർവസ്ഥിതിയിലാക്കും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..