പുഞ്ചനെല്ലിൽ ഈർപ്പമെന്ന് മില്ലുടമകൾ: കൊയ്‌തെടുത്ത നെല്ല് വീണ്ടും ഉണക്കി കർഷകർ


1 min read
Read later
Print
Share

മുരിയാട് കായൽമേഖലയിലെ തൊമ്മാന പാടത്തെ കർഷകർ കടുപ്പശ്ശേരി കൃഷിഭവൻ മുറ്റത്ത് നെല്ല് ഉണക്കുന്നു

മുരിയാട് : കൊയ്തെടുത്ത നെന്മണികളിൽ ഈർപ്പം കൂടുതലെന്നുകാട്ടി മില്ലുടമകൾ നെല്ല് ഏറ്റെടുക്കാതെ കർഷകരെ ദുരിതത്തിലാക്കുന്നതായി ആക്ഷേപം. കഴിഞ്ഞ ദിവസങ്ങളിൽ മുരിയാട് കോൾമേഖലയിലെ പാടശേഖരങ്ങളിൽ കൊടുംചൂടിൽ കൊയ്‌തെടുത്ത പുഞ്ച നെല്ലാണ് ഈർപ്പമുണ്ടെന്ന കാരണത്താൽ കർഷകർ വീണ്ടും ഉണക്കുന്നത്. നെല്ല് സംഭരിക്കാനെത്തുന്ന ഉദ്യോഗസ്ഥർ മെഷീൻ ഉപയോഗിച്ചാണ് ഈർപ്പം പരിശോധിക്കുന്നത്.

പരിശോധനയിൽ വ്യത്യാസം കാണിക്കുന്നതിനാലാണ് കൊയ്‌തെടുത്ത നെല്ല് വീണ്ടും ഉണക്കേണ്ടിവരുന്നതെന്ന് കർഷകർ പറഞ്ഞു. ഇത് കർഷകർക്ക് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നതാണെന്നും അവർ കുറ്റപ്പെടുത്തി. നെല്ല് പാടത്തുനിന്നും സൗകര്യമുള്ള സ്ഥലത്തേക്ക് മാറ്റുന്നതിനും അത് ഉണക്കുന്നതിന് കൂലിക്കാരെ നിർത്തുന്നതിനുമെല്ലാം കർഷകർക്ക് െചലവ് വരും. ഉദ്യോഗസ്ഥർ പരിശോധിക്കുമ്പോൾ അളവിൽ വ്യത്യാസം കണ്ടാൽ കിഴിവ് ചോദിക്കും.

അങ്ങനെ നൽകാതിരിക്കാനാണ് നെല്ല് വീണ്ടും വെയിലത്തിട്ട് ഉണക്കുന്നതെന്ന് തൊമ്മാന കോൾ കർഷക പാടശേഖരസമിതി പ്രസിഡന്റ് കെ.കെ. രാകേഷ് പറഞ്ഞു. ഉണക്കിയെടുത്താൽ കൃത്യമായ അളവിൽ നെല്ല് സപ്ലൈകോയ്ക്ക് കൈമാറാനാകുമെന്നും പ്രസിഡന്റ് കൂട്ടിച്ചേർത്തു. അതേസമയം നെല്ല് ശരിയായി ഉണക്കിനൽകാമെന്ന് പാടശേഖരസമിതി അറിയിക്കുകയായിരുന്നെന്ന് സപ്ലൈകോ ഉദ്യോഗസ്ഥരും പറയുന്നു. ഇക്കാര്യത്തിൽ മറ്റ് തർക്കങ്ങളില്ലെന്നും അവർ അറിയിച്ചു.

മുരിയാട് കർഷകസമരത്തിലെ ഒത്തുതീർപ്പിൽ സർക്കാർ നൽകിയ ഉറപ്പിന്റെ ലംഘനമാണിതെന്ന് സമരത്തിന് നേതൃത്വം നൽകിയ കർഷകമുന്നേറ്റം നേതാവ് വർഗീസ് തൊടുപറമ്പിൽ പറഞ്ഞു.

പുഞ്ചക്കൊയ്ത്തിലെ നെല്ല് ഈർപ്പമില്ലാത്തതിനാൽ പാടവരമ്പിൽനിന്ന്‌ നേരിട്ട് സംഭരിയ്ക്കാമെന്ന് അന്ന് സർക്കാർ വാഗ്ദാനം നൽകിയിരുന്നു. ഇക്കാര്യത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് കർഷകമുന്നേറ്റം കൃഷിമന്ത്രിയോട് ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ പ്രക്ഷോഭം ആരംഭിക്കുമെന്നും വർഗീസ് തൊടുപറമ്പിൽ പറഞ്ഞു.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..