• അയിനൂർ ഗാന്ധി റോഡിൽ നടക്കുന്ന മണ്ണെടുപ്പ്
പഴഞ്ഞി : കാട്ടകാമ്പാൽ ഗ്രാമപ്പഞ്ചായത്തിലെ അയിനൂർ ഗാന്ധി റോഡിൽ നടക്കുന്ന മണ്ണെടുപ്പ് നിർത്തണമെന്ന് സി.പി.ഐ. കാട്ടകാമ്പാൽ ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു. സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലുള്ള കുന്ന് ഇടിച്ചാണ് മണ്ണെടുപ്പ് നടത്തുന്നത്.
പഞ്ചായത്തിന്റെ ബിൽഡിങ് പെർമിറ്റോടെയും ജിയോളജി വകുപ്പിന്റെ അനുമതിയോടെയുമാണ് പൊതുജനങ്ങൾക്ക് അപകടകരമായ രീതിയിൽ മണ്ണെടുപ്പ് നടത്തുന്നതെന്ന് സി.പി.ഐ. നേതാക്കൾ ആരോപിച്ചു. രണ്ട് വലിയ മണ്ണുമാന്തി യന്ത്രങ്ങളുടെ സഹായത്തോടെയാണ് കുന്നിടിച്ച് മണ്ണ് കടത്തുന്നത്.
ഇതിനു സമീപത്തായും മണ്ണെടുക്കുന്നതിന് ബിൽഡിങ് പെർമിറ്റിന് അപേക്ഷ നൽകിയിട്ടുമുണ്ട്. മണ്ണെടുക്കുന്ന കുന്നിനു മുകളിൽ നിരവധി കുടുബങ്ങൾ താമസിക്കുന്നുണ്ട്. കൂടാതെ പഞ്ചായത്തിന്റെ ശ്മശാനവും ക്ഷേത്രവും നിലനിൽക്കുന്നുണ്ട്. മണ്ണെടുക്കുന്നതിനു സമീപത്തായി ടവറും നിലകൊള്ളുന്നുണ്ട്.
ജനവാസകേന്ദ്രത്തിലെ അപകടകരമായ മണ്ണെടുപ്പ് നിർത്തണമെന്നാവശ്യപ്പെട്ട് സി.പി.ഐ. നേതാക്കൾ ജിയോളജിവകുപ്പിന് പരാതി നൽകി.
ജനങ്ങളുടെ ആവാസവ്യവസ്ഥ തകർക്കുകയും പാരിസ്ഥിതിക ഭീഷണിയുണ്ടാക്കുകയും മേഖലയിലെ തന്നെ കുടിവെള്ള സമ്പത്തിനെ തകർക്കുകയും ചെയ്യുന്ന മണ്ണെടുപ്പ് നിർത്താൻ അധികൃതർ തയ്യാറാകണമെന്ന് സി.പി.ഐ. കുന്നംകുളം മണ്ഡലം കമ്മിറ്റി സെക്രട്ടറി കെ.ടി. ഷാജൻ, കാട്ടകാമ്പാൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.കെ. രവീന്ദ്രൻ, എ.ഐ.വൈ.എഫ്. കുന്നംകുളം മണ്ഡലം പ്രസിഡന്റ് കെ.കെ. സുകേഷ് തുടങ്ങിയവർ ആവശ്യപ്പെട്ടു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..