• പൂക്കോട് വെറ്ററിനറി കോളേജിലെ വന്യജീവി പഠനകേന്ദ്രത്തിലെ വിദ്യാർഥികൾ പക്ഷിനിരീക്ഷണവുമായി അസുരൻകുണ്ടിൽ
വടക്കാഞ്ചേരി : വയനാട്ടിലെ പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർഥികൾ മച്ചാട് വനത്തിലെ അസുരൻകുണ്ടിൽ മാത്രം കണ്ടെത്തിയത് വൈവിധ്യമാർന്ന 110 ഇനം പക്ഷികളെ. വനദിനാഘോഷത്തിന്റെ ഭാഗമായ പക്ഷിനിരീക്ഷണത്തിനിടെയാണിത്. പൂക്കോട് വെറ്ററിനറി കോളേജിലെ വന്യജീവിപഠനകേന്ദ്ര വിഭാഗത്തിലെ ഡോ. റോഷ്‌നാഥ് രമേഷ്, ടിജോ കെ. ജെയിൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു നിരീക്ഷണക്യാമ്പ്.
ബിരുദാനന്തര വിദ്യാർഥികൾ ക്യാമറാ ചിത്രങ്ങളുടെകൂടെ പക്ഷികളുടെ സ്വഭാവ, ആഹാര, സമ്പാദന രീതികൂടി നിരീക്ഷിച്ചു. അനുഭവ സമ്പത്തുള്ളവരുമായി വിവരങ്ങളും പങ്കുവെച്ചു.
പശ്ചിമഘട്ടത്തിൽ മാത്രം കാണുന്ന കോഴി വേഴാമ്പൽ, ആൽക്കിളി, അസുരക്കാടൻ, ചാരത്തലയൻ, മണികണ്ഠൻ എന്നിവയെല്ലാം അസുരൻകുണ്ടിൽ നിരീക്ഷകർ കണ്ടെത്തി. വംശനാശഭീഷണി നേരിടുന്ന കരുവാരക്കൊക്കിനെയും ഇവിടെ കണ്ടതായി ക്യാമ്പിനു നേതൃത്വം കൊടുത്ത ഡോ. റോഷ്‌നാഥ് രമേഷ് പറഞ്ഞു.
തൃശ്ശൂർ ഡി.എഫ്.ഒ. സി.വി. രാജൻ ഉദ്ഘാടനംചെയ്ത പക്ഷിനിരീക്ഷണക്യാമ്പിൽ മച്ചാട് വനം റേഞ്ചർ ശ്രീദേവി മധുസൂദനൻ, വാഴാനി ഡെപ്യൂട്ടി റേഞ്ചർ പി. വിനോദ്, ബയോ നാച്ചുറൽ ക്ലബ്ബ് പ്രസിഡന്റ് കെ.എം. അബ്ദുൾ സലാം തുടങ്ങിയവരും പങ്കെടുത്തു.
പല വംശത്തിലുള്ള നാട്ടുപക്ഷികളുടെ ആവാസകേന്ദ്രമാണ് അസുരൻകുണ്ട്.
ദേശാടനപ്പക്ഷികളും ഇവിടെയെത്താറുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..