കുന്നംകുളം ബജറ്റിലെ വാഗ്ദാനം: ശുചിത്വസുന്ദര നഗരം


2 min read
Read later
Print
Share

മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾക്ക് 22 കോടി ബജറ്റ് ചർച്ചായോഗത്തിൽ പ്രതിപക്ഷ ബഹളം

കുന്നംകുളം : മാലിന്യ സംസ്കരണരംഗത്ത് മാതൃകാപ്രവർത്തനം നടത്തുന്ന കുന്നംകുളം നഗരസഭയെ ശുചിത്വസുന്ദര നഗരമാക്കുമെന്ന് ബജറ്റിൽ വാഗ്ദാനം. 162.6 കോടി രൂപ വരവും 134.71 കോടി രൂപ ചെലവുമാണ് ബജറ്റിൽ പ്രതീക്ഷിക്കുന്നത്.

ബജറ്റ് ചർച്ചയിൽ കോൺഗ്രസിനെ അപമാനിച്ചെന്നും സ്ത്രീവിരുദ്ധ പരാമർശം നടത്തിയെന്നും ആരോപിച്ച് പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധിച്ചതോടെ ചർച്ച പൂർത്തിയാക്കാതെ യോഗം പിരിച്ചുവിട്ടു.

വൈസ് ചെയർപേഴ്‌സൺ സൗമ്യാ അനിലൻ കൗൺസിലിൽ അവതരിപ്പിച്ച ബജറ്റിൽ 22 കോടി രൂപയാണ് മാലിന്യസംസ്കരണപ്രവർത്തനങ്ങൾക്ക് നീക്കിവെച്ചത്.

നല്ല വീട് നല്ല നഗരം പദ്ധതിയുടെ തുടർപ്രവർത്തനങ്ങൾ, അസാപുമായി സഹകരിച്ച് ഗ്രീൻ ടെക്‌നോളജി ഇൻസ്റ്റിറ്റ്യൂട്ട്, അജൈവ വസ്തുക്കളുടെ വാതിൽപ്പടിശേഖരണം നൂറു ശതമാനമാക്കൽ, തിരുത്തിക്കാടും മധുരക്കുളത്തിന് സമീപവും ദ്രവമാലിന്യ സംസ്കരണ പ്ലാന്റുകൾ, വെള്ളത്തിന്റെ ഗുണനിലവാരപരിശോധന, പൊതു ശൗചാലയങ്ങൾ വൃത്തിയോടെ സൂക്ഷിക്കൽ, ശൗചാലയ മലിനജല സംസ്കരണത്തിനുള്ള സംവിധാനങ്ങൾ തുടങ്ങിയവയാണ് മാലിന്യ സംസ്കരണരംഗത്ത് നടപ്പാക്കുക.

വാർഡുതലത്തിൽ സമ്പൂർണ കിണർ റീചാർജിങ് നടപ്പാക്കും. ജലസംരക്ഷണപ്രവർത്തനങ്ങൾക്ക് അഞ്ചുകോടി രൂപ ചെലവഴിക്കും. നികുതിപിരിവ് നൂറു ശതമാനമാക്കും.

5,000 രൂപയ്ക്ക് താഴെ വാടകയുള്ള കെട്ടിടങ്ങളുടെ വാടക വർധിപ്പിക്കുന്നതിന് ഉപസമിതി രൂപവത്കരിക്കും.

തൊഴിൽനികുതി പിരിവിന് ഓൺലൈൻ സംവിധാനമേർപ്പെടുത്തും. രക്തബാങ്ക്, സ്പെഷ്യാലിറ്റി ഗൈനക് വാർഡ് തുടങ്ങി താലൂക്ക് ആശുപത്രിയിലെ വികസനത്തിന് ഒരു കോടി രൂപ അനുവദിക്കും. സൗരോർജ വൈദ്യുതി ഉത്പാദനം പ്രോത്സാഹിപ്പിക്കും. കായികരംഗത്തെ ഇടപെടലുകൾക്ക് പത്തുലക്ഷം രൂപയും ഏകലവ്യൻ സ്മാരക ലൈബ്രറിയുടെ വികസനത്തിന് എട്ടുലക്ഷം രൂപയും വകയിരുത്തി.

കാർഷികമേഖലയിൽ വെർട്ടിക്കൽ ഫാമിങ്, കാർഷിക സംസ്കൃതിയിലൂന്നിയ നാടൻകലകളുടെ സംഗമം എന്നിവ നടത്തും. സംരംഭകപ്രോത്സാഹനത്തിന്റെ ഭാഗമായി 1,000 പേർക്ക് തൊഴിൽ തുടങ്ങിയ പദ്ധതികളും ബജറ്റിലുണ്ട്.

ബുധനാഴ്ച നടന്ന ബജറ്റ് ചർച്ചയിലാണ് നാടകീയ സംഭവങ്ങളുണ്ടായി. വികസന സ്ഥിരംസമിതി അധ്യക്ഷൻ പി.എം. സുരേഷിന്റെ വാക്കുകൾ കോൺഗ്രസിനെയും സ്ത്രീകളെയും അപമാനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് അംഗങ്ങൾ രംഗത്തെത്തി.

മഹാഭാരതത്തെ അവഹേളിച്ചെന്നു ചൂണ്ടിക്കാട്ടി ബി.ജെ.പി. അംഗങ്ങളും ബഹളംവെച്ചു.

ചെയർപേഴ്‌സൺ സീതാ രവീന്ദ്രൻ അംഗങ്ങളോട് ശാന്തരാകാൻ ആവശ്യപ്പെട്ടെങ്കിലും തയ്യാറായില്ല.

വൈസ് ചെയർപേഴ്‌സൺ സൗമ്യാ അനിലന് മറുപടി പറയാനാകാതെ യോഗം പിരിച്ചുവിട്ടു.

ആവർത്തനപദ്ധതികളെന്ന് പ്രതിപക്ഷം

:സി.പി.എം. നഗരസഭയുടെ ഭരണമേറ്റെടുത്തതിനു ശേഷം ആവർത്തിക്കുന്ന പദ്ധതികൾ മാത്രമാണ് ബജറ്റിലുള്ളതെന്ന് കോൺഗ്രസ് അംഗങ്ങൾ കുറ്റപ്പെടുത്തി.

ബജറ്റിൽ പ്രതീക്ഷിക്കുന്ന വരുമാനം ഉണ്ടാക്കാൻ കഴിയുന്നില്ല. എം.എൽ.എ.യുടെ വികസനപ്രവർത്തനങ്ങളെല്ലാം നഗരസഭയുടേതാക്കി മാറ്റുകയാണെന്നും ബിജു സി. ബേബി, ഷാജി ആലിക്കൽ എന്നിവർ പറഞ്ഞു.

ജനക്ഷേമകരമല്ലാത്തതും വികസന കാഴ്ചപ്പാടില്ലാത്തതുമാണ് ബജറ്റെന്ന് ബി.ജെ.പി. കുറ്റപ്പെടുത്തി.

ഈ സാമ്പത്തികവർഷം പുരോഗതി പ്രതീക്ഷിക്കേണ്ടതില്ല. സർക്കാർ പദ്ധതികൾ അച്ചടിച്ച് അവതരിപ്പിച്ചതാണെന്നും കെ.കെ. മുരളി കുറ്റപ്പെടുത്തി.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..