വേദിയൊരുക്കൂ, അർപ്പിക്കട്ടെ കണ്ണന് നൃത്താർച്ചന


1 min read
Read later
Print
Share

ഗുരുവായൂർ : വേനലവധിക്കാലം ഗുരുവായൂരിന് നൃത്തം അരങ്ങേറ്റത്തിരക്കിന്റെ കാലംകൂടിയാണ്. പ്രധാന വേദിയായ മേൽപ്പുത്തൂർ ഓഡിറ്റോറിയത്തിൽ സമയം കിട്ടാനായി കയറിയിറങ്ങുകയാണ് ആളുകൾ. ഒടുവിൽ, കണ്ണനുമുന്നിൽ ചിലങ്കയണിയാനുള്ള മോഹം ഉപേക്ഷിച്ച് കണ്ണീരോടെ മടങ്ങേണ്ടിവരുന്നത് പതിവുകാഴ്ച. മേൽപ്പുത്തൂർ ഓഡിറ്റോറിയം കിട്ടിയില്ലെങ്കിലും ഭഗവാന്റെ നടയിൽ എവിടെയെങ്കിലും അരങ്ങേറ്റത്തിന് വേദി ഒരുക്കണമെന്നാണ് നൃത്താധ്യാപകരും രക്ഷിതാക്കളും ആവശ്യപ്പെടുന്നത്.

പരിപാടിക്കായി രണ്ടു മാസം മുമ്പാണ് ബുക്ക് ചെയ്യേണ്ടത്. നൃത്താധ്യാപികയുടെ ഫോട്ടോയും സ്ഥാപനത്തിന്റെ ലെറ്റർപാഡിൽ പങ്കെടുക്കുന്നവരുടെ വിവരങ്ങളുമെഴുതിയാണ് അപേക്ഷ നൽകേണ്ടത്. ഒന്നര മണിക്കൂറിന് 3,540 രൂപയാണ് ഫീസ്. ഒരു സ്ലോട്ടിന് കൂടുതൽ പേരുണ്ടെങ്കിൽ നറുക്കെടുക്കും. മേയ് 24-നുള്ള ബുക്കിങ് അപേക്ഷ നൽകാൻ വെള്ളിയാഴ്ച ദേവസ്വം ഓഫീസിൽ നൂറുകണക്കിനാളുകളാണ് എത്തിയത്. 24-ന് രാവിലെ ഏഴു മുതൽ എട്ടര വരെയുള്ള സമയം ലഭിക്കാൻ അപേക്ഷയുമായെത്തിയത് 50-ലേറെ പേരായിരുന്നു. ഉച്ചയ്ക്ക് ഒന്നു മുതൽ രണ്ടര വരെ വേദി ലഭിക്കാൻ 48 പേരും. രാവിലെ മുതൽ രാത്രി 11 വരെയുള്ള ഓരോ ഒന്നര മണിക്കൂറുകൾക്കും ആവശ്യക്കാരുടെ എണ്ണം കൂടുതലായിരുന്നു.

രാവിലെ പത്തരയോടെയായിരുന്നു നറുക്കെടുപ്പ്. എത്തിയവരിൽ ഭൂരിപക്ഷവും അവസരംകിട്ടാതെ സങ്കടത്തോടെ മടങ്ങി. ഉത്സവത്തിന് തിരുവാതിരക്കളിക്ക്‌ വടക്കേനടയിൽ താത്കാലിക സ്റ്റേജ് ഒരുക്കിയതുപോലെയോ തെക്കേനടയിലെ ഗുരുവായൂരപ്പൻവേദി ഏർപ്പെടുത്തിയോ പ്രശ്നം പരിഹരിക്കാൻ ദേവസ്വം ആലോചിക്കുന്നുണ്ട്.

അരങ്ങേറ്റത്തിന് നർത്തകർ നേരത്തേ മേക്കപ്പ് ചെയ്താണ് വേദിയിലെത്താറ്. അതുകൊണ്ട് പ്രത്യേകമായുള്ള ഗ്രീൻറൂമിന്റെ ആവശ്യവുമില്ല. മേയിലെ ഏതെങ്കിലുമൊരു ദിവസമോ സമയമോ കിട്ടാൻ നൃത്താധ്യാപകർ ഗുരുവായൂരിൽ ദിവസങ്ങളോളം തങ്ങിയാണ് അപേക്ഷ നൽകുന്നത്. ഇതിനായി ഇടനിലക്കാരും രംഗത്തുള്ളതായി ദേവസ്വത്തിന് പരാതി ലഭിച്ചിട്ടുണ്ട്. ഇവർ ദിവസവും അതിരാവിലെ വരിയിൽ നിന്ന് അപേക്ഷകൾ നൽകുകയാണ്. നൃത്താധ്യാപകരോ രക്ഷിതാക്കളോ നേരിട്ടു വന്നാൽ മാത്രമേ ഓഡിറ്റോറിയം ബുക്ക് ചെയ്യാൻ കഴിയൂവെന്ന നിബന്ധനയും അത്യാവശ്യമാണ്.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..