• ചേലക്കര അന്തിമഹാകാളൻകാവ് വേലയുടെ ഭാഗമായി കാളവേലകൾ ക്ഷേത്രാങ്കണത്തിലേക്ക് എത്തിയപ്പോൾ ഫോട്ടോ: ജെ. ഫിലിപ്പ്
ചേലക്കര : പൊയ്‌ക്കാളകളെ തോളിലേറ്റി കാളപ്പാട്ടിനൊത്ത് ചുവടുവെച്ച് അന്തിമഹാകാളൻ തമ്പുരാന്റെ മണ്ണിൽ വേലയാഘോഷം. കൊയ്‌തൊഴിഞ്ഞ നെൽപ്പാടങ്ങളിലൂടെ മീനച്ചൂടിനെ വകഞ്ഞുമാറ്റി കാളപ്പാട്ടിനൊത്ത് ചുവടുകളുമായി അഴകുള്ള കാളവേലകൾ കാവിലെത്തി. കുട്ടികളും കുടുംബവുമായെത്തിയ ആയിരങ്ങൾ അന്തിമഹാകാളൻകാവ് വേലയിൽ പങ്കാളികളായി.
അഴകുള്ള കാളവേലയും അഞ്ച് ദേശത്തിന്റെ വെടിക്കെട്ടും വാദ്യകുലപതികളെ അണിനിരത്തിയുള്ള വാദ്യവിസ്‌മയവുമെല്ലാം നിറഞ്ഞതായി വേല. തട്ടകത്തപ്പനെ തൊഴുതുവണങ്ങാനും വേല ആഘോഷത്തിൽ പങ്കാളിയാകുവാനുമായി നിരവധി ഭക്തരാണ് അന്തിമഹാകാളൻകാവിലെത്തിയത്. രാവിലെ കാവിൽ വിശേഷാൽപൂജകളും ചേലക്കര, പങ്ങാരപ്പിള്ളി ദേശങ്ങളുടെ ഈടുവെടി വഴിപാടും നടന്നു. ഉച്ചയ്ക്ക് ദേശത്തെ ക്ഷേത്രങ്ങളിൽനിന്ന് ദേശക്കാള, വാദ്യമേളങ്ങൾ, പൂക്കാവടികളുടെ അകമ്പടിയോടെ വേല എഴുന്നള്ളിപ്പുകൾ നടന്നു.
വൈകുന്നേരത്തോടെ കാവങ്കണത്തിലെത്തിയ കാളവേലകളെല്ലാം കാവിനു മുമ്പിലെ കണ്ടത്തിൽ അണിനിരന്നു. രാത്രി വെങ്ങാനെല്ലൂർ ക്ഷേത്രത്തിൽനിന്ന് ചൂട്ടുവെളിച്ചത്തിന്റെ അകമ്പടിയായെത്തിയ ദേശവേല എലിയപ്പറ്റകാവിലെത്തി ചേലക്കര ദേശത്തിന്റെ വേലപുറപ്പാടിനായി വഴിയൊരുക്കി.
തുടർന്ന് ക്ഷേത്രകോമരത്തിന്റെ കല്പന സ്വീകരിച്ച് ഭക്തർ പറചൊരിഞ്ഞ് ചേലക്കരദേശം വേലയെഴുന്നള്ളിപ്പ് നടന്നു. 64-കാൽ പന്തലിൽനിന്ന് കാളി-ദാരിക വേഷധാരികളായ കുറുപ്പുമാരെത്തി കല്പിക്കപ്പെട്ട കണ്ടത്തിൽ നിലയുറപ്പിച്ചു.
ഇതോടെ ആദ്യം പങ്ങാരപ്പിള്ളി ദേശം വെടിക്കെട്ടിന് തിരിതെളിയിച്ചു. തുടർന്ന് ചേലക്കര ദേശം, വെങ്ങാനെല്ലൂർ-ചേലക്കോട് ദേശം, തോന്നൂർക്കര ദേശം, കുറുമല ദേശം എന്നിങ്ങനെ യഥാക്രമം വെടിക്കെട്ട് നടത്തി. തുടർന്ന് കാളി-ദാരിക സംവാദവും കാളി ദാരികനെ വധിക്കുന്ന പ്രതീകാത്മക ചടങ്ങും ഉണ്ടായി.
കാവിൽ നിറഞ്ഞാടി കാളവേലകൾ
: അന്തിമഹാകാളൻകാവ് വേല കാർഷികസംസ്‌കാരത്തിന്റെ പ്രതീകംകൂടിയാണ്. പ്രകൃതിയോടും വന്യജീവികളോടുമെല്ലാം പടപൊരുതിയ കർഷകൻ നൂറുമേനി വിളവെടുത്തതിന്റെ ആഘോഷംകൂടിയാണത്. വൈക്കോലിൽ കാളകളെ കെട്ടിയുണ്ടാക്കി ഭഗവാൻ അന്തിമഹാകാളനു മുമ്പിൽ നേർച്ചക്കാഴ്‌ച സമർപ്പിക്കാനായെത്തുന്നതാണ് കാളവേലകൾ.
ആനയില്ലാത്ത വേലയ്ക്ക് വർണാഭമായ കാളവേലകളാണ് അഴക്. കാളവേലകൾ കാവുതീണ്ടിയശേഷം അന്തിമഹാകാളന് അഭിമുഖമായി കാളയെ ഉയർത്തിയാണ് തിരിച്ച് മടക്കവും. വരും ഞങ്ങള്... വരും ഞങ്ങള്... വരും കൊല്ലത്ത്... പോലേ...ലേലോ... എന്ന കാളപ്പാട്ടുംപാടിയാണ് മടക്കം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..