തൃശ്ശൂർ : ആന ഏക്കത്തുകയിലുണ്ടായ ലക്ഷങ്ങളുടെ വർധന ആനയെഴുന്നള്ളിപ്പുകളെ പ്രതിസന്ധിയിലാക്കിയിരിക്കുന്നുവെന്ന് കേരള ഫെസ്റ്റിവൽ കോ-ഓർഡിനേഷൻ കമ്മിറ്റി ജനറൽ സെക്രട്ടറി വത്സൻ ചമ്പക്കര പത്രസമ്മേളനത്തിൽ ആരോപിച്ചു. മുൻനിരയിലുള്ള ആനകളുടെ ഒരു ദിവസത്തെ ഏക്കത്തുക രണ്ടു ലക്ഷത്തിനു മുകളിലാണ്. അര ലക്ഷം രൂപയ്ക്കുതാഴെ എഴുന്നള്ളിപ്പിന് ആനയെ കിട്ടാത്ത അവസ്ഥയിലാണ് കമ്മിറ്റികൾ. കഴിഞ്ഞ വർഷം ഇരുപതിനായിരത്തിന് കൊടുത്തുകൊണ്ടിരുന്ന ആനകൾക്ക് ഇപ്പോൾ ഒരു ലക്ഷമാണ് ഏക്കം പറയുന്നത്.
പല ഉടമസ്ഥരും ആനയെ ഏജൻറുമാർക്ക് പാട്ടത്തിന് ഏൽപ്പിക്കുകയാണ് ചെയ്യുന്നത്. ഉയർന്ന തുക പറഞ്ഞ് കൊടുക്കുന്ന ആനകളെ ഇരട്ടിത്തുകയ്ക്കാണ് ഉത്സവാഘോഷ കമ്മിറ്റികൾക്ക് ഏജൻറുമാർ മറിച്ചുകൊടുക്കുന്നത്. മത്സരപ്പൂരങ്ങൾ നടത്തുന്ന കമ്മിറ്റികൾ മത്സരിച്ച് ആനകളെ വലിയ തുകയ്ക്ക് ലേലംചെയ്ത് കൊണ്ടുപോകുന്നതും ആനകളുടെ എണ്ണക്കുറവുമാണ് ഏക്കം കൂടുന്നതിന് കാരണം.
ജില്ലയിൽ 67 ആനകളെയാണ് എഴുന്നള്ളിക്കാൻ അനുമതിയുള്ളത്. അഞ്ചും ഏഴും ആനകളെ വെച്ച് ചടങ്ങുകളായി എഴുന്നള്ളിപ്പ് നടത്തുന്ന പല കമ്മിറ്റികളും ആനയെഴുന്നള്ളിപ്പ് ഉപേക്ഷിക്കുകയോ ആനകളുടെ എണ്ണം കുറയ്ക്കുകയോ ചെയ്യേണ്ട നിലയിലാണ്. ആചാരങ്ങളുടെ ഭാഗമല്ലാതെ ആഘോഷങ്ങൾക്ക് അന്പതും അറുപതും ആനകളെ എഴുന്നള്ളിക്കുന്നത് നിയന്ത്രിച്ച് എല്ലാ ക്ഷേത്രങ്ങൾക്കും ആനകളെ ലഭിക്കാൻ സർക്കാരും വനംവകുപ്പും ദേവസ്വങ്ങളും ഇടപെടണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. കെ.എഫ്.സി.സി. വൈസ് പ്രസിഡൻറ് എ.എ. കുമാരൻ, പെരുവനം ആറാട്ടുപുഴ പൂരം സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് രാജീവ് മേനോൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..