നവീകരണമില്ലാതെ കാടുകയറിക്കിടക്കുന്ന വെണ്ണൂർത്തുറ
അന്നമനട : കോടികൾ ചെലവിട്ട് നടത്താനിരുന്ന വെണ്ണൂർത്തുറ നവീകരണപദ്ധതികൾ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് അനിശ്ചിതത്വത്തിൽ. നബാർഡിന്റെ സഹായത്തോടെ 25 കോടിയുടെ നവീകരണമാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാൽ, ഇത്തവണ നബാർഡ് തദ്ദേശസ്ഥാപനങ്ങൾക്ക് ഫണ്ട് നൽകിയിട്ടില്ല.
ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ നടക്കുന്ന പാർശ്വഭിത്തികെട്ടി സംരക്ഷണവും നിലച്ചനിലയിലാണ്. കാൽഭാഗം മാത്രമാണ് നിലവിൽ കെട്ടിസംരക്ഷിച്ചിട്ടുള്ളത്. ഇനിയും അമ്പത് ലക്ഷം കൂടി ചെലവിട്ടാലേ പദ്ധതി പൂർത്തിയാക്കാനാകൂ. ജില്ലാ ആസൂത്രണബോർഡ് അംഗീകരിച്ച രണ്ടുകോടിയുടെ നവീകരണത്തിൽ ഒരുകോടി രൂപയുടെ ആദ്യ ടെൻഡർ ഏറ്റെടുക്കാനാളില്ലാതെ വന്നതോടെ തുടർനടപടികളും അനിശ്ചിതത്വത്തിലാണ്. കാടുകുറ്റി, അന്നമനട, കുഴൂർ ഗ്രാമപ്പഞ്ചായത്തുകളുടെ ജലസ്രോതസ്സെന്നനിലയിലാണ് വെണ്ണൂർത്തുറയുടെ നവീകരണത്തിന് പ്രത്യേക പാക്കേജ് തയ്യാറാക്കിയത്. ഓക്സ്‌ബോ തടാകം മുതൽ കരിക്കാട്ടിച്ചാൽ വരെ നീളുന്ന നവീകരണ പാക്കേജായിരുന്നു ഇത്.
അടുത്തകാലത്ത് ആറുലക്ഷം രൂപയോളം ചെലവിട്ട് തുറയുടെ മുകൾത്തട്ടിലെ കാട് നീക്കിയെങ്കിലും തുടർസംരക്ഷണമില്ലാതെ വന്നതോടെ നവീകരണം പ്രയോജനമില്ലാതെപോയി. കൈയേറ്റങ്ങളും മണ്ണിടിച്ചിലും ഉൾപ്പെടെ ഒട്ടേറേ പ്രതിസന്ധികൾ നേരിട്ട തുറയുടെ നവീകരണത്തിന് പ്രത്യേക സാധ്യതാപഠനവും നടത്തിയിരുന്നു. ത്രിതല പഞ്ചായത്തുകൾക്ക് ഫണ്ട് അനുവദിക്കുന്നതിൽ വന്ന നയംമാറ്റമാണ് പദ്ധതിക്ക് മങ്ങലേൽപ്പിച്ചതെന്നാണ് പറയുന്നത്. ആസൂത്രണബോർഡ് തയ്യാറാക്കിയ പദ്ധതി സയമബന്ധിതമായി ആരംഭിക്കാതെ വന്നതും വിലങ്ങുതടിയായി.
വെണ്ണൂർത്തുറ നവീകരണവുമായി ബന്ധപ്പെട്ട തുടർനടപടികൾക്കായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസിന്റെ നേതൃത്വത്തിൽ ശ്രമം തുടരുമെന്ന് അന്നമനട ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.വി. വിനോദ് പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..